Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നതിൽ അതിരോഷാകുലരായി കണ്ണൂരിലെ അണികൾ; വിഎസിനെ ഒതുക്കിയ തന്ത്രം പാർട്ടിക്കായി ജീവൻ ഒഴിഞ്ഞുവെച്ച നേതാവിൽ പയറ്റേണ്ടെന്ന് പരസ്യമായി പറഞ്ഞ് പ്രവർത്തകർ; ജയരാജനെ മൂലക്കിരുത്താൻ ശ്രമിച്ചാൽ പാർട്ടിക്ക് ബംഗാളിന്റെ അവസ്ഥയെന്നും മുന്നറിയിപ്പ്; എം വി ഗോവിന്ദനും ശ്യാമളക്കും എതിരായ അമർഷവും സഖാക്കളുടെ ജയരാജ പ്രേമത്തിന് കരുത്തു പകരുന്നു; പിന്തുണയുമായി എത്തുന്ന അണികളെ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി ജയരാജൻ

പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നതിൽ അതിരോഷാകുലരായി കണ്ണൂരിലെ അണികൾ; വിഎസിനെ ഒതുക്കിയ തന്ത്രം പാർട്ടിക്കായി ജീവൻ ഒഴിഞ്ഞുവെച്ച നേതാവിൽ പയറ്റേണ്ടെന്ന് പരസ്യമായി പറഞ്ഞ് പ്രവർത്തകർ; ജയരാജനെ മൂലക്കിരുത്താൻ ശ്രമിച്ചാൽ പാർട്ടിക്ക് ബംഗാളിന്റെ അവസ്ഥയെന്നും മുന്നറിയിപ്പ്; എം വി ഗോവിന്ദനും ശ്യാമളക്കും എതിരായ അമർഷവും സഖാക്കളുടെ ജയരാജ പ്രേമത്തിന് കരുത്തു പകരുന്നു; പിന്തുണയുമായി എത്തുന്ന അണികളെ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി ജയരാജൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: അണികളുടേയും അനുഭാവികളുടേയും പൾസറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന നേതാവാണ് പി.ജയരാജൻ. ജയരാജനെ പാർട്ടിയല്ല ആര് നോവിച്ചാലും അത് കണ്ട് നിൽക്കാൻ സിപിഎം. കാർക്കാവില്ല. പാർട്ടി പ്രവർത്തകരെ മതിലിനപ്പുറം നിർത്തി നേതാവാകുന്ന ശീലം ജയരാജന് ഇല്ല. കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായതു മുതൽ ജയരാജൻ അണികൾക്ക് പ്രിയങ്കരനായിരുന്നു. പെരുമാറ്റത്തിലും ജീവിതത്തിലും അദ്ദേഹം പുലർത്തുന്ന ലാളിത്യം സിപിഎം. പ്രവർത്തകരെ അദ്ദേഹത്തോടടുപ്പിക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ സിപിഎം. കാർ അദ്ദേഹത്തെ നെഞ്ചോട് ചേർത്തു നിർത്തുന്നു. സംസ്ഥാന കമ്മിറ്റി ജയരാജനെതിരെ വിമർശനം ഉന്നയിച്ചതുകൊണ്ടൊന്നും ജയരാജനോടുള്ള അടുപ്പത്തിന് മാറ്റമുണ്ടാകില്ല. കണ്ണൂരിലെ അണികൾ ജയരാജന്റെ വീട്ടിലേക്കും ജയരാജൻ പോകുന്ന സ്ഥലങ്ങളിലേക്കും അദ്ദേഹത്തെ കാണാനെത്തുന്നുണ്ട്. എന്നാൽ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി അവരെ തിരിച്ചയക്കുകയാണ് അദ്ദേഹം.

ആഡംബരത്തിൽ മതിമറക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാർക്ക് ഒരു മാതൃക തന്നെയാണ് പ്രവർത്തകർക്ക് അദ്ദേഹം. തട്ടുകടയെന്നോ നാടൻ ഹോട്ടലെന്നോ ഭേദമില്ലാതെ പാർട്ടിക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്ന നേതാവ്. പാർട്ടി ഓഫീസിലെ കഞ്ഞി കുടിക്കുന്നതിലും ജയരാജന് മടിയൊന്നുമില്ല. പ്രവർത്തനം കൊണ്ടും പ്രസംഗം കൊണ്ടും ഇത്രയും ജനകീയനായ ജില്ലാ സെക്രട്ടറി സമീപകാലത്തൊന്നും കണ്ണൂരിൽ സിപിഎം. നെ നയിച്ചിട്ടില്ല. ജയരാജനുള്ള ജനപ്രീതി കണ്ണൂരും കടന്ന് കാസർഗോഡും കോഴിക്കോടും അലയടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ കോടതി പ്രവേശനം വിലക്കിയപ്പോൾ കാസർഗോഡ് ഉദുമയിൽ പ്രസംഗിക്കാൻ ജയരാജൻ ക്ഷണിക്കപ്പെട്ടിരുന്നു.

കോഴിക്കോടു നിന്നും വയനാട് വഴി കുടകിലൂടെ കാസർഗോഡ് എത്തുകയായിരുന്നു. ജയരാജന്റെ വളർച്ചയിലും പ്രവർത്തക പ്രീതിയിലും പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് പോലും അസൂയയുണ്ടായിരുന്നു. അതിലെ പ്രൊഫഷണൽ ജലസി കൊണ്ട് ജയരാജനെ അടിച്ചിരുത്താനുള്ള ചില ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് പാർട്ടി ജില്ലാ സെക്രട്ടറിയെ കാണാൻ ഓഫീസ് സെക്രട്ടറിക്ക് മുന്നിൽ കാത്തു കഴിയേണ്ട അവസ്ഥയായിരുന്നു കണ്ണൂരിലേത്. ഒരു പരിധിവരെ അതിൽ നിന്നും വേറിട്ട് നിന്നത് ഇ.പി.ജയരാജനും പി.ശശിയുമാണ്. തുടർന്ന് പി.ജയരാജൻ സ്ഥാനമേറ്റതോടെ ജില്ലയിലെ പാർട്ടിയിൽ ശക്തമായ യുവജന മുന്നേറ്റമുണ്ടായി. യുവാക്കളെ പാർട്ടിയിലേക്ക് പരിഗണിക്കുന്നതിലും ഡി.വൈ. എഫ്.ഐ. ക്കാരെ വളർത്തിയെടുക്കുന്നതിലും ജയരാജൻ ബദ്ധ ശ്രദ്ധനായിരുന്നു.

രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ല എന്ന കണ്ണൂരിന്റെ സ്ഥാനം പ്രതിസന്ധിക്കിടയിലും നിലനിർത്താൻ ജയരാജന് കഴിഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കുന്നതിൽ ഇത്രയേറെ വിജയിച്ച സിപിഎം. ജില്ലാ സെക്രട്ടറി വേറെയില്ല. മക്കൾ കാരണം പാർട്ടിക്ക് പല ഘട്ടത്തിലും കളങ്കമേൽപ്പിച്ചവരാണ് കണ്ണൂരിൽ നിന്നുള്ള സംസ്ഥാനനേതാക്കളിൽ ഏറെ പേരും. പാർട്ടി ഗ്രാമമായ കീഴാറ്റൂർ വയൽക്കിളി സമരം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ ജയരാജൻ നടത്തിയ ശ്രമം വിജയിക്കാതെ പോയതിൽ കേന്ദ്രകമ്മിറ്റി അംഗമായ എം വി ഗോവിന്ദൻ മാസ്റ്റർക്ക് വലിയ പങ്കുണ്ട്. പി.ജയരാജൻ സമരത്തെ തള്ളി പറഞ്ഞെങ്കിലും പ്രവർത്തകരെ അനുനയിപ്പിക്കാൻ അവരുടെ വീടുകളിൽ നേരിട്ട് പോയി ശ്രമം നടത്തിയിരുന്നു. എന്നാൽ അതിന് വിരുദ്ധമായിരുന്നു ഗോവിന്ദൻ മാസ്റ്റരുടെ സമീപനം. അതോടെ കീഴാറ്റൂരിൽ എല്ലാം പിഴച്ചു.

അതിന് ശേഷം വന്ന ആന്തൂരിലെ പ്രശ്നത്തിൽ വിശദീകരണ യോഗത്തിൽ സ്വയം കുറ്റസമ്മതം നടത്തി പരിഹരിക്കാനായിരുന്നു പി.ജയരാജൻ ശ്രമിച്ചത്. തെറ്റുപറ്റിയാൽ തിരുത്തുക എന്ന കമ്യൂണിസ്റ്റ് ശൈലി സ്വീകരിച്ച് എല്ലാം നേരെയാക്കാൻ ഈ പ്രദേശത്തെ ജനമനസ്സറിഞ്ഞ ജയരാജൻ യത്നിച്ചിരുന്നു. ആന്തൂരിലെ പാർട്ടിക്കാരുൾപ്പെടെയുള്ള ജനങ്ങൾ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ പ്രതിസ്ഥാനത്തു നിർത്തുമ്പോഴാണ് പി.ജയരാജൻ പരസ്യമായ കുറ്റസമ്മതം നടത്തിയത്. ജില്ലാ സെക്രട്ടറി എം. വി.ജയരാജനും സമാന രീതിയിലാണ് പ്രസംഗിച്ചത്. ഭരണ സമിതിക്ക് അനുകൂലമായി നിലകൊള്ളുന്നവർ പാർട്ടി നൽകിയ അധികാരവും ജോലിയും കൈവശമുള്ളവർ മാത്രമാണ്. ബഹുജനങ്ങളെ എതിർ ചേരിയിലാക്കിയുള്ള തീരുമാനം പാർട്ടിക്ക് ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാണ് പി.ജയരാജൻ അത്തരത്തിലൊരു നിലപാടെടുത്തത്. പാർട്ടി പറയുന്നത് എന്തും അനുസരിക്കുമെന്ന കാലം കഴിഞ്ഞുവെന്നാണ് ആന്തൂർ പഠിപ്പിക്കുന്നത്.

ഒളിഞ്ഞും തെളിഞ്ഞും ചെയർപേഴ്സനെതിരെ ജനങ്ങൾ പ്രതികരിക്കുന്നുണ്ടെന്നാണ് വസ്തുത. ജയരാജൻ അറിഞ്ഞുകൊണ്ട് പാർട്ടി വിരുദ്ധനാകില്ല. എന്നാൽ ജയരാജനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി കടുത്ത നിലപാടെടുത്താൽ ശക്തമായ തിരിച്ചടി നൽകാൻ പ്രവർത്തകർ ഒപ്പം നിൽക്കും. വി എസ്. അച്യുതാനന്ദനെ മൂലയിൽ ഒതുക്കിയതുപോലെ ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നത് പാർട്ടിയിൽ വലിയ തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിപ്പിച്ചതും ആ സമയത്ത് ജില്ലാ സെക്രട്ടറി സ്ഥാനം എം. വി.ജയരാജന് നൽകിയതുമൊക്കെ പ്രവർത്തകരോഷം ക്ഷണിച്ചു വരുത്തിയിരുന്നു. ജയരാജനെ മൂലക്കിരുത്താൻ ശ്രമിക്കുന്നത് കേരളത്തിലെ പാർട്ടിയെ ബംഗാളിന്റെ അവസ്ഥയിലേക്ക് എത്തിക്കാനേ പര്യാപ്തമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP