Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിൻവാതിൽ നിയമനം: തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അനധികൃത നിയമനങ്ങളെ വെള്ള പൂശാൻ ശ്രമിക്കുന്നു; സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി തള്ളിപ്പറഞ്ഞ് കളങ്കിത കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കാനാണ് നീക്കം; വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമെന്നും ചെന്നിത്തലയുടെ മറുപടി കത്ത്

പിൻവാതിൽ നിയമനം: തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അനധികൃത നിയമനങ്ങളെ വെള്ള പൂശാൻ ശ്രമിക്കുന്നു; സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി തള്ളിപ്പറഞ്ഞ് കളങ്കിത കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കാനാണ് നീക്കം; വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമെന്നും ചെന്നിത്തലയുടെ മറുപടി കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ നാല് വർഷത്തെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് താൻ ഉന്നയിച്ച കാതലായ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകൾ ഉദ്ധരിച്ച് അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി മറുപടിക്കത്തിൽ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിനുള്ള മറുപടിയിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ 4 വർഷക്കാലയളവിൽ ഇടതുമുന്നണി സർക്കാർ നടത്തിയ ക്രമവിരുദ്ധ കരാർ നിയമനങ്ങൾ, എംപ്ലോയ്‌മെന്റ് എക്സചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങൾ, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകൾ, പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താൽക്കാലിക നിയമനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എന്റെ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമായ ഉത്തരമില്ല.

രാജ്യസുരക്ഷയെയും, സംസ്ഥാനതാൽപര്യത്തേയും അപകടപ്പെടുത്തുന്ന വിധം സ്വർണ്ണ കള്ളക്കത്തുകേസിലെ ക്രിമിനലുകൾക്ക് വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരിന്റെ നിർണ്ണായക സ്ഥാനങ്ങളിൽ നിയമനം ലഭിക്കാനിടയായ സാഹചര്യം, ഇതിലുള്ള സർക്കാരിന്റെ പങ്ക്, ഇത്തരം കരാർ നിയമനങ്ങൾ നമ്മുടെ ഭരണസംവിധാനത്തിൽ വരുത്തിയിട്ടുള്ള അപചയം, ഇക്കഴിഞ്ഞ നാല് വർഷക്കാലയളവിൽ സർക്കാരിന്റെ വിവിധ ലാവണങ്ങളിൽ ക്രമവിരുദ്ധമായി കയറിക്കൂടിയിട്ടുള്ള കരാർ ജീവനക്കാരുടെ യോഗ്യതയുമായി നിലനിൽക്കുന്ന സംശയങ്ങൾ എന്നിവ ഉൾപ്പെടെ താൻ ഉന്നയിച്ചിരുന്ന പല കാതലായ വിഷയങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പരാമർശിച്ചിട്ടില്ല. മാത്രമല്ല ഈ ക്രിമിനലുകൾ തട്ടിപ്പിനായി സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളും, സർക്കാർ ചിഹ്നങ്ങളും, ലെറ്റർപാഡുകളും ഉൾപ്പെടെ ദുരുപയോഗപ്പെടുത്തിയതിനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കത്തിൽ സൂചിപ്പിച്ചിട്ടില്ല.

പിഎസ്എസി മുഖേനയുള്ള പതിവ് നിയമന പ്രക്രിയകളുടെ സ്ഥിതിവിവരണക്കണക്കുകളെ ആസ്പദമാക്കി സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന ക്രമവിരുദ്ധ കരാർ- ദിവസ വേതന നിയമനങ്ങളെ വെള്ളപൂശാനുള്ള വ്യഥാശ്രമമാണ് മുഖ്യമന്ത്രി വീണ്ടും നടത്തുന്നത്. ഈ അനധികൃത സ്ഥിരപ്പെടുത്തലുകളെ സംബന്ധിച്ച താങ്കളുടെ നിലപാടും, സർക്കാരിന്റെ സമീപനവും ഉമാദേവി കേസിന്റെ അന്തസത്തയ്ക്ക് പോലും കടകവിരുദ്ധമാണ്. പ്രസ്തുത വിധിയുടെ ഒരു ഭാഗം മാത്രം സൗകര്യപൂർവ്വം അടർത്തിയെടുത്ത് സർക്കാരിന്റെ ക്രമവിരുദ്ധ നിയമന നടപടികളെ ന്യായീകരിക്കുന്നത് ഉചിതമല്ല. മാത്രമല്ല ആ വിധി ലംഘിച്ചു കൊണ്ടുള്ള നിയമനങ്ങൾ കോടതിയലക്ഷ്യമാണ്.മുഖ്യമന്ത്രി പറഞ്ഞതുപോലെ വിവിധ വകുപ്പുകളിലായി 2020-21 ൽ 11674 താത്കാലിക ജീവനക്കാരാണ് നിലവിൽ ഉള്ളതായി കാണുന്നത്.

ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ താത്ക്കാലിക ജീവനക്കാർ ആയി 341 പേരും ഉണ്ട്. എന്നാൽ, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കീഴിലുള്ള പൊതുമേഖല/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ വൻ ശമ്പളത്തിൽ നിയമനം നേടിയ കരാർ ജീവനക്കാർ ഈ ലിസ്റ്റിൽ വരുന്നില്ല. കൺസൾട്ടൻസിയുടെ മറവിലെ കരാർ നിയമനങ്ങളും ഈ ലിസ്റ്റിൽ വരില്ല. കിഫ്ബി നിയമനങ്ങൾ ഈ ലിസ്റ്റിൽ വരില്ല. ഈ സർക്കാർ നടപ്പാക്കിയ അനധികൃത നിയമനങ്ങളുടെ വിശദവിവരങ്ങൾ ഒന്നുംതന്നെ ബജറ്റിനോടൊപ്പം വയ്ക്കുന്ന സ്റ്റാഫ് ഡീറ്റെയിൽസ് ബുക്കിൽ കാണില്ല.
യാതൊരു തത്വദീക്ഷയും പുലർത്താത്താതെ, പിന്നാമ്പുറ ചർച്ചകളിലൂടെ കൺസൽട്ടസൻസികളെ കണ്ടെത്തി സംസ്ഥാന സർക്കാരിന്റെ സുപ്രധാന പ്രോജക്ടുകളുടെ ഭാഗമാക്കുന്നതും, നിയമനങ്ങൾ നടത്തുന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തിയേയും, കഴിവിനേയും പരസ്യമായി തള്ളിപ്പറഞ്ഞ് ചില കളങ്കിത കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

സംസ്ഥാന താൽപര്യം സംരക്ഷിച്ചുള്ള എല്ലാ വികസന പ്രവർത്തനങ്ങളേയും, പദ്ധതികളേയും സർവ്വാത്മനാ പിന്തുണയ്ക്കുന്ന നയമാണ് യുഡിഎഫ് എല്ലാ കാലത്തും പിന്തുടരുന്നത്. അനാവശ്യമായ വിവാദങ്ങളുയർത്തി സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. ഈ സർക്കാരിന്റെ സമീപകാലത്തെ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആശങ്കൾ എല്ലാം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ മുന്നോട്ട് വച്ചിരുന്നത്. കഴിഞ്ഞ 5 മാസത്തിനുള്ളിൽ നാമമാത്രമായ നിയമനങ്ങളാണ് വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്നും നടന്നിട്ടുള്ളത്. അതിന് മുൻപ് തന്നെ നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 58 ഓളം പിഎസ്‌സി പരീക്ഷകളാണ് നാളിതുവരെ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പുതിയ പരീക്ഷകൾ നടത്തി, ഇന്റർവ്യൂ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് നിരവധി പ്രായോഗികബുദ്ധിമുട്ടുകളും, അനന്തമായ കാലതാമസവും ഉണ്ടാകും. സർക്കാരിന് ഇതേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെങ്കിലും അനധികൃത കരാർ- താൽക്കാലിക നിയമന സാധ്യത മുന്നിൽ കണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞതായി വേണം കരുതാൻ. പിഎസ്‌സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന പുതിയ ഉദ്യോഗാർത്ഥികളുടെ ഏജ് ഓവർ ഉൾപ്പെടെയുള്ള ന്യായങ്ങൾ ഇതിനായി മുന്നോട്ട് വയ്ക്കുന്നതും ഒട്ടും തന്നെ യുക്തി ഭദ്രമല്ല. ഇക്കാര്യത്തെ സംബന്ധിച്ച് ഞാൻ മുൻപ് ഉന്നയിച്ചിട്ടുള്ള പല സംശയങ്ങളും കൂടുതൽ ബലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ ഐടി സെക്രട്ടറി നടത്തിയ എല്ലാ നിയമനങ്ങളും ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ പ്രത്യേക അന്വേഷണത്തിന്റെ വ്യാപ്തിയും, പരിധിയും കൂടുതൽ വർദ്ധിപ്പിച്ച് ഈ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും, ബോർഡ് - കോർപ്പറേഷനുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയിട്ടുള്ള എല്ലാ കരാർ- ദിവസവേതന നിയമനങ്ങളേയും, അനധികൃത സ്ഥിരപ്പെടുത്തലുകളേയും, ഇപ്രകാരം നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഉൾപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും, സർക്കാരിന്റെ നിയമന നടപടികളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ്ണരൂപം ചുവടെ:

ബഹു: മുഖ്യമന്ത്രി,

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അനധികൃത നിയമനങ്ങളെ സംബന്ധിച്ചുള്ള താങ്കളുടെ മറുപടി കത്ത് കിട്ടി. കഴിഞ്ഞ 4 വർഷക്കാലയളവിൽ ഇടതുമുന്നണി സർക്കാർ നടത്തിയ ക്രമവിരുദ്ധ കരാർ നിയമനങ്ങൾ, എംപ്ലോയ്‌മെന്റ് എക്‌ച്ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങൾ, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകൾ, പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താൽക്കാലിക നിയമനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എന്റെ പല ചോദ്യങ്ങൾക്കും ഇനിയും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.


രാജ്യസുരക്ഷയെയും, സംസ്ഥാനതാൽപര്യത്തേയും അപകടപ്പെടുത്തുന്ന വിധം സ്വർണ്ണ കള്ളക്കത്തുകേസിലെ ക്രിമിനലുകൾക്ക് വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരിന്റെ നിർണ്ണായക സ്ഥാനങ്ങളിൽ നിയമനം ലഭിക്കാനിടയായ സാഹചര്യം, ഇതിലുള്ള സർക്കാരിന്റെ പങ്ക്, ഇത്തരം കരാർ നിയമനങ്ങൾ നമ്മുടെ ഭരണസംവിധാനത്തിൽ വരുത്തിയിട്ടുള്ള അപചയം, ഇക്കഴിഞ്ഞ നാല് വർഷക്കാലയളവിൽ സർക്കാരിന്റെ വിവിധ ലാവണങ്ങളിൽ ക്രമവിരുദ്ധമായി കയറിക്കൂടിയിട്ടുള്ള കരാർ ജീവനക്കാരുടെ യോഗ്യതയുമായി നിലനിൽക്കുന്ന സംശയങ്ങൾ എന്നിവ ഉൾപ്പെടെ ഞാൻ ഉന്നയിച്ചിരുന്ന പല കാതലായ വിഷയങ്ങളെക്കുറിച്ചും താങ്കളുടെ മറുപടി കത്തിൽ പരാമർശിച്ചിട്ടില്ല. മാത്രമല്ല ഈ ക്രിമിനലുകൾ തട്ടിപ്പിനായി സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളും, സർക്കാർ ചിഹ്നങ്ങളും, ലെറ്റർപാഡുകളും ഉൾപ്പെടെ ദുരുപയോഗപ്പെടുത്തിയതിനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കത്തിൽ സൂചിപ്പിച്ചിട്ടില്ല.

താത്ക്കാലിക ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് സംസ്ഥാന ബജറ്റിനോടൊപ്പം വയ്ക്കുന്ന സ്റ്റാഫ് ഡീറ്റെയിൽസ് ബുക്ക് ഞാൻ പരിശോധിച്ചപ്പോൾ, മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, 2009-2010 ൽ താത്ക്കാലിക ജീവനക്കാരുടെ എണ്ണം 34413 പേരും, യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2013-14, 2014-15, 2015-16 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 19095, 18584, 13418 എന്നിങ്ങനെയാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ വിവിധ വകുപ്പുകളിലായി 2020-21 ൽ 11674 താത്കാലിക ജീവനക്കാരാണ് നിലവിൽ ഉള്ളതായി കാണുന്നത്. ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ താത്ക്കാലിക ജീവനക്കാർ ആയി 341 പേരും ഉണ്ട്. എന്നാൽ, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കീഴിലുള്ള പൊതുമേഖല/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ വൻ ശമ്പളത്തിൽ നിയമനം നേടിയ കരാർ ജീവനക്കാർ ഈ ലിസ്റ്റിൽ വരില്ല, കൺസൾട്ടൻസിയുടെ മറവിലെ കരാർ നിയമനങ്ങൾ ഈ ലിസ്റ്റിൽ വരില്ല. കിഫ്ബി നിയമനങ്ങൾ ഈ ലിസ്റ്റിൽ വരില്ല. ഈ സർക്കാർ നടപ്പാക്കിയ അനധികൃത നിയമനങ്ങളുടെ വിശദവിവരങ്ങൾ ഒന്നുംതന്നെ ബജറ്റിനോടൊപ്പം വയ്ക്കുന്ന സ്റ്റാഫ് ഡീറ്റെയിൽസ് ബുക്കിൽ കാണില്ല.

യാതൊരു തത്വദീക്ഷയും പുലർത്താത്താതെ, പിന്നാമ്പുറ ചർച്ചകളിലൂടെ കൺസൽട്ടസൻസികളെ കണ്ടെത്തി സംസ്ഥാന സർക്കാരിന്റെ സുപ്രധാന പ്രോജക്ടുകളുടെ ഭാഗമാക്കുന്നതും, നിയമനങ്ങൾ നടത്തുന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തിയേയും, കഴിവിനേയും പരസ്യമായി തള്ളിപ്പറഞ്ഞ് ചില കളങ്കിത കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

പിഎസ്എസി മുഖേനയുള്ള പതിവ് നിയമന പ്രക്രിയകളുടെ സ്ഥിതിവിവരണക്കണക്കുകളെ ആസ്പദമാക്കി സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന ക്രമവിരുദ്ധ കരാർ- ദിവസ വേതന നിയമനങ്ങളെ വെള്ളപൂശാനുള്ള വ്യഥാശ്രമമാണ് താങ്കൾ വീണ്ടും നടത്തുന്നത്. ഈ അനധികൃത സ്ഥിരപ്പെടുത്തലുകളെ സംബന്ധിച്ച താങ്കളുടെ നിലപാടും, സർക്കാരിന്റെ സമീപനവും ഉമാദേവി കേസിന്റെ അന്തസത്തയ്ക്ക് പോലും കടകവിരുദ്ധമാണ്. പ്രസ്തുത വിധിയുടെ ഒരു ഭാഗം മാത്രം സൗകര്യപൂർവ്വം അടർത്തിയെടുത്ത് സർക്കാരിന്റെ ക്രമവിരുദ്ധ നിയമന നടപടികളെ ന്യായീകരിക്കുന്നത് ഉചിതമല്ല.

ഉമാദേവി കേസിലുള്ള ബഹു. സുപ്രീംകോടതി വിധിയുടെ അന്തസത്ത യഥാർത്ഥത്തിൽ ചുവടെ ചേർക്കുന്നതാണ്.
'........................................... In that context, the Union of India, the State Governments and their instrumentalities should take steps to regularize as a one time measure, the services of such irregularly appointed, who have worked for ten years or more in duly sanctioned posts but not under cover of orders of courts or of tribunals and should further ensure that regular recruitments are undertaken to fill those vacant sanctioned posts that require to be filled up, in cases where temporary employees or daily wagers are being now employed. The process must be set in motion within six months from this date. We also clarify that regularization, if any already made, but not subjudice, need not be reopened based on this judgment, but there should be no further by-passing of the constitutional requirement and regularizing or making permanent, those not duly appointed as per the constitutional scheme

പ്രസ്തുത വിധിയെ ലംഘിച്ചുകൊണ്ടുള്ള സ്ഥിരപ്പെടുത്തലുകളാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് വ്യക്തമാണ്. ഇത് കോടിയലക്ഷ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ വ്യക്തമായ നിയമോപദേശം തേടാൻ സർക്കാർ സന്നദ്ധമാവണം.. ധനകാര്യവകുപ്പിന്റെ 13.05.2015 ലെ 48/2015/ധന നമ്പർ സർക്കുലർ പ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും, സ്വയംഭരണസ്ഥാപനങ്ങളുടെയും സ്ഥിരനിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നതാണ്. അതും ഇപ്പോൾ പാലിക്കപ്പെടുന്നില്ല.
സംസ്ഥാന താൽപര്യം സംരക്ഷിച്ചുള്ള എല്ലാ വികസന പ്രവർത്തനങ്ങളേയും, പദ്ധതികളേയും സർവ്വാത്മനാ പിന്തുണയ്ക്കുന്ന നയമാണ് യുഡിഎഫ് എല്ലാ കാലത്തും പിന്തുടരുന്നത്. അനാവശ്യമായ വിവാദങ്ങളുയർത്തി സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന താങ്കളുടെ വാദം ബാലിശമാണ്. ഈ സർക്കാരിന്റെ സമീപകാലത്തെ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആശങ്കൾ എല്ലാം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ മുന്നോട്ട് വച്ചിരുന്നത്. കഴിഞ്ഞ 5 മാസത്തിനുള്ളിൽ നാമമാത്രമായ നിയമനങ്ങളാണ് വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്നും നടന്നിട്ടുള്ളത്. അതിന് മുൻപ് തന്നെ നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 58 ഓളം പിഎസ്‌സി പരീക്ഷകളാണ് നാളിതുവരെ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പുതിയ പരീക്ഷകൾ നടത്തി, ഇന്റർവ്യൂ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് നിരവധി പ്രായോഗികബുദ്ധിമുട്ടുകളും, അനന്തമായ കാലതാമസവും ഉണ്ടാകും. സർക്കാരിന് ഇതേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെങ്കിലും അനധികൃത കരാർ- താൽക്കാലിക നിയമന സാധ്യത മുന്നിൽ കണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞതായി വേണം കരുതാൻ. പിഎസ്‌സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന പുതിയ ഉദ്യോഗാർത്ഥികളുടെ ഏജ് ഓവർ ഉൾപ്പെടെയുള്ള ന്യായങ്ങൾ ഇതിനായി മുന്നോട്ട് വയ്ക്കുന്നതും ഒട്ടും തന്നെ യുക്തി ഭദ്രമല്ല. ഇക്കാര്യത്തെ സംബന്ധിച്ച് ഞാൻ മുൻപ് ഉന്നയിച്ചിട്ടുള്ള പല സംശയങ്ങളും കൂടുതൽ ബലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ ഐടി സെക്രട്ടറി നടത്തിയ എല്ലാ നിയമനങ്ങളും ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ പ്രത്യേക അന്വേഷണത്തിന്റെ വ്യാപ്തിയും, പരിധിയും കൂടുതൽ വർദ്ധിപ്പിച്ച് ഈ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും, ബോർഡ് - കോർപ്പറേഷനുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയിട്ടുള്ള എല്ലാ കരാർ- ദിവസവേതന നിയമനങ്ങളേയും, അനധികൃത സ്ഥിരപ്പെടുത്തലുകളേയും, ഇപ്രകാരം നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഉൾപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും, സർക്കാരിന്റെ നിയമന നടപടികളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്നും താൽപര്യപ്പെടുന്നു.
വിശ്വസ്തതയോടെ,

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP