Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മദ്യനയത്തിൽ ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് പി സി ജോർജ്; ഡ്രെ ഡേ സംബന്ധിച്ച ഉത്തരവിലെ ആശയക്കുഴപ്പത്തെത്തുടർന്ന് മദ്യശാലകൾ തുറന്നത് വൈകി

മദ്യനയത്തിൽ ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് പി സി ജോർജ്; ഡ്രെ ഡേ സംബന്ധിച്ച ഉത്തരവിലെ ആശയക്കുഴപ്പത്തെത്തുടർന്ന് മദ്യശാലകൾ തുറന്നത് വൈകി

കോട്ടയം: മദ്യനയം മാറ്റത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് ചീഫ് വിപ്പ് പി സി ജോർജ് രംഗത്ത്. ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് ചീഫ് വിപ്പ് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങുന്ന ഭരണാധികാരികളോടു പുച്ഛമെന്നും പി സി ജോർജ് പറഞ്ഞു. അതിനിടെ, ഞായറാഴ്ചത്തെ ഡ്രൈ ഡേ നീക്കി സർക്കാർ ഉത്തരവിറങ്ങിയതിന്റെ പിന്നാലെ വിവാദവും ആരംഭിച്ചു.

ഞായറാഴ്ചത്തെ മദ്യവിൽപ്പനയ്ക്കുള്ള വിലക്ക് നീക്കി ഉത്തരവിറങ്ങിയെങ്കിലും അബ്കാരി ചട്ടത്തിൽ ഇത് ഉൾപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെ ഞായറാഴ്ചത്തെ മദ്യവിൽപ്പനയ്ക്ക് നിയമ സാധുത ലഭിക്കില്ലെന്നത് പുതിയ ആശയക്കുഴപ്പത്തിന് കാരണമായി. അതിനാൽ സംസ്ഥാനത്തെ പല ബാറുകളും ബിവ്‌റജസ് ഔട്ട്‌ലെറ്റുകളും ഇന്ന് തുറന്നില്ല. പല ഔട്ടലെറ്റുകളും തുറന്നശേഷം ഉത്തരവിലെ ആശയക്കുഴപ്പത്തെത്തുടർന്ന് അടച്ചു. എന്നാൽ പിന്നീട് ഔട്ടലെറ്റുകൾ തുറന്നുപ്രവർത്തിച്ചു. ഡ്രൈ ഡേ പിൻവലിച്ച് ഉത്തരവ് ഇറക്കിയെങ്കിലും ഫലത്തിൽ ഈ ഞായറാഴ്ചയും ഡ്രൈ ഡേയായി മാറുമെന്ന അവസ്ഥയായിരുന്നു രാവിലെ ഉണ്ടായിരുന്നത്.

എന്നാൽ, ഞായറാഴ്ചത്തെ ഡ്രൈ ഡേ പിൻവലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ഇപ്പോഴുള്ള വിവാദങ്ങളിൽ കഴമ്പില്ല. നിലവിലെ ആശയക്കുഴപ്പമെന്തെന്ന് പരിശോധിച്ച് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്തുണ തീരെ കുറവാണെന്നും പി സി ജോർജ് പറഞ്ഞു. കോൺഗ്രസിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. മദ്യനയത്തിൽ കെപിസിസി നേതൃത്വവും യുഡിഎഫ് സർക്കാരും രണ്ടു തട്ടിൽ നിൽക്കവെയാണ് എരിതീയിൽ എണ്ണയൊഴിച്ച് പി സി ജോർജും രംഗത്തെത്തിയത്.

വി എം സുധീരനും ഉമ്മൻ ചാണ്ടിയും മദ്യനയത്തിൽ പരസ്പരം ഏറ്റുമുട്ടൽ തുടരുമ്പോൾ ഇരുപക്ഷങ്ങളിലുമായി പല നേതാക്കളും അഭിപ്രായം തുറന്നു പറഞ്ഞു പോരിന് ശക്തിപകരുകയാണ്. ഇതിനിടെയാണ് വകുപ്പിൽ നിന്ന് ഡ്രൈ ഡേ പിൻവലിക്കാനുള്ള ഉത്തരവു ലഭിച്ചില്ലെന്ന് ബെവ്‌കോ ജനറൽ മാനേജർ പറഞ്ഞത്. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയുണ്ടെങ്കിൽ തുറക്കാനാകുമായിരുന്നെങ്കിലും അത് ഉണ്ടാകാതിരുന്നതിനാലാണ് ഇന്ന് ഔട്ട്‌ലെറ്റുകൾ തുറക്കാൻ കഴിയാത്തതെന്ന് ബെവ്‌കോ അധികൃതർ പറഞ്ഞു. തിടുക്കത്തിൽ മന്ത്രിസഭായോഗം വിളിച്ച് ഡ്രൈ ഡേ പിൻവലിച്ചെങ്കിലും അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ഇത് നിയമമാക്കി മാറ്റാൻ സർക്കാർ തുനിഞ്ഞില്ല. ഇതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം.

മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഗ്രൂപ്പുകൾ മറന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നിച്ചിരിക്കുന്നത്. സർക്കാരിന് പാർട്ടിയുടെ പിന്തുണയുണ്ടെന്നു സ്ഥാപിക്കാൻ പ്രസിഡന്റായ സുധീരനോട് ആലോചിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്താണ് യോഗം. അനൗപചാരിക കൂടിയാലോചനയെന്ന പേരിൽ യോഗം ചേർന്ന് സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാൻ എഐ ഗ്രൂപ്പുകൾ രഹസ്യധാരണയിലെത്തിയതിന്റെ തുടർച്ചയാണ് യോഗമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക യോഗം നടത്തണമെങ്കിൽ കെപിസിസി പ്രസിഡന്റുമായി ആലോചിക്കണം. മുൻകൂട്ടി നോട്ടീസും നൽകണം. അതുകൊണ്ടാണ് അസാധാരണമായ രീതിയിൽ യോഗം ചേരുന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിട്ടുണ്ട്.
കാണാൻ ആഗ്രഹമുള്ളവരോടു നാളെ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഔദ്യോഗികമായി ഒരു യോഗവും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സുധീരനെ ഒറ്റപ്പെടുത്തി ആക്രമിച്ച് എ ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എം എം ഹസ്സൻ, മന്ത്രി കെ സി ജോസഫ്, വക്കം പുരുഷോത്തമൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ തുടങ്ങിയവരും സുധീരനെതിരെ തുറന്ന നിലപാട് സ്വീകരിച്ചു. എന്നാൽ, സർക്കാരിന്റെ പുതിയ മദ്യനയത്തോട് പൂർണവിയോജിപ്പാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

മദ്യനയം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണെന്നാണ് സിഎസ്‌ഐ സഭ ആരോപിച്ചത്. കോഴ വാർത്തകൾ ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും സിഎസ്‌ഐ ബിഷപ്പ് പറഞ്ഞു. ബാറുടമകൾ ഭരണം ഹൈജാക്ക് ചെയ്യാനനുവദിക്കരുതെന്നും സഭ ആവശ്യപ്പെട്ടിരുന്നു. മദ്യനയം അട്ടിമറിച്ചതിനെതിരെ സീറോ മലബാർ സഭയും രംഗത്തെത്തി. മദ്യനയം തിരുത്തിയത് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP