Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

പി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനം

പി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കുന്ന പി സി ജോർജ്ജ് കാത്തിരുന്ന് മടുത്ത അവസ്ഥയിൽ. എത്രയും വേഗം മുന്നണി പ്രവേശനം വേണമെന്ന നിലപാടിലാണ് അദ്ദേഹം. യു.ഡി.എഫ്. പ്രവേശത്തിനുള്ള അവസാനത്തെ വിളികാത്തിരിക്കുകായണ് ജനപക്ഷം. 24 വരെ കാത്തിരിക്കാനാണ് പാർട്ടിക്ക് കിട്ടിയ നിർദ്ദേശം. മുന്നണിപ്രവേശനത്തിനുള്ള ക്ഷണമുണ്ടായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് പാർട്ടി.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനത്തിനുശേഷം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനപക്ഷം. കാപ്പന്റെ കാര്യത്തിലും ഉടൻ തന്നെ തീരുമാനമുണ്ടാകും. ഒപ്പംകൂട്ടാൻ യു.ഡി.എഫ്. തീരുമാനിച്ചാൽ പി.സി. ജോർജ് പൂഞ്ഞാറിൽ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചേക്കും. തീരുമാനം മറിച്ചായാൽ ജനപക്ഷം സ്ഥാനാർത്ഥിയായിത്തന്നെ ജോർജ് ജനവിധി തേടും. പി.സി. ജോർജിനെ മുന്നണിയിലെടുക്കേണ്ടെന്ന കോട്ടയം ഡി.സി.സി.യുടെ നിലപാടാണ് വിലങ്ങുതടി. 2011- 16 കാലഘട്ടത്തിൽ മുന്നണിയുടെ ഭാഗമായിരുന്നിട്ടും യു.ഡി.എഫ്. സർക്കാരിനെ അലസോരപ്പെടുത്തിയത് അവർ ചൂണ്ടിക്കാണിക്കുന്നു. ഒറ്റയ്ക്കെങ്കിൽ 11 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ജനപക്ഷത്തിന്റെ നീക്കം.

പി സി ജോർജിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിലെ നേതാക്കൾക്ക് താൽപര്യം ഉണ്ടെങ്കിലും പ്രാദേശിക വിഭാഗത്തിൽ നിന്നും ഉയരുന്ന എതിർപ്പു കാരണമാണ് യുഡിഎഫ് നേതൃത്വത്തിൽ നിന്നുള്ള മറുപടി വൈകുന്നത്. തന്നെ മുന്നണിയിലെടുക്കുന്നത് തടയുന്നത് ഉമ്മൻ ചാണ്ടിയും ഗ്രൂപ്പുമാണെന്ന് പി സി ജോർജ് ആദ്യം പറഞ്ഞിരുന്നു. ഇതോടെ ജോർജിന്റെ മുന്നണി പ്രവേശനത്തിന്റെ വാതിലുകൾ പൂർണമായി അടഞ്ഞെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ തുടർ ചർച്ചകളിൽ ഉമ്മൻ ചാണ്ടിയുടെ എതിർപ്പ് മറികടന്നെന്നാണ് സൂചന.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ ചീഫ് വിപ്പായിരുന്ന പി സി ജോർജ് ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത് ഉമ്മൻ ചാണ്ടി ഗ്രൂപ്പിനെ വലിയ രീതിയിൽ ചൊടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രശ്നം പ്രദേശികമായി ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതിഷേധമാണെന്നാണ് പി സി ജോർജിന്റെ തന്നെ കണ്ടെത്തൽ. പി സി ജോർജിനെ മുന്നണിയിൽ എടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ വൻ പ്രതിഷേധമായിരുന്നു പ്രാദേശിക തലത്തിൽ നടന്നത്. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി പി സി ജോർജിനെ മുന്നണിയിൽ എടുക്കരുതെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും പൊതുപ്രകടനം നടത്തുകയും ചെയ്തിരുന്നു.

മുന്നണി പ്രവേശനം സംബന്ധിച്ച് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചർച്ച നടന്നെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും പി സി ജോർജ് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം വൈകുന്നതാണ് സ്വന്തം നിലപാടായി മുന്നോട്ട് പോകണോ എന്ന് പി സിയെ പ്രേരിപ്പിക്കുന്നത്. പൂഞ്ഞാറിന് പുറമെ കോട്ടയം ജില്ലയ്ക്ക് അകത്തും പുറത്തുമായി കൂടുതൽ സീറ്റുകൾ പി സി ജോർജ് ആവശ്യപ്പട്ടിട്ടുണ്ട്. പുഞ്ഞാറിന് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ തനിക്ക് വലിയ സ്വാധീനം ഉണ്ടെന്നാണ് പി സി ജോർജിന്റെ അവകാശവാദം. യാക്കോബായ വിഭാഗത്തിന് മുൻതൂക്കമുള്ള പുതുപ്പള്ളി മണ്ഡലത്തിലും ജനപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കുമെന്നാണ് പി സി ജോർജിന്റെ വിലയിരുത്തൽ. യുഡിഎഫിൽ എടുത്തില്ലെങ്കിൽ പാലായിൽ മത്സരത്തിന് എത്താനുള്ള സാധ്യതയും പി സി ജോർജ് തള്ളുന്നില്ല. പാലായിലെ ചില മേഖലകളിൽ ജനപക്ഷത്തിന് വലിയ പിന്തുണയുണ്ടെന്നാണ് പി സി ജോർജ് പറയുന്നത്. കാഞ്ഞിരപ്പള്ളിയും അനുകൂലമാണെന്നും ജോർജ് പറയുന്നു.

പി സി ജോർജിനെ പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്ന നിർദേശവും ഇതിനിടയിൽ ഉയർന്നുവന്നു. എന്നാൽ മുന്നണി പ്രവേശനം ഇല്ലാതെ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത് വിവരദോഷികളാണെന്നുമാണ് ജോർജിന്റെ മറുപടി. മാണി സി കാപ്പന് പിന്തുണ നൽകുന്നതായും പാലായിൽ ജയിപ്പിക്കാൻ സഹായിക്കുമെന്നും അറിയിച്ച് പി സി ജോർജ് ആദ്യം രംഗത്തെത്തിയെങ്കിലും പിന്നീട് തന്റെ നിലപാട് തിരുത്തുകയായിരുന്നു. കാപ്പൻ കാണിച്ചത് മണ്ടത്തരം. മരമണ്ടനാണ് കാപ്പൻ. സീറ്റുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുന്നതിന് മുൻപേ കാപ്പൻ മുന്നണി മാറി. അതോടെ കാപ്പനോടുള്ള സഹതാപം നഷ്ടപ്പെട്ടു. സിനിമ അല്ല രാഷ്ട്രീയമെന്ന് കാപ്പൻ മനസിലാക്കണമെന്നും പാലായിൽ കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായാൽ ജയിക്കാൻ സാധ്യത കുറവാണെന്നും പിസി ജോർജ് പറയുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പിന് ശേഷം ജനപക്ഷം നിയമസഭയിൽ രണ്ട് കാര്യങ്ങൾക്ക് നിയമനിർമ്മാണം കൊണ്ടുവരുമെന്നും വ്യക്തമാക്കുന്നു. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പള്ളികൾ സംരക്ഷിക്കുന്നതിനും ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുന്നതിനുമായി നിയമനിർമ്മാണം കൊണ്ടുവരുമെന്നുമാണ് പി സിയുടെ വാഗ്ദാനം.

അതേസമയം ബിജെപി മുന്നണിയുടെ ഭാഗമായി നിന്നു പ്രവർത്തിച്ചിട്ടും കാര്യമായ അംഗീകാരമോ പരിഗണനയോ ലഭിക്കുന്നില്ലെന്നു വ്യക്തമാക്കി മുന്നണി വിട്ട പി.സി ജോർജ് വീണ്ടും എൻ.ഡി.എ പ്രവേശനത്തിന് തയ്യാറെടുക്കുന്നതായി സൂചനമുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയാണ് ബിജെപി നേതാക്കളുമായി വേദി പങ്കിട്ട പി.സി ജോർജ് എംഎ‍ൽഎ താൻ വീണ്ടും എൻ.ഡി.എ മുന്നണിയിലേയ്ക്കെന്ന സൂചന നൽകിയത്.

യുഡിഎഫ് നേതാക്കളുമായി ജോർജ് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് വീണ്ടും എൻ.ഡി.എ പ്രവേശന സാധ്യതകൾ ചർച്ച ചെയ്യുന്നത്. പൂഞ്ഞാർ എംഎൽഎയുടെ വീട്ടിൽ നേരിട്ടെത്തിയ ഹിന്ദു സംഘടനാ നേതാക്കളാണ് ജോർജിൽ നിന്നും പണം സ്വീകരിച്ചത്. അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധിയുടെയും ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ.രാജേഷാണ് പി.സി ജോർജിൽ നിന്നും സംഭാവന ഏറ്റുവാങ്ങിയത്. രാമക്ഷേത്ര സംഭാവന നിധിയിലേയ്ക്ക് സംഭാവന നൽകിയതിനുള്ള കോൺഗ്രസിന്റെ വൈമുഖ്യ നിലപാടിനെയും പി.സി ജോർജ് തള്ളിപ്പറയുന്നുണ്ട്.

രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നൽകിയതിൽ തെറ്റുപറ്റി എന്ന എൽദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ലെന്നു പി.സി ജോർജ് വിമർശിക്കുന്നു. ഒരു ജന പ്രതിനിധി എന്ന നിലയിൽ എല്ലാവരേയും ഒരു പോലെ കാണണം എന്നാണ് എന്റെ നിലപാട് എന്നും അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധി സംഭാവന നൽകിയ ശേഷം അദ്ദേഹം പറഞ്ഞു.ബിജെപി നേതാക്കളായ എൻ.ഹരി, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, ആർ. രാജീവ് സതീഷ് ചന്ദ്രൻ മാസ്റ്റർ അജീഷ് കുമാർ എന്നിവർ നേരിട്ടെത്തിയാണ് പി.സി ജോർജിന്റെ വീട്ടിൽ എത്തിയിരുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വിവിധ മേഖകളിൽ നിന്നും ഇക്കുറി ജോർജിനു കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഈ വെല്ലുവിളി നികത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായില്ലെങ്കിൽ ഇക്കുറി പൂഞ്ഞാറിൽ പച്ച തൊടില്ലെന്ന് ജോർജിന് ഉറപ്പാണ്. ഇതാണ് ജോർജിന്റെ മുന്നണി പ്രവേശനം എന്ന ലക്ഷ്യത്തിനു പിന്നിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP