Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസഫിന്റെ നിഴലായി രാഷ്ട്രീയം തുടങ്ങി; മണ്ഡലം ഉറപ്പിച്ചതോടെ മന്ത്രിയാകാൻ ജോസഫിന്റെ കുത്തിനു പിടിച്ചു പുറത്തായി; തോൽവി ഭയന്നു മാണിയെ അപ്പാന്നു വിളിച്ചു മാണിക്കൊപ്പം കൂടിയെങ്കിലും മന്ത്രിപദവി കിട്ടാതായതോടെ മാണിയുടെ തന്തക്കു വിളിച്ചു പുറത്തായി; എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്ര എംഎൽഎ ആയ ശേഷം മുസ്ലിംങ്ങളെ തെറി പറഞ്ഞു ബിജെപിയിലേക്ക്; ബിജെപിക്ക് ഒപ്പം നിന്നാൽ എംഎൽഎ പോലും ആകല്ലെന്നറിഞ്ഞപ്പോൾ എൻഡിഎക്ക് പുറത്തേക്ക് ചാടാൻ വെടിപൊട്ടിച്ചു തുടങ്ങി; പി സി ജോർജ്ജ് എന്ന ഒറ്റയാൻ ഇങ്ങനയൊക്കെയാണ്

ജോസഫിന്റെ നിഴലായി രാഷ്ട്രീയം തുടങ്ങി; മണ്ഡലം ഉറപ്പിച്ചതോടെ മന്ത്രിയാകാൻ ജോസഫിന്റെ കുത്തിനു പിടിച്ചു പുറത്തായി; തോൽവി ഭയന്നു മാണിയെ അപ്പാന്നു വിളിച്ചു മാണിക്കൊപ്പം കൂടിയെങ്കിലും മന്ത്രിപദവി കിട്ടാതായതോടെ മാണിയുടെ തന്തക്കു വിളിച്ചു പുറത്തായി; എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്ര എംഎൽഎ ആയ ശേഷം മുസ്ലിംങ്ങളെ തെറി പറഞ്ഞു ബിജെപിയിലേക്ക്; ബിജെപിക്ക് ഒപ്പം നിന്നാൽ എംഎൽഎ പോലും ആകല്ലെന്നറിഞ്ഞപ്പോൾ എൻഡിഎക്ക് പുറത്തേക്ക് ചാടാൻ വെടിപൊട്ടിച്ചു തുടങ്ങി; പി സി ജോർജ്ജ് എന്ന ഒറ്റയാൻ  ഇങ്ങനയൊക്കെയാണ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു മുന്നണിയിൽ നിന്നും മറ്റൊരു മുന്നണിയിലേക്കുള്ള പരകായ പ്രവേശത്തിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാർ പി സി ജോർജ്ജിനെ പോലുള്ളവരെ മാതൃകയാക്കണം. ഇത്രയും കാലത്തിനിടെ പിസി ജോർജ്ജ് സംസ്ഥാനത്ത് ഇപ്പോൾ സജീവമായ മൂന്ന് മുന്നണികളിലാണ് എത്തിയത്. പി ജെ ജോസഫിനെ പോലുള്ളവർ ഇടത്തു നിന്നും വലത്തേക്കും, വലത്തു നിന്നും ഇടത്തേക്കും ചാടുന്നത് പതിവു കാര്യമാണെങ്കിലും മൂന്ന് മുന്നണിയിലും ഒരുപോലെ ചാടിയത് ജോർജ്ജ് മാത്രമായിരിക്കും. ഇടതു മുന്നണിയിൽ നിന്നും വലതു മുന്നണിയിലേക്കും വലതിൽ നിന്നും സ്വതന്ത്ര പരിവേഷത്തിലേക്കും ഇപ്പോൾ ബിജെപി അടങ്ങുന്ന എൻഡിഎ മുന്നണിയിലേക്കുമാണ് ജോർജ്ജിന്റെ ചാട്ടം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വീണ്ടും ഏതെങ്കിലും മുന്നണിയുടെ ഭാഗം ആകണം എന്ന് ജോർജ്ജിന് ബോധ്യം വന്നിട്ടുണ്ട്. എൻഡിഎ മുന്നണിയിൽ അതിന് സാധ്യമല്ലെന്ന തോന്നലുണ്ടായതോടെയാണ് അവിടെ നിന്നും ചാടാനുള്ള വഴികൾ ജോർജ്ജ് തേടുന്നത്.

എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നാണ് ജനപക്ഷം സെക്യുലർ രക്ഷാധികാരിയായ പി.സി. ജോർജ് എംഎൽഎ പറയുന്നത്. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർത്ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ തോൽവിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയൻ നല്ല സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. പി.സി.ജോർജ് പറഞ്ഞു. ''ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.''

എൻഡിഎ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെും അദ്ദേഹംപറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലെ 87 എ കരിനിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു നവംബർ ഒന്നിനു 10നു തിരുനക്കരയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും റബ്ബർ കർഷകരുടെ പ്രശ്‌നത്തിലും നല്ല ഇടപടലുകൾ എൻഡിഎ സർക്കാർ നടത്തിയെനന്ന് പറഞ്ഞായിരുന്നു ജോർജ്ജ് ബിജെപിയിൽ കയറിയത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി അടക്കം ജോർജ്ജ് പ്രവർത്തിച്ചിരുന്നു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് പി സി ജോർജ് രംഗത്തുവന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാർത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോർജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് ജോർജ്ജ് ഔദ്യോഗികമായി എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയത്.

ഒരു കാലത്ത് പി ജെ ജോസഫിനൊപ്പം രാഷ്ട്രീയം തുടങ്ങിയ വ്യക്തിയാണ് പി സി ജോർജ്ജ്. ഇന്ന് ഇടതു മുന്നണിക്കൊപ്പം നിന്നാൽ ജോസഫുള്ളപ്പോൾ മന്ത്രിയാകാൻ സാധിക്കില്ലെന്ന് പറഞ്ഞ് മറുകണ്ടം ചാടി കേരളാ കോൺഗ്രസ് സെക്യുലറിന് രൂപം കൊടുത്തു. ഇടതു മുന്നണിയിൽ തുടർന്ന് എംഎൽഎ ആയതോടെ ജോസഫിനെ പിന്നിൽ നിന്നും കുത്തി. പിന്നീട് അതുവരെ പാലാ മെമ്പർ എന്നു വിളിച്ചിരുന്ന കെ എം മാണിക്കൊപ്പം ചേർന്നു യുഡിഎഫിൽ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിക്കസേര മോഹിച്ചെങ്കിലും ജോർജ്ജിന് കിട്ടിയില്ല. ഇതോടെ ചീഫ് വിപ്പ് പദവി കൊടുത്തു. എന്നാൽ, അവിടെയും ഉറച്ചു നിൽക്കാതെ പി സി ജോർജ്ജ് കെ എം മാണിയെ തെറിപറഞ്ഞ് മുന്നണിക്ക് പുറത്തുപോയി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയാനായി മത്സരിച്ചു വിജയിച്ചത് ജോർജ്ജായിരുന്നു. അന്ന് എസ്ഡിപിഐ ആണ് ജോർജ്ജിന് തുറന്ന പിന്തുണ നൽകിയത്. എന്നാൽ, മുസ്ലിംങ്ങളെ അവഹേളിച്ചു കൊണ്ട് സംസാരിച്ചതും പിന്നാലെ ബിജെപിയോട് അടുത്തതും കൂടിയായപ്പോൾ ജോർജ്ജിന് നിയമസഭാ മണ്ഡലത്തിൽ പോകാൻ പോലും കഴിയാത്ത വിധത്തിൽ രോഷം നേരിടേണ്ടി വന്നു. ഇക്കുറി ബിജെപി പക്ഷത്തു നിന്നാൽ എംഎൽഎ പോലും ആകാൻ സാധിക്കില്ലെന്ന ബോധ്യം വന്നതോടെയാണ് ജോർജ്ജ് വീണ്ടും മറുകണ്ടം ചാടാൻ വഴിനോക്കുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ പി.സി ജോർജ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ട് തേടി പ്രചരണത്തിനിറങ്ങിയിരുന്നു. ഒരു പാർട്ടിയുടെയും ബാനറില്ലാതെ സംഘടിപ്പിച്ച പൊതുയോഗത്തിൽ എൽഡിഎഫ് നേതാക്കളോ മാണി സി കാപ്പനോ പങ്കെടുത്തില്ലെങ്കിലും ജോർജ്ജ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ഭരണങ്ങാനം, തലപ്പുലം പഞ്ചായത്തിലുള്ള പി സി ജോർജിന്റെ അനുയായികളുടെ വോട്ട് ലഭിച്ചത് കാപ്പനായിരുന്നു. അതേസമയം യുഡിഎഫിലേക്ക് കയറാനും ജോർജ്ജ് ശ്രമം തുടങ്ങുന്നുണ്ട്. ചെന്നിത്തലയുടെ പിന്തുണയോടെ യുഡിഎഫിലേക്ക് ചേക്കാറാനാണ് ശ്രമം നടത്തുന്നത്. എന്നാൽ, ്ഇത് എളുപ്പം സാധിച്ചേക്കില്ല. ഇടതു മുന്നണിയും ജോർജ്ജിനെ അടുപ്പിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP