Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ സീറ്റു പോയ പി ജെ കുര്യൻ തിരുവല്ല നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് പണി തുടങ്ങി; കോൺഗ്രസിനെ വെല്ലുവിളിച്ച് തുടരുന്ന തിരുവല്ല നഗരസഭ ചെയർമാനെ നീക്കാൻ അവിശ്വാസം; ഭരണം മാണിഗ്രൂപ്പിന് നൽകി പിന്തുണ ആർജിക്കാൻ നീക്കം; പുറത്താക്കിയ രണ്ടു കൗൺസിലർമാരെ അവിശ്വാസത്തെ അനുകൂലിക്കാമെന്ന ഉറപ്പിൽ തിരിച്ചെടുത്ത് കോൺഗ്രസ്

രാജ്യസഭാ സീറ്റു പോയ പി ജെ കുര്യൻ തിരുവല്ല നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് പണി തുടങ്ങി; കോൺഗ്രസിനെ വെല്ലുവിളിച്ച് തുടരുന്ന തിരുവല്ല നഗരസഭ ചെയർമാനെ നീക്കാൻ അവിശ്വാസം; ഭരണം മാണിഗ്രൂപ്പിന് നൽകി പിന്തുണ ആർജിക്കാൻ നീക്കം; പുറത്താക്കിയ രണ്ടു കൗൺസിലർമാരെ അവിശ്വാസത്തെ അനുകൂലിക്കാമെന്ന ഉറപ്പിൽ തിരിച്ചെടുത്ത് കോൺഗ്രസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പിജെ കുര്യൻ പണി തുടങ്ങി. തിരുവല്ല നഗരസഭയിൽ, കോൺഗ്രസിനെ വെല്ലുവിളിച്ച് തുടരുന്ന ചെയർമാൻ കെവി വർഗീസിനെ അവിശ്വാസം കൊണ്ടു വന്ന് നീക്കി, പകരം മാണി ഗ്രൂപ്പിലെ ചെറിയാൻ പോളച്ചിറയ്ക്കലിനെ ആ കസേരയിൽ ഇരുത്താനുമുള്ള നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് ജനവിധി തേടാനാണ് കുര്യന്റെ നീക്കം.

വിഘടിച്ചു നിൽക്കുന്ന കേരളാ കോൺഗ്രസിനെ (എം) ഒന്നിപ്പിച്ച്, ആ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് നഗരസഭയിൽ ഭരണമാറ്റത്തിന് തുടക്കമിടുന്നത്. തിരുവല്ല നഗരസഭാ ഭരണം കോൺഗ്രസും കേരളാ കോൺഗ്രസും രണ്ടര വർഷം വീതം പങ്കിടാമെന്ന് ധാരണയുണ്ടായിരുന്നു. ആദ്യ രണ്ടര വർഷം കോൺഗ്രസിനും ശേഷിച്ച കാലം മാണിഗ്രൂപ്പിനുമെന്നതായിരുന്നു ധാരണ. അതിൽ തന്നെ കോൺഗ്രസിന് ലഭിക്കുന്ന രണ്ടര വർഷത്തിൽ ഒന്നേകാൽ വർഷം വീതം രണ്ടു പേരാണ് ചെയർമാൻ സ്ഥാനത്തേക്ക് ധാരണ പ്രകാരം ഉണ്ടായിരുന്നത്.

ആദ്യ ടേം കെവി വർഗീസിനും രണ്ടാം ടേം ആർ ജയകുമാറിനുമായിരുന്നു. എന്നാൽ തന്റെ കാലാവധി കഴിഞ്ഞിട്ടും കെവി വർഗീസ് സ്ഥാനമൊഴിയാൻ തയാറായില്ല. ഡിസിസി ,കെപിസിസി നേതൃത്വം, പത്തനംതിട്ടയിലെ കോൺഗ്രസുകാരുടെ താത്വികാചാര്യൻ പിജെ കുര്യൻ എന്നിവർ കിണഞ്ഞു ശ്രമിച്ചിട്ടും വർഗീസ് രാജിവച്ചില്ല. ഒടുവിൽ, ഭരണപക്ഷം തന്നെ ചെയർമാനെതിരേ അവിശ്വാസം കൊണ്ടു വന്നു. വിപ്പ് ലംഘിക്കാതെ തന്നെ കെവി വർഗീസ് അവിശ്വാസം പരാജയപ്പെടുത്തി. കോൺഗ്രസിലെ മൂന്നും മാണിഗ്രൂപ്പിലെ രണ്ടും പ്രതിപക്ഷത്തെ മുഴുവൻ കൗൺസിലർമാരെയും യോഗത്തിനെത്താതെ മുക്കിയാണ് വർഗീസ് അവിശ്വാസം പരാജയപ്പെടുത്തിയത്.

39 അംഗ കൗൺസിലിൽ അവിശ്വാസം വിജയിക്കാൻ 20 വോട്ട് മതിയായിരുന്നു. യുഡിഎഫിന് 22 കൗൺസിലർമാർ ഉണ്ടായിരുന്നു താനും. എന്നാൽ, പ്രമേയത്തെ അനുകൂലിച്ച് 18 വോട്ടാണ് കിട്ടിയത്. ഇതിൽ ഒരു എസ്ഡിപിഐ കൗൺസിലറുടെ വോട്ടുകൂടി ഉൾപ്പെടുന്നു. കസേരയിൽ തുടർന്ന ചെയർമാൻ ഡിസിസിയെ വെല്ലുവിളിക്കുകയും ചെയ്തു. അഞ്ചു വർഷവും താനായിരിക്കും ചെയർമാൻ എന്ന് ആവർത്തിക്കുകയും ചെയ്തു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത രണ്ടു കൗൺസിലർമാരെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തു. ഇതോടെ വെട്ടിലായത് മാണിഗ്രൂപ്പാണ്. വർഗീസ് രാജിവയ്ക്കാത്തതു കൊണ്ട് തങ്ങൾക്ക് അനുവദിക്കപ്പെട്ട രണ്ടര വർഷം മാണിഗ്രൂപ്പിന് ചെയർമാൻ സ്ഥാനം കിട്ടാതെ വരികയും ചെയ്തു.

നിലവിൽ ധാരണ പ്രകാരമുള്ള കാലാവധി അവസാനിച്ചിട്ട് 10 മാസം കഴിഞ്ഞു. തങ്ങൾക്ക് ഇനിയുള്ള സമയം ഭരണം കിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉറപ്പിച്ച സമയത്താണ് രക്ഷകനായി കുര്യൻ അവതരിച്ചത്. എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അഖിലേന്ത്യാ നേതാവ് നേരെ തിരുവല്ലയിലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. കെവി വർഗീസുമായി സന്ധിസംഭാഷണം നടത്തി രാജിവയ്‌പ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. നടക്കാതെ വന്നതോടെ വീണ്ടും അവിശ്വാസം കൊണ്ടു വരാൻ തീരുമാനിച്ചു. എന്നാൽ, ഇതിന് മുന്നൊരുക്കം വേണ്ടി വന്നു. പുറത്താക്കപ്പെട്ട മൂന്നു കോൺഗ്രസ് കൗൺസിലർമാരുടെ വോട്ടില്ലാതെ അവിശ്വാസം വിജയിപ്പിക്കാൻ കഴിയില്ല.

ഇവർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസും നടക്കുന്നുണ്ട്. ഇവരെ തിരിച്ചെടുക്കുകയാണ് ആദ്യം കുര്യൻ ചെയ്തത്. വർഗീസുമായി ചെയർമാൻ സ്ഥാനം പങ്കിടാൻ നിശ്ചയിച്ചിരുന്ന ആർ ജയകുമാർ ഇതിന് എതിരു നിന്നു. തന്നെ കസേരയിൽ നിന്നൊഴിവാക്കാൻ കൂട്ടു നിന്ന കൗൺസിലർമാരെ തിരികെ എടുക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു ജയകുമാർ. അവിടെയും കുര്യൻ ഇടപെട്ടു. ജയകുമാറിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാക്കി സമാധാനിപ്പിച്ചു. മൂന്നു കൗൺസിലർമാരെയും തിരിടെ എടുത്തു. അവിശ്വാസത്തിന് നോട്ടീസും നൽകി. ഇനി അവിശ്വാസം പാസാകും.

മാണിഗ്രൂപ്പിന് ഭരണം കിട്ടുകയും ചെയ്യും. ഇതോടെ മാണിഗ്രൂപ്പുകാർക്കിടയിൽ മൈലേജ് കിട്ടിയിരിക്കുന്നത് കുര്യനാണ്. ഉമ്മൻ ചാണ്ടി കേന്ദ്രനേതൃത്വത്തിലേക്ക് മാറിയ സ്ഥിതിക്ക് എ ഗ്രൂപ്പിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ഒരുക്കത്തിലാണ് കുര്യൻ. മൽസരിക്കാൻ സ്വന്തം തട്ടകമായ തിരുവല്ല വിട്ടു മറ്റൊരിടത്ത് മൽസരിക്കാനുമില്ലെന്ന നിലപാടാണ് കുര്യന്. തിരുവല്ലയിൽ വിജയിക്കണമെങ്കിൽ മാണിഗ്രൂപ്പിന്റെ പിന്തുണ കൂടിയേ കഴിയൂവെന്നും കുര്യന് അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP