Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിൽ കെ എം മാണിക്കെതിരെ സൗഹൃദ മത്സരത്തിന് തയ്യാറെന്ന് പി സി ജോർജ്; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഗണേശിന് വിപ്പ് നൽകുമെന്ന് ഉണ്ണിയാടൻ

പാലായിൽ കെ എം മാണിക്കെതിരെ സൗഹൃദ മത്സരത്തിന് തയ്യാറെന്ന് പി സി ജോർജ്; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഗണേശിന് വിപ്പ് നൽകുമെന്ന് ഉണ്ണിയാടൻ

തിരുവനന്തപുരം: യുഡിഎഫിൽ തന്നെ തുടർന്നാലും പാലായിൽ കെ എം മാണിക്കെതിരെ മത്സരിക്കുമെന്ന് പി സി ജോർജ്. ഇനി ഒരു വർഷം തികയുമ്പോൾ കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുണരും. അന്ന് എല്ലാവരും ഉറ്റു നോക്കുന്ന പോരാട്ടങ്ങളിലൊന്ന് പാലായിലേതും മറ്റൊന്ന് തൊട്ടയൽപ്പക്ക സീറ്റായ പൂഞ്ഞാറിലേതുമായിരിക്കും. കെ.എം. മാണി വീണ്ടും പാലായിലെ കളത്തിലിറങ്ങിയാൽ എക്‌സ് എംഎൽഎ ആയി അറിയപ്പെടുമെന്നാണ് പി. സി. ജോർജ് പറയുന്നത്.

അതിനിടെ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ കെ ബി ഗണേശ് കുമാറിനും വിപ്പ് നൽകാൻ ആലോചനയുണ്ടെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. യു.ഡി.എഫിന് വോട്ടു ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടയാളാണ് പി.സി ജോർജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപതിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വയലാർ രവി, പി.വി അബ്ദുൽ വഹാബ് എന്നിവർക്ക് വോട്ടു ചെയ്യണമെന്ന അഭ്യർത്ഥിച്ച് പി.സി ജോർജ് അടക്കം 73 യു.ഡി.എഫ് എംഎ‍ൽഎമാർക്ക് ചീഫ് വിപ്പ് കത്ത് അയച്ചു തുടങ്ങി. ഈ കത്ത് ഗണേശിനും അയക്കും. ഗണേശിന് വിപ്പ് നൽകാനും ആലോചനയുണ്ട്.

അതാതു പാർട്ടികളുടെ വിപ്പുമാരും വിപ്പ് നൽകുമെന്ന് ഉണ്ണിയാടൻ കൂട്ടിച്ചേർത്തു. അതേ സമയം ഗണേശിന് വിപ്പ് നൽകാൻ യു.ഡി.എഫ് ആലോചിക്കുന്നുവെങ്കിലും നിയമപരമായി ഗണേശിന് അത് പാലിക്കേണ്ടതില്ല. അതാതു പാർട്ടികളുടെ വിപ്പ് ലംഘിച്ചാൽ മാത്രമേ പ്രശ്‌നമുള്ളൂ. കേരള കോൺഗ്രസ് (ബി) യുഡിഎഫ് വിടുന്നതായി ആർ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതിനു ശേഷം ഗണേശ് മുന്നണിയിൽ ഇല്ലാതെയാണ് നിയമസഭയിൽ നിലനിൽക്കുന്നത്. കേരള കോൺഗ്രസ് (ബി)ക്കുള്ള ഒരേയൊരു എംഎൽഎയാണ് ഗണേശ്‌കുമാർ. മുന്നണിയിൽ ഇല്ലാത്തതിനാൽ ഗണേശിന് വിപ് ബാധകമാകില്ല.

ജോർജിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ കേരള കേൺഗ്രസ് എം തയ്യാറെടുക്കുന്നതിനിടെയാണ് മത്സരിക്കാനുള്ള നീക്കം. കെ.എം. മാണിയെ തോൽപ്പിക്കാൻ പാലായിൽ സ്വന്തം ബ്രിഗേഡുകളെ ഇറക്കാനുള്ള കരുക്കൾ നീക്കാനാണ് പി സി ജോർജിന്റെ തീരുമാനം. പി സി ജോർജിന്റെ തട്ടകമായ പൂഞ്ഞാർ പഞ്ചായത്തിലെ ചില വാർഡുകൾ പാല മണ്ഡലത്തിലാണ്. ഇതാണ് പി സിയുടെ തുറുപ്പു ചീട്ട്.

തുടർച്ചയായി കഴിഞ്ഞ നാലു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലായിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം കുറഞ്ഞു വരുന്നുവെന്നതും പി സി ജോർജിനെ സന്തോഷിപ്പിക്കുന്നുണ്ട്. അതേസമയം മുന്നണി മാറി യുഡിഎഫിന്റെ ആളായി ഗോദായിൽ നിന്നപ്പോഴും അതിനു മുമ്പ് പി.ജെ. ജോസഫിനോട് സലാം പറഞ്ഞ് സെക്കുലർ ഒറ്റയാനായി എൽഡിഎഫിൽ തന്നെ നിന്നപ്പോഴും പൂഞ്ഞാറുകാർ തന്നെ കൈവിട്ടില്ലെന്ന ആത്മവിശ്വാസം പി സി ജോർജിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP