Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂഞ്ഞാറിനോടുള്ള കമ്പം പോയെന്നും ഇനി മത്സരിക്കാനില്ലെന്നും പി.സി.ജോർജ് പ്രഖ്യാപിച്ചിട്ടും പടിവാതിലുകൾ തുറക്കാതെ മുന്നണികൾ; ജോസ്.കെ.മാണിയും കൂട്ടരും യുഡിഎഫിന് പുറത്തുപോയതോടെ പിസിയുടെ കണ്ണ് വലതുമുന്നണി ക്യാമ്പിൽ; ആശയക്കുഴപ്പത്തിനിടെ ആശങ്ക കൂട്ടി ജനപക്ഷത്ത് നിന്നും അണികളുടെ കൊഴിഞ്ഞുപോക്ക്; ജനപക്ഷത്തെ യുഡിഎഫ് ഭാഗമാക്കാൻ കത്തോലിക്ക മെത്രാന്റെ നീക്കം; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ പിസിക്ക് മോഹമോ?

പൂഞ്ഞാറിനോടുള്ള കമ്പം പോയെന്നും ഇനി മത്സരിക്കാനില്ലെന്നും പി.സി.ജോർജ് പ്രഖ്യാപിച്ചിട്ടും പടിവാതിലുകൾ തുറക്കാതെ മുന്നണികൾ; ജോസ്.കെ.മാണിയും കൂട്ടരും യുഡിഎഫിന് പുറത്തുപോയതോടെ പിസിയുടെ കണ്ണ് വലതുമുന്നണി ക്യാമ്പിൽ; ആശയക്കുഴപ്പത്തിനിടെ ആശങ്ക കൂട്ടി ജനപക്ഷത്ത് നിന്നും അണികളുടെ കൊഴിഞ്ഞുപോക്ക്; ജനപക്ഷത്തെ യുഡിഎഫ് ഭാഗമാക്കാൻ കത്തോലിക്ക മെത്രാന്റെ നീക്കം; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ പിസിക്ക് മോഹമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 'നിലത്ത് കാൽ ഉറപ്പിച്ചിട്ട് വേണ്ടേ അഭ്യാസം കാട്ടാൻ'-പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ അവസ്ഥ ഇതാണ്. ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റണമെന്ന മോഹം പിസിക്കും പാർട്ടിക്കും എത്രയോ നാളായുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞു നോക്കി ജോർജ്. മകൻ ഷോണിനെ പിസി പൂഞ്ഞാറിൽ മത്സരിപ്പിക്കുമോ എന്ന ചോദ്യങ്ങൾ വന്നു. ജോസ്.കെ.മാണി യുഡിഎഫിന് പുറത്തുപോയതോടെ, പിസിയുടെ കണ്ണ് അങ്ങോട്ടാണ്. എന്നാൽ, രമേശ് ചെന്നിത്തല ചില അനുകൂല ഭാവങ്ങൾ പ്രകടിപ്പിച്ചതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. പിസി ജോർജ് യുഡിഎഫിൽ എത്താനുള്ള സാധ്യത ഏറി. ഇടതുമുന്നണിക്കും ജോർജിനോട് വലിയ കമ്പമില്ല. ഇതെല്ലാം കണ്ട് അണികൾ ആശയക്കുഴപ്പത്തിലാണ്. ജനപക്ഷത്ത് നിന്ന് മറ്റുപാർട്ടികളിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നു എന്നത് ജോർജിനെ അസ്വസ്ഥനാക്കുന്ന പുതിയ സംഭവവികാസമാണ്.

ജോർജ് കൊഴിഞ്ഞുപോക്കിന്റെ ഭീതിയിൽ

ജനപക്ഷത്തിന്റെ തദ്ദേശസ്ഥാപന പ്രതിനിധികളും മുൻ പ്രതിനിധികളുമടക്കം നിരവധി പേരാണ് കോൺഗ്രസ്, സിപിഎം, കേരളാ കോൺഗ്രസ് ജോസ്-ജോസഫ് പാർട്ടികൾ എന്നിവയുമായി ചർച്ച നടത്തിവരുന്നത്. ജോർജിന്റെ അടുത്തയാളും ജനപക്ഷത്തിലെ പ്രമുഖനുമായിരുന്ന തിടനാട് സഹകരണ ബാങ്ക് പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന സെബാസ്റ്റ്യൻ വിളയാനിയും അനുയായികളും കോൺഗ്രസിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

തിടനാട് ഗ്രാമ പഞ്ചായത്തിലെ ഒരു മുൻ പ്രസിഡന്റ് കേരളാ കോൺഗ്രസ് ജോസ് പക്ഷവുമായി ചർച്ചയിലാണ്. പാറത്തോട് പഞ്ചായത്തിലെയും എരുമേലി പഞ്ചായത്തിലെയും ശക്തരായ രണ്ട് ജനപക്ഷം പ്രതിനിധികളും മറ്റ് പാർട്ടികളുമായി ചർച്ചയിലാണ്. ഇതിൽ എരുമേലി പഞ്ചായത്തംഗം സിപിഎമ്മിൽ ചേരാൻ ധാരണയായതായും റിപ്പോർട്ടുണ്ട്. പാറത്തോട്ടിലെ പ്രമുഖനായ ജനപക്ഷം നേതാവ് ജോസ് പക്ഷവുമായും ചർച്ചയിലാണ്.

പൂഞ്ഞാർ, ഈരാറ്റുപേട്ട തദ്ദേശ സ്ഥാപനങ്ങളിലെ പല അംഗങ്ങളും ജനപക്ഷം വിടാൻ ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ പാർട്ടി സംസ്ഥാനത്തെ 3 പ്രബല മുന്നണികളിലും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ജനപക്ഷത്ത് അണികളുടെ പലായനം ആരംഭിച്ചത്. പാർട്ടി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ നേരത്തേ പാർട്ടി വിട്ടിരുന്നു. ജോർജിനെ കൂട്ടാൻ ഇരുമുന്നണികളും തയ്യാറല്ല. ജോർജുമായി ചർച്ചനടത്താൻ വന്നതെന്ന സംശയത്താൽ കെപിസിസി വൈസ് പ്രസിഡന്റിനെ കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പുലഭ്യം വിളിക്കുകയും ചെയ്തിരുന്നു

ജോസ്-ജോസഫ് പക്ഷങ്ങൾ പിരിഞ്ഞതോടെ പിജെ ജോസഫിന്റെ പാർട്ടിയിൽ ചേർന്ന് അതുവഴി യുഡിഎഫിലെത്താനുള്ള ആഗ്രഹവുമായി ജോർജ് ജോസഫിനെയും സമീപിച്ചിരുന്നു. എന്നാൽ ജോസഫും കൈവിട്ടു.

സാധ്യതകൾ ഇങ്ങനെ

പൂഞ്ഞാറിനൊപ്പം മറ്റൊരു സീറ്റ് കൂടി വാങ്ങി യുഡിഎഫിലെത്താനായിരുന്നു ജോർജിന്റെ ശ്രമം. മകൻ ഷോൺ ജോർജിന് മത്സരിക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ പൂഞ്ഞാർ മാത്രമെങ്കിൽ മുന്നണി പ്രവേശനം എന്ന നിലപാടിലാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിനെ മുന്നണിയിൽ കൊണ്ടു വരുന്നതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നണിയിൽ എടുക്കാതെയുള്ള സഹകരണം പിസി ജോർജുമായി ആകാമെന്ന വാദവും സജീവമാണ്.

ജോസ് കെ മാണി യുഡിഎഫ് വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ടയിലും കോട്ടയത്തും പിസിയുടെ പാർട്ടിക്കും പ്രവർത്തകരുണ്ട്. ഇവരെ ഒപ്പം നിർത്താനാണ് പിസിയെ കൂടെ കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും എതിരെയാണ് പൂഞ്ഞാറിൽ പിസി മത്സരിച്ചതും ജയിച്ചതും. പിന്നീട് എൻഡിഎയിലേക്ക് മാറി. പിന്നീട് പതിയെ ബിജെപി മുന്നണിയിൽ നിന്ന് പുറത്തു വരികയും ചെയ്തു. ഇതിന് ശേഷം യുഡിഎഫിലെത്താൻ പിസി ശ്രമിച്ചെങ്കിലും ജോസ് കെ മാണി ഫാക്ടർ തടസ്സമായി. ജോസ് കെ മാണി യുഡിഎഫിന് പുറത്തു പോയതാണ് പിസി ജോർജിന് അനുകൂലമാകുന്നത്.

സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കുന്നുണ്ട്. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. എന്നാൽ പിസി ജോർജിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇപ്പോഴും പൂർണ്ണമായും അനുകൂലമല്ല. മുന്നണിയിൽ എടുത്താലും മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പൂഞ്ഞാർ മാത്രമേ നൽകാനാകൂവെന്നും എ ഗ്രൂപ്പ് നിലപാട് എടുക്കുന്നുണ്ട്.

ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ജോർജിൽ നിന്ന് സഹായവും ഐക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു സീറ്റിന് അപ്പുറം കൊടുക്കാൻ കോൺഗ്രസ് തയ്യാറാകില്ലെന്നതാണ് വസ്തുത.

ജോർജിന് വേണ്ടി കത്തോലിക്ക മെത്രാന്റെ നീക്കം

അതേസമയം, ജനപക്ഷത്തെ യു ഡിഎഫിന്റെ ഭാഗമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ കത്തോലിക്ക സഭയിലെ പ്രമുഖനായ ബിഷപ്പ് സമർദ്ദം തുടങ്ങിയതായി സൂചനയുണ്ട്. ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ യു ഡി എഫുമായി സഹകരിപ്പിക്കുക, അല്ലെങ്കിൽ പി ജെ ജോസഫിനൊപ്പം കേരള കോൺഗ്രസിന്റെ ഭാഗമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കത്തോലിക്ക മെത്രാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത സംഭവത്തിൽ കത്തോലിക്ക സഭയിലെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ഏക രാഷ്ട്രീയ നേതാവ് പി സി ജോർജ് മാത്രമായിരുന്നു.

സഭയെ പൊതുമധ്യത്തിൽ അപമാനിക്കുവാൻ ചിലർ ശ്രമിച്ചപ്പോൾ സഭയുടെ പുത്രനായി രംഗത്തുണ്ടായിരുന്നത് ജോർജ് മാത്രമാണെന്ന വൈകാരികമായ നിലപാടാണ് സഭയിലെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം മെത്രാൻന്മാർക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം.കത്തോലിക്ക സഭയ്ക്ക് വലിയ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വരുന്ന നിയമസഭയിൽ അങ്കം കുറിക്കാനാണ് ജോർജിന് മോഹം. ഈ വിവരം മെത്രാനുമായി കഴിഞ്ഞിടെ പി സി ജോർജ് സംസാരിച്ചിരുന്നു. യു ഡി എഫിനൊപ്പം ചേർന്ന് കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ മികച്ച വിജയം ഉറപ്പാക്കാൻ കഴിയുമെന്നാണ് പി സിയുടെ കണക്കുകൂട്ടൽ.

ജോർജിനെ അടുപ്പിക്കാതെ മുന്നണികൾ

കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ പിസി ജോർജ് ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിച്ചിട്ടില്ല. പിസി ജോർജിനെ ഒപ്പം നിർത്താൻ ഇടത് മുന്നണിയോ വലത് മുന്നണിയോ പ്രത്യേകം താൽപര്യം കാണിച്ചിട്ടില്ല. അതിനിടെ ബിജെപിക്കൊപ്പം ചേർന്നെങ്കിലും കാര്യമായ നേട്ടമൊന്നം ഉണ്ടാക്കാൻ പിസി ജോർജിനോ പാർട്ടിക്കോ സാധ്യമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കടക്കും എന്നാണ് പിസി ജോർജ് അടുത്തിടെ പറഞ്ഞത്. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച നിർദ്ദേശമെന്ന് സൂചനയുണ്ട്.

എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോർജ്. ജനപക്ഷം എന്ന പാർട്ടിയായി തന്നെ മുന്നണിയിൽ നിൽക്കാനാണ് പിസി ജോർജ്ജിന് താൽപര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുള്ള പിസിയുടെ നീക്കങ്ങൾ. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പിസി ജോർജ്ജ് സർക്കാരിനെതിരെയാണ് നിലപാട് എടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോർജ്ജ് പറഞ്ഞിരുന്നു. ജനംപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി.

രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി പക്ഷത്തിന് നൽകിയിരിക്കുകയാണ്. ജോസ് പക്ഷം യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട സാഹചര്യവും മുതലെടുക്കാനാണ് പിസി ഒരുങ്ങുന്നത്. പൂഞ്ഞാർ അടക്കമുള്ള പ്രദേശത്ത് പിസി ജോർജ്ജിന് വലിയ സ്വാധീനമുണ്ട്. ഒരു മുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് പിസി ജോർജ് വിജയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP