Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പം ജയരാജ ചിത്രം; കൂട്ടിന് ചെഗുവേരയും; പിജെയുടെ ജന്മനാടായ കതിരൂരിലെ കൂർമ്പക്കാവ് താലപ്പൊലി ഉത്സവ ദിവസം നേതാവും ക്ഷേത്രത്തിൽ; വ്യക്തിപൂജയിൽ സിപിഎം അന്വേഷണം ചെന്താരകത്തെ പൂട്ടാൻ; പിജെ ആർമി ഇപ്പോഴും സജീവമെന്ന് വിലയിരുത്തൽ; കണ്ണൂരിൽ വീണ്ടും വിഭാഗീയത

തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പം ജയരാജ ചിത്രം; കൂട്ടിന് ചെഗുവേരയും; പിജെയുടെ ജന്മനാടായ കതിരൂരിലെ കൂർമ്പക്കാവ് താലപ്പൊലി ഉത്സവ ദിവസം നേതാവും ക്ഷേത്രത്തിൽ; വ്യക്തിപൂജയിൽ സിപിഎം അന്വേഷണം ചെന്താരകത്തെ പൂട്ടാൻ; പിജെ ആർമി ഇപ്പോഴും സജീവമെന്ന് വിലയിരുത്തൽ; കണ്ണൂരിൽ വീണ്ടും വിഭാഗീയത

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ക്ഷേത്രോത്സവത്തിന്റെ കലശ ഘോഷയാത്രയിൽ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയതു പാർട്ടിക്കുള്ളിൽ വിവാദമായി. പി.ജയരാജന്റെ ജന്മനാടായ കതിരൂരിലെ കൂർമ്പക്കാവ് താലപ്പൊലി ഉത്സവ ഘോഷയാത്രയിലാണു പാർട്ടി പതാകയും പി.ജയരാജന്റെ ചിത്രവും ചെ ഗവാരയുടെ ചിത്രവും ഉൾപ്പെടുത്തിയത്. ജയരാജനും ഉത്സവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് വിവാദങ്ങൾക്ക് പുതിയ തലം നൽകുകയാണ്. വ്യക്തിപൂജയിൽ വീണ്ടും പിജെ കുടുങ്ങുകയാണ്. ചെന്താരകത്തെ തളയ്ക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ മാറ്റാനാണ് രാഷ്ട്രീയ എതിരാളികളുടെ ശ്രമം.

പുല്യോട് വെസ്റ്റ് പാട്യം നഗറിലുള്ള പാർട്ടി പ്രവർത്തകരാണ് ഇതു ചെയ്തത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം രംഗത്തു വന്നു. വിശ്വാസം രാഷ്ട്രീയവൽക്കരിക്കരുതെന്നു ജില്ലാ സെക്രട്ടറി എം വിജയരാജൻ അണികൾക്കു നിർദ്ദേശം നൽകി. ഇത് പിജെയ്‌ക്കെതിരായ നീക്കത്തിന്റെ തുടക്കമാണ്. അടുത്ത ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിക്കും. ജയരാജന് പിഴവുണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യും. വ്യക്തിപൂജയുടെ പേരിൽ നേരത്തേ പാർട്ടി നടപടിക്കു വിധേയനായ പി.ജയരാജനെയാണു കലശ വിവാദം ബാധിച്ചത്. പി.ജയരാജൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തിൽ ഉണ്ടായിരുന്നു. കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രവും ചിഹ്നങ്ങളും ഉൾപ്പെടുത്തിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് എം വി ജയരാജൻ പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല, അദ്ദേഹം പറഞ്ഞു. സ്വയം മഹത്വവത്കരിക്കുന്നെന്ന് ആരോപിച്ച് പി. ജയരാജനെതിരേ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ജയരാജനെ വാഴ്‌ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും പ്രചരിച്ചതും വിവാദമായിരുന്നു.

ക്ഷേത്രത്തിൽ പിജെ എത്തിയിരുന്നോ എന്നതിൽ പാർട്ടി വ്യക്തത വരുത്തും. അതിന് ശേഷമാകും നടപടികളിലേക്ക് കടക്കുക. മാർച്ച് 12,13,14 തീയതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. ഇതിൽ പതിമൂന്നാം തീയതിയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കലശമെഴുന്നള്ളിപ്പും കാഴ്‌ച്ചവരവും കാവിലേക്ക് നടന്നത്. ഇതിൽ പാട്യം നഗറിൽ നിന്നെടുത്ത കലശത്തിലാണ് സിപിഎം കൊടിയോടൊപ്പം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുള്ള കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പി ജയരാജനെ ആരാധിക്കുന്ന പി ജെ ആർമിയുമയി ബന്ധമുള്ള പ്രവർത്തകരാണ് കലശമെഴുന്നള്ളിപ്പിന് പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ ഉത്സവ സ്ഥലങ്ങളിൽ വ്യാപകമായി പി ജയരാജന്റെ ചിത്രമുള്ള ബോർഡുകൾ ഉയർത്തുന്നുണ്ട്. കുരുംബഭഗവതി ക്ഷേത്രങ്ങളിലെ കാഴ്‌ച്ചവരവിൽ പാർട്ടിക്കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള കലശങ്ങൾ എഴുന്നള്ളിക്കുന്നത് സിപിഎം നേതൃത്വം വിലക്കിയിരുന്നുവെങ്കിലും അതനുസരിക്കാതെ ഇത്തവണയും സമാനമായ കലശങ്ങൾ പ്രവർത്തകർ എഴുന്നള്ളിക്കുകയായിരുന്നു.

മുഴപ്പിലങ്ങാട് കുരുംബഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ കാഴ്ചക്കലശം വരവിൽ സിപിഎമ്മിനെ കൂടാതെ കോൺഗ്രസ്, ബിജെപി പാർട്ടിക്കലശങ്ങളുമുണ്ടായിരുന്നു. മുമ്പു മയ്യിൽ കലാകൂട്ടായ്മ പുറത്തിറക്കിയ പി ജയരാജനെ വാഴ്‌ത്തിപ്പാടുന്ന സംഗീത ആൽബം വിവാദമായിരുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP