Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുദിനം ശോഷിച്ച് വരികയാണെങ്കിലും അടിപിടിക്ക് കുറവില്ല; കെ.പി.ഇസ്മായീലിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിൽ; സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഏകാധിപത്യമാണ് പ്രശ്നമെന്ന് ഒരു വിഭാഗം; വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ പത്രക്കുറിപ്പ്; നിഷേധിച്ച് ഔദ്യോഗികപക്ഷം; ഐഎൻഎല്ലിൽ പൊട്ടിത്തെറി

അനുദിനം ശോഷിച്ച് വരികയാണെങ്കിലും അടിപിടിക്ക് കുറവില്ല; കെ.പി.ഇസ്മായീലിനെ പുറത്താക്കിയതിന്  പിന്നാലെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിൽ; സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഏകാധിപത്യമാണ് പ്രശ്നമെന്ന് ഒരു വിഭാഗം; വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും  ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ പത്രക്കുറിപ്പ്; നിഷേധിച്ച് ഔദ്യോഗികപക്ഷം; ഐഎൻഎല്ലിൽ പൊട്ടിത്തെറി

ജംഷാദ് മലപ്പുറം

മലപ്പുറം: ഒപ്പം നിൽക്കുന്നവരിൽ ഭൂരിഭാഗവും ലീഗിലേക്ക് മടങ്ങി അനുദിനം ശോഷിച്ച് വരികയാണെങ്കിലും, ഇന്ത്യൻ നാഷണൽ ലീഗിൽ അടിപിടിക്ക് യാതൊരു കുറവുമില്ല.പാർട്ടി മൂൻ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിനെ സംഘടനയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ സംഘടന പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കെ.പി.ഇസ്മായീലിനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പകപോക്കൽ കാരണം നടന്നതാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

എന്നാൽ നടപടി ന്യായമാണെന്നും നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്നുമാണ് ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന കാസിം ഇരിക്കൂറിനൊപ്പം നിൽക്കുന്നവർ പറയുന്നു.പുറത്താക്കിയ ഇസ്മായീലിനെ തിരിച്ചെടുക്കണമെന്നും വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ ഇന്ന് പത്രക്കുറിപ്പിറങ്ങി. എന്നാൽ ഇവരല്ല ഞങ്ങളാണ് ഒറിജിനൽ ജില്ലാ കമ്മിറ്റിയെന്ന് മറുവിഭാഗം പറയുന്നത്.ഇസ്മായിലിനെതിരെയുള്ള നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്ന് ഇക്കൂട്ടർ പറയുന്നത്

ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്നാണ് ഇസ്മായീലിനെ പുറത്താക്കിയത് അംഗീകരിക്കാത്ത വിഭാഗം ആരോപിക്കുന്നത്. നിലവിലെ സംഭവവികാസങ്ങളെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ.പി അബ്ദുൾ വഹാബ് രണ്ട് മാസത്തെ അവധിയിൽ പ്രവേശിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: മുഹ്മദ് സുലൈമാനുമായി ചേർന്ന് ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് ഇവർ പറയുന്നു. തീർത്തും എകാധിപതിയെപ്പോലെയാണ് കാസിം ഇരിക്കൂർ പെരുമാറുന്നത്. ഐ.എൻ.എൽ സ്ഥാപകാംഗവും സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിനെ ആറുവർഷത്തേക്ക് പുറത്താക്കിയ നടപടിയാണ് എ.പി അബ്ദുൾ വഹാബ് പാർട്ടിയിൽ നിന്ന് അവധിയെടുക്കുക എന്ന തീരുമാനം കൈക്കൊള്ളാനുള്ള കാരണം. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിലാണ് ഇസ്മയിലെ പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കാസിം ഇരിക്കൂർ റിട്ടേണിങ് ഓഫീസറായി വന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇസ്മയിലിനെയും ഒപ്പമുള്ളവരെയും വെട്ടിനിരത്തുകയായിരുന്നു എന്ന ആരോപണം അന്ന് ഉയർന്നിരുന്നു.

2018 ഫെബ്രുവരി 27ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ കൗൺസിലിൽ റിട്ടേണിങ് ഓഫീസർ ആയി വന്ന കാസിം ഇരിക്കൂർ മണ്ഡലം റിട്ടേണിങ് ഓഫീസർമാരുടെ അഭിപ്രായം ചോദിക്കാതെ രണ്ട് കൗൺസിലർമാരെ സ്വന്തം ഇഷ്ട പ്രകാരം തിരുകി കയറ്റിയതായാണ് ഇസ്മായീൽ വിഭാഗം ആരോപിക്കുന്നു. തുടർന്ന് അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.അബ്ദുൽ വഹാബും, സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിന്റേയും അഭിപ്രായംപോലും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി തെയ്യാറാക്കിക്കൊണ്ടുവന്ന 28പാനലാണ് കാസിം ഇരിക്കൂറിനൊപ്പമുള്ള വിഭാഗം കൊണ്ടുവന്നതെന്നും ഇവർ പറയുന്നു. തുടർന്ന് ഇതിലെ മിക്ക പാനലുകളിലും പിന്താങ്ങിയവരും, അവതാരകരും ഒരേ ആളുകളായിരുന്നു. പാനലിലെ പിന്താങ്ങിയ ആളുടേയും, അവതാരകന്റേയും പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കാസിം ഇരിക്കൂർ ഇതിന് തയ്യാറായില്ലെന്നും മറുവിഭാഗം ആക്ഷേപം ഉയർത്തുന്നു. പ്രസിഡന്റ് അടക്കം ഉള്ള പ്രാധാന പദവികളിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടും ഇതിനും കാസിം ഇരിക്കൂർ തെയ്യാറായില്ലെന്നും, തുടർന്ന് മുസ്ലിംലീഗുമായി അടുപ്പമുള്ള ചില ആളുകളെ ഉൾപ്പെടുത്തി മൂൻകൂട്ടി തയ്യാറാക്കിയ പാനൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ഇക്കൂട്ടർ പറയുന്നു.

ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഇസ്മയിൽ പിന്നീട് പാർട്ടിയോട് ആലോചിക്കാതെ എൽ.ഡി.എഫ് യോഗത്തിൽ പ്രസംഗിച്ചു എന്നാരോപിച്ച് നടപടിയെടുത്തിരുന്നു. ഒരു വർഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളിൽ വിലക്കുന്നതായിരുന്നു നടപടി.സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ അദ്ധ്യക്ഷനും ചേർന്നാണ് നടപടി സ്വീകരിച്ചത്. എ.പി അബ്ദുൾ വഹാബിനോട് നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ല. ഈ സമയത്ത് അബ്ദുൾ വഹാബ് സൗദി യാത്രയിലായിരുന്നു.ഇസ്മയിലിനെതിരെ നടപടിയെടുത്തതിൽ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇസ്മയിലിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന് ഭൂരിപക്ഷം നേതാക്കളും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇസ്മയിലിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഒരു പാക്കേജ് എന്ന നിലയിലാണെന്ന് കാസിം ഇരിക്കൂർ പാർട്ടി ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശമായി നൽകിയിരുന്നു. ഇതിന് മറുപടിയായി ഇസ്മയിൽ ഒരു സന്ദേശം മറ്റൊരു വാട്‌സ്ആപ് ഗ്രൂപ്പിലും നൽകി. ഈ സന്ദേശത്തിന്റെ പേരിലാണ് ഇസമയിലിനെ ആറ് വർഷത്തേക്ക് പുറത്താക്കിയത്. പുറത്താക്കിയ നടപടി
അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേർന്നെടുത്തതാണെന്ന് ഇസ്മയിലും മറ്റ് ഭാരവാഹികളും പറയുന്നു.ഇസ്മയിലിനെ പുറത്താക്കിയ നടപടിയോടുള്ള പ്രതിഷേധമായാണ് എ.പി അബ്ദുൾ വഹാബ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ച് കാസിം ഇരിക്കൂർ വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ നിന്ന് പ്രധാനപ്പെട്ട നേതാക്കളെല്ലാം വിട്ടുനിന്നു. തന്നെ പുറത്താക്കി എന്ന വാർത്ത അപ്രസക്തമാണെന്നാണ് ഇസ്മയിലിന്റെ പ്രതികരണം.

മലപ്പുറത്ത് സമാന്തര കമ്മറ്റി

അതേസമയം ജില്ലാ ജനറൽ സെക്രട്ടറി എന്ന വ്യാജേനെ വ്യാജ പത്രവാർത്തകൾ നൽകുകയും വിമത പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കുകയും പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കുകയും ചെയ്യുന്ന കെ പി അൻവർ സാദത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഐ.എൻ.എൽ നേതാക്കൾ ബുധനാഴ്‌ച്ച വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി പത്ര ഓഫീസുകളിലെത്തിച്ചു. ഇവർ അല്ല ഒറിജനൽ ജില്ലാ പ്രവർത്തക സമിതി അല്ലെന്നും ചില നേതാക്കൾ മാത്രമടങ്ങിയതാണെന്നും ഔദ്യോഗിക വിഭാഗം വേറെയാണെന്നും പറഞ്ഞ് ഔദ്യോഗിക വിഭാഗം എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം രംഗത്തെത്തി.

മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം നടത്തിയതായി റിലീസ് ഇറക്കിയത് ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജിയുടെ നേതൃത്വത്തിലാണ്. എന്നാൽ ജില്ലാ പ്രസിഡന്റ് അടക്കം അറിയാതെ ഒരു വിഭാഗം നടത്തിയ നീക്കമാണിതെന്നും ഇതിനെ എതിർക്കുന്നവർ പറഞ്ഞു. അൻവർ സാദത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായ കെ പി ഇസ്മായിലിനെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നും ജില്ലാ ഓഫീസിൽ ചേർന്ന യോഗം നേതൃത്വത്തോട് അഭ്യർത്ഥിച്ചു. 16 ൽ 14 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ കെ മൊയ്തീൻകുട്ടി ഹാജി, ഖാലിദ് മഞ്ചേരി, പ്രൊഫ. കെ കെ മുഹമ്മദ് , സംസ്ഥാന കൗൺസിൽ അംഗം പി കെ എസ് മുജീബ് ഹസ്സൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദലി മാസ്റ്റർ, സ്വാലിഹ് മേടപ്പിൽ, സി എച്ച് അലവിക്കുട്ടി, നാഷണൽ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി തെന്നല മജീദ്, ജില്ലാ പ്രസിഡന്റ് ഇ കെ സമദ് ഹാജി, നാഷണൽ സ്റ്റുഡന്റസ് ലീഗ് സംസ്ഥാന പ്രസിഡന്റ് എൻ എം മഷൂദ്, പി ടി ബാവ, എം അബ്ദുള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഒ. കെ. തങ്ങൾ സ്വാഗതവും അസീസ് കളപ്പാടൻ നന്ദിയും പറഞ്ഞു.

ഇസ്മായിൽ നടത്തുന്നത് അസത്യപ്രചാരണമെന്ന് ഔദ്യോഗിക വിഭാഗം

ഔദ്യോഗിക പക്ഷം എന്ന് അവകാശപ്പെടുന്നവർ പറയുന്നത് ഇങ്ങിനെയാണ്. ഇസ്മായിലിനെതിരെയുള്ള നടപടി കടുത്ത അച്ചടക്കലംഘനം കാരണമാണ്. 2018ലെ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രമ്യതയോടെ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റും പ്രവർത്തകസമിതിയും ചേർന്ന് ഒറ്റക്കെട്ടായി രൂപപ്പെടുത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ പരസ്യമായി തള്ളിപ്പറഞ്ഞും പാർട്ടി നേതാക്കളെ അമാന്യമായ ഭാഷയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറിപറയുകയും ചെയ്തതിന്നാണ് മലപ്പുറം ജില്ലയിൽനിന്നുള്ള ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം കെപി ഇസ്മായിലിനെ പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയതെന്ന് ഐഎൻഎൽ മലപ്പുറം ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽനിന്നും എൽ ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടത് മുതൽ ഇസ്മായിൽ പാർട്ടിക്കും മുന്നണിക്കും എതിരായ നിലപാടുകളാണ് നിരന്തരം സ്വീകരിച്ചു വന്നത്. ഐഎൻഎൽ ന്റെ എൽഡിഎഫ് പ്രവേശനം നീണ്ടുപോയതും വേങ്ങരയിലെ തന്റെ പരാജയവും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കൾക്ക് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള അവിഹിത ബന്ധംമൂലമാണെന്ന് സ്വയം കാരണം കണ്ടെത്തുകയും ദൃശ്യമാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണത്തിന്ന് മുതിരുകയും ചെയ്തത് പാർട്ടി നിയന്ത്രിച്ചതിനാൽ ഒന്നരവർഷത്തോളം പാർട്ടിയിൽനിന്നും പൂർണ്ണമായി അകന്നുനിൽക്കുകയായിരുന്നു ഇസ്മയിൽ. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് അനുനയിപ്പിച്ച് വീണ്ടും നേതൃനിരയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു.

ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഇസ്മായിൽ പിന്തുണച്ച പാനൽ തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പാർട്ടിയിൽ വീണ്ടും ഇദ്ദേഹം കലാപക്കൊടി ഉയർത്തി. പരാജിതരായ വ്യക്തികൾ ദേശീയ നേതൃത്വത്തിന്ന് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിരുന്നു. ഈ പരാതികൾ ജില്ലക്ക് പുറത്തുള്ള പാർട്ടിയുടെ സീനിയർ അംഗങ്ങൾ ഉൾപ്പെട്ട കമ്മീഷൻ പരിശോധിക്കുകയും ആരോപണം ശരിയല്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതുമാണ് ഇസ്മായിൽ ദേശീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കാൻ കാരണം.

പാർട്ടിക്ക് അകത്ത് അഭിപ്രായഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് കൂടി ഇടംനൽകി മലപ്പുറം ജില്ലാകമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഇസ്മായിൽ ഇതും അംഗീകരിക്കാൻ തയ്യാറായില്ല.കഴിഞ്ഞ ഒന്നരവർഷമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരിൽ നിരന്തരം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ ഇസ്മായിലിനെ ഇതിനകം പാർട്ടി ദേശീയ - സംസ്ഥാന നേതൃത്വം പലതവണ ശാസിക്കുകയും സംഘടനാപരമായ അച്ചടക്കനടപടിക്ക് വിധേയമാക്കിയതുമാണ്.

പാർട്ടിയിലെ ഒരു മുതിർന്ന അംഗമെന്ന നിലയിൽ പാർട്ടി ഏറെ വിട്ടുവീഴ്ചക്ക് തയ്യാറായെങ്കിലും ഇസ്മായിൽ പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുക്കുകയായിരുന്നു. ജില്ലയിലെ സംഘടന പ്രശ്‌നങ്ങൾ അന്തിമമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇസ്മായിലിനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉൾപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് അവതരിപ്പിച്ച സമവായ നിർദ്ദേശം അടക്കം ഇസ്മായിൽ തള്ളികളഞ്ഞതോടെ പാർട്ടിയിൽനിന്നും പുറത്താക്കാൻ നിർബന്ധിതമാകുകയായിരുന്നു.

സ്വയം വരുത്തിവെച്ച അച്ചടക്കനടപടിയുടെ പേരിൽ പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഇസ്മായിൽ നടത്തുന്ന അസത്യപ്രചരണങ്ങൾ പൊതുസമൂഹം തള്ളിക്കളയും. പാർട്ടിയെയും എൽഡിഎഫിനെയും ജില്ലയിൽ ശക്തിപ്പെടുത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎൻഎൽ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP