Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണി തിന്നാൻ പോയതിന് പഴികേട്ട കുഞ്ഞാലിക്കുട്ടി ക്ഷീണം തീർത്തത് പൗരത്വ ബില്ലിൽ; പിണറായിയെയും ചെന്നിത്തലയെയും ഒരു പ്രതിഷേധ വേദിയിൽ എത്തിച്ചു താരമായി; പാണക്കാട് തങ്ങൾ കുടുംബത്തെ കളത്തിൽ ഇറക്കി ഡൽഹിയിൽ നിന്നും വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ തന്ത്രം മെനയുന്നു; നിയമസഭാ തെരഞ്ഞെടുപ്പിൽ 'പി.കെ.ട്രിക്ക്' പുറത്തെടുക്കുമ്പോൾ പകരം ലോക്‌സഭയിൽ പോകാൻ വിശ്വസ്തനായ യൂത്ത് ലീഗ് നേതാവും

മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണി തിന്നാൻ പോയതിന് പഴികേട്ട കുഞ്ഞാലിക്കുട്ടി ക്ഷീണം തീർത്തത് പൗരത്വ ബില്ലിൽ; പിണറായിയെയും ചെന്നിത്തലയെയും ഒരു പ്രതിഷേധ വേദിയിൽ എത്തിച്ചു താരമായി; പാണക്കാട് തങ്ങൾ കുടുംബത്തെ കളത്തിൽ ഇറക്കി ഡൽഹിയിൽ നിന്നും വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ തന്ത്രം മെനയുന്നു; നിയമസഭാ തെരഞ്ഞെടുപ്പിൽ 'പി.കെ.ട്രിക്ക്' പുറത്തെടുക്കുമ്പോൾ പകരം ലോക്‌സഭയിൽ പോകാൻ വിശ്വസ്തനായ യൂത്ത് ലീഗ് നേതാവും

ടി പി ഹബീബ്

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് ചൂട് പിടിച്ച പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും ലീഗിനുള്ളിലെ കളികൾ ലീഗിന്റെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുള്ള ചർച്ചയാകുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തിയുക്തം പോരാടുമ്പോഴും അത് പോരാടിയെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് മൂത്ത ലീഗ് നേതാക്കൾ മുതൽ യൂത്ത് ലീഗ് നേതാക്കൾ വരെ. ന്യൂഡൽഹിയിലേക്ക് വിമാനം കയറിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചുവടുകളാണ് പാർട്ടിയിൽ ഇപ്പോൾ അടക്കിപിടിച്ച ചർച്ചയാകുന്നത്. എതിർക്കാൻ ആർക്കും ധൈര്യമില്ലാത്തതുകൊണ്ടോ അതോ ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ട എന്നുള്ളതുകൊണ്ടോ ലീഗിലെ എതിർപ്പ് ഇപ്പോൾ പല നേതാക്കളും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണിയിൽ അഭിരമിച്ചതിന് ഏറെ പഴി കേൾക്കേണ്ടി വന്ന അനുഭവം പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചകത്തുണ്ട്. അതിന്റെ ക്ഷീണം മാസങ്ങളോളം അദേഹത്തെ അലട്ടിയിരുന്നുവെന്ന് അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പോലും പല തവണ വ്യക്തമാക്കിയിരുന്നു. പല പൊതുയോഗങ്ങളിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ പോയ സമയങ്ങളിൽ സെൽഫി എടുക്കാൻ പോലും പ്രവർത്തകർക്ക് വേണ്ട താൽപര്യമുണ്ടായിരുന്നില്ലെന്ന് അദേഹത്തിന്റെ അടുത്ത ആളുകൾ പോലും സൂചിപ്പിച്ചിരുന്നു.

അതിന്റെ ക്ഷീണം മാറ്റാനുള്ള നല്ലൊരു ആയുധമായിട്ടായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെ കുഞ്ഞാലിക്കുട്ടിയും അദേഹത്തിന്റെ ഫാൻസും കണ്ടത്. ഡൽഹി പൊളിറ്റിക്സിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി.യുടെ പ്രസംഗവും ഇടപെടലും തനിക്കുണ്ടാക്കുന്ന മാനസിക ടെൻഷൻ ചില്ലറയൊന്നുമല്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ അറിയാം.അതിനുള്ള വഴിയാണ് ആദ്യം കുഞ്ഞാലിക്കുട്ടി കണ്ടെത്തിയത്. പാർലിമെന്റ് പ്രസംഗത്തിനായി അനുവദിച്ച സമയങ്ങൾ ഇ.ടി.യിൽ നിന്നും പാർട്ടി പദവി ഉപയോഗിച്ച് തട്ടിയെടുക്കുക എന്ന രീതിയാണ് ആദ്യം അവലംബിച്ചത്.

കപിൽസിബൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അമിത് ഷായുടെ മുഖത്ത് നോക്ക് ആർജ്ജവത്തോടെ സംസാരിച്ചപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പി.കെ.കെ.യുടെ പ്രസംഗം പിണറായി വിജയനെ കണ്ട കുഞ്ഞാലിക്കുട്ടിയെ പോലെയാണെന്നാണ് പാർട്ടി അണികൾ സരസമായി പറയുന്നത്.പാർലിമെന്റിൽ ഇ.ടി.യുടെ സമയം കവർന്ന് സംസാരിച്ച കുഞ്ഞാലിക്കുട്ടി എന്നാൽ പിന്നീട് ഡൽഹിയിലെ സമര മുഖത്തൊന്നും കണ്ടില്ല എന്നതാണ് ഏറെ രസാവഹം. അടുത്ത ഫളയ്റ്റിന് കോഴിക്കോട് എത്തിയ കുഞ്ഞാലിക്കുട്ടി മത സംഘനകളുടെ ജാഥയിലും പ്രസംഗത്തിലുമാണ് പിന്നാട് രാഷ്ട്രീയ കേരളം കണ്ടത്.സമരമുഖത്ത് ഇ.ടി.മുഹമ്മദ് ബഷീർ എംപി.യുടെ നിറഞ്ഞ സാന്നിധ്യം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തന്നെ തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു.അപകടത്തിൽ മരിച്ച തന്റെ സഹോദരന്റെ മകളുടെ നിക്കാഹിന് പങ്കെടുക്കാൻ ഇ.ടി.എത്തിയ രീതിയും പിന്നാലെ ഹൈദറാബാദിലും ന്യൂഡൽഹിയിലെയും സമരമുഖത്തേക്ക് പോയതുമൊക്കെ വിപ്ലവ പാർട്ടികൾ പോലും ചെയ്യാത്ത പോരാട്ട വിസ്മയമാണെന്ന് ധ്വനിപ്പിക്കുന്ന രീതിലാണ് മുനവ്വറലി തങ്ങൾ കുറിച്ചത്.

വനിതാ ലീഗിന്റെ സമരമുഖത്ത് ഉദ്ഘാടകനായി എത്തുമെന്ന് അറിയിച്ചിരുന്ന കുഞ്ഞാലിക്കുട്ടി സമസ്ത നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അവസാന ഘട്ടം സമരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റത്തിന് ശേഷമാണ് സ്ത്രീകളുടെ സമരത്തിന്റെ രീതികൾ വിശദീകരിച്ച് കൊണ്ട് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ഫത്വവ പുറപ്പെടുവിച്ചത്. യു.പി.യിലെ പൊലീസ് അതിക്രമത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനവും സുരാജ് വെഞ്ഞാറംമൂടിന്റെ തമാശ പടമായി ചർച്ച ചെയ്യുന്നവരും പാർട്ടിയിലുണ്ട്.അതിക്രമം നടന്ന യു.പി.യിൽ യൂത്ത് ലീഗ് ദേശീയ നേതാക്കൾ നടത്തിയ സന്ദർശനത്തിൽ ലഭിച്ച വിവരങ്ങളാണ് പത്രക്കാരെ വിളിച്ച് വിശദീകരിച്ചത്.

യു.പി.യിലെ കാര്യങ്ങൾ വിളിച്ച് പറയാൻ നല്ലത് ഡൽഹിയാണെന്ന് യൂത്ത് ലീഗിന്റെ ചില ദേശീയ നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ ഉപദേശിച്ചെങ്കിലും പാർലിമെന്റ് സമയത്തല്ലാതെ ഡൽഹിയിലേക്ക് പോവുകയില്ലെന്ന മറുപടിയാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത വ്യത്തങ്ങൾ യൂത്ത് ലീഗ് ദേശീയ നേതാക്കൾക്ക് നൽകിയത്.അങ്ങനെ യു.പി.യിലെ പൊലീസ് അതിക്രമത്തിന്റെ ദയനീയ കഥ കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാലയെ ഇരുത്തി കുഞ്ഞാലിക്കുട്ടി വിശദീകരിക്കുകയായിരുന്നു.യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈറിന്റെ പേർ സ്ഥാനത്തും അസ്ഥാനത്തും കുഞ്ഞാലിക്കുട്ടി വിളിച്ചു പറഞ്ഞതിലും രാഷ്ട്രീയമുണ്ടെന്ന് ലീഗ് വ്യത്തങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറത്തെ പാർലിമെന്റ് മെമ്പറായി പ്രവർത്തിക്കുമ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വീണ്ടും നോട്ടമിടുന്നതായാണ് അടക്കിപ്പിടിച്ച സംസാരം. ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരെ കൊണ്ട് പാണക്കാട് ഹൈദറി തങ്ങളോട് റെക്കമെന്റ് ചെയ്യിച്ചു. അത് നടക്കാതെ വന്നപ്പോൾ പാണക്കാട് കുടംബത്തിൽ നിന്നു തന്നെ റെക്കമന്റ് പോയി. അത് വേണ്ട രീതിയിയൽ ഏശാതെ വന്നപ്പോളാണ് പുതിയ 'പി.കെ.ട്രിക്ക് ' എടുക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്. ഡൽഹി മതിയാക്കാനായെന്ന ധ്വനി നൽകുമ്പോഴും പകരക്കാരായി യൂത്ത് ലീഗിലെ ചിലരെ വളർത്തി കൊണ്ട് വരാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈറിനെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തപ്പോൾ നടത്തിയ നാടകങ്ങൾ പാർട്ടിക്ക് തന്നെ ഏറെ നാണക്കേടാണുണ്ടാക്കിയെന്ന് പാർട്ടിക്കാർ തന്നെ വിശദീകരിക്കുന്നു.

ഫെയ്സ് ബുക്ക് ലൈവിൽ വന്ന് തന്നെ അറസ്റ്റ് ചെയ്ത് കോണ്ട് പോകുന്നുവെന്ന് കരഞ്ഞ് കൊണ്ട് പറയുന്ന നേതാവായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ മാറിയത് ശരിയായില്ലെന്ന അഭിപ്രായം പാർട്ടിയിലെ ഉന്നത നേതാക്കൾക്കുമുണ്ട്. ഡൽഹിയിലെ പൊലീസിനോട് കൈചൂണ്ടി സംസാരിച്ച പെൺകുട്ടിയുടെ ഉശിരെങ്കിലും നേതാവിന് ഇല്ലാതെ പോയത് നാണക്കേടാണെന്ന് പാർട്ടി അണികൾ പറയുന്നു. മംഗലാപുരത്ത് കലാപ പ്രദേശങ്ങളിൽ സന്ദർശിച്ചതായി പറയുന്ന കുഞ്ഞാലിക്കുട്ടി എന്നാൽ മംഗലാപുരത്ത് പോയത് കല്ല്യാണത്തിനാണെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും നന്നായി അറിയാം.കെ.എം.സി.സി.നേതാവ് യഹ്യ തളങ്കരയുടെ കല്ല്യാണത്തിനാണ് കുഞ്ഞാലിക്കുട്ടി മംഗലാപുരത്ത് എത്തിയതെന്നും കോഴിക്കോടത്തെ പത്രസമ്മേളനത്തിൽ അത് ലീഗ് നേതാവിന്റെ സന്ദർശനമായി അത് മാറുകയായിരുന്നുവെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP