Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്‌ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം

പഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്‌ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഞ്ചാബിലെ അമരീന്ദർ മാജിക്ക് തുണയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ. യുപിയിലെ തിരിച്ചടിയോടെ ദുർബ്ബലമായ കോൺഗ്രസ് ഹൈക്കമാണ്ടിന് ഇനി ഉമ്മൻ ചാണ്ടിയിൽ അഭയം പ്രാപിക്കുക മാത്രമാണ് കേരളത്തിൽ ഏക പോംവഴി. കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയാണ്. അതുകൊണ്ട് തന്നെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ നയിക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഹൈക്കമാണ്ട് വയ്ക്കുമെന്നാണ് സൂചന. ഇത് ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞാൽ മാത്രം മറ്റൊരാൾ കെപിസിസിയുടെ അധ്യക്ഷനാകുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയാകും നല്ല അധ്യക്ഷനെന്ന നിലപാട് എകെ ആന്റണിയും സ്വീകരിച്ചതായാണ് സൂചന.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കോ പ്രതിപക്ഷ നേതൃപദത്തിലേയ്‌ക്കോ ഉമ്മൻ ചാണ്ടിയെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കളും യുഡിഎഫ് മുന്നണിനേതാക്കളും ഹൈക്കമാൻഡിനെ അറിയിക്കും. ഗ്രൂപ്പു നേതാക്കളുടെ കണ്ണിലെ കരടായി മാറിയ വി എം സുധീരനെ പുറത്താക്കാൻ ഒറ്റക്കെട്ടായാണ് നേതാക്കൾ കെണിയൊരുക്കിയത്. ഇതിനായുള്ള എല്ലാ തന്ത്രങ്ങളും അണിയറയിൽ മെനഞ്ഞ ഉമ്മൻ ചാണ്ടിക്ക് പൂർണ പിന്തുണ നൽകിയ ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും സുധീരന്റെ രാജിയോടെ വെട്ടിലായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടിയെ പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവി അദ്ദേഹത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയം രമേശ് ചെന്നിത്തലയ്ക്കുണ്ട്. കാരണം യുഡിഎഫിലെ ഘടകകക്ഷികളെല്ലാം ഉമ്മൻ ചാണ്ടിക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാൻ രമേശ് ചെ്ന്നിത്തലയും മുന്നിൽ നിൽക്കുമെന്നാണ് സൂചന.

പുതിയ കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച സുപ്രധാന തീരുമാനം നീണ്ടുപോകില്ലെന്നാണ് സൂചന. എ ഗ്രൂപ്പ് ഒന്നടക്കം ഉമ്മൻ ചാണ്ടിക്ക് പിന്നിലാണ്. ഉമ്മൻ ചാണ്ടി തന്നെ പ്രസിഡന്റാകണം എന്ന എയുടെ അഭിപ്രായം തിരുവഞ്ചൂർ രാധാകൃഷ്ണൻ പരസ്യമായി പറഞ്ഞു കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പുനരാലോചനയില്ലെന്നാണു തന്നോടു ബന്ധപ്പെടുന്നവരോടെല്ലാം ഉമ്മൻ ചാണ്ടിയുടെ മറുപടി. എന്നാൽ പഞ്ചാബിലെ വിജയവുമായി ബന്ധപ്പെട്ട് ഹൈക്കമാണ്ട് നേരിട്ട് ആവശ്യപ്പെട്ടാൽ ഉമ്മൻ ചാണ്ടി പദവി ഏറ്റെടുക്കും. ഇനി ഉമ്മൻ ചാണ്ടി വിസമ്മതം പ്രകടിപ്പിച്ചാൽ പോലും അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും മുൻഗണന. യുപി തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി അതീവ ദുർബ്ബലനായി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾക്ക് വീണ്ടും പ്രാധാന്യം കൂടുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം താൻ പരസ്യമായി ഉന്നയിച്ചുവന്നതാണ്. അപ്പോൾ സുധീരനു പകരം താൻ പ്രസിഡന്റായാൽ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം സുധീരനെ ഉന്നമിട്ടായിരുന്നു എന്നാകും വ്യാഖ്യാനം. പദവികളിലേക്കില്ല എന്നു നേരത്തേ പറഞ്ഞതാണ്. വാക്കു മാറ്റി പ്രവർത്തിക്കില്ലെന്ന് ഉമ്മൻ ചാണ്ടി തീർത്തു പറയുന്നു. ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം.ഹസൻ, പി.ടി.തോമസ്, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എന്നിവരുടേതാണ് എയിൽ ഉയരുന്ന പേരുകൾ. അതിനിടെ കെ മുരളീധരനെ എയിലേക്ക് എത്തിച്ച് കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായവും സജീവമാണ്. നായരായ രമേശ് ചെന്നിത്തലയാണ് നിലവിൽ പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ സാമുദായിക പരിഗണന പ്രകാരം ക്രൈസ്തവരെ കെപിസിസി നേതൃത്വം ഏൽപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.

പ്രതിപക്ഷ നേതാവ് ഐ വിഭാഗത്തിൽനിന്നായിരിക്കെ എയിൽനിന്നൊരാൾ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു വരും എന്നാണു പ്രചാരണമെങ്കിലും ഹൈക്കമാൻഡ് ഗ്രൂപ്പൊന്നും നോക്കില്ല എന്ന പ്രതീക്ഷയിലാണ് ഐ നേതാക്കൾ. എന്നാൽ ആന്റണിയുടെ മനസ്സാകും നിർണ്ണായകമെന്ന് അവർക്ക് അറിയാം. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവർ നല്ല പ്രതീക്ഷയിലാണ്. പ്രസിഡന്റാകാനില്ലെന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കെ സുധാകരനും ചരടുവലികൾ സജീവമാക്കുന്നു. പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ഏറ്റുമുട്ടി നിൽക്കാൻ തനിക്കു സാധിക്കും എന്നാണു കെ.സുധാകരന്റെ പ്രതീക്ഷ.

പ്രതിപക്ഷ നേതാവ് ഭൂരിപക്ഷവിഭാഗത്തിൽനിന്നായിരിക്കെ കെപിസിസി അധ്യക്ഷൻ ന്യൂനപക്ഷവിഭാഗത്തിൽനിന്നായിരിക്കും ഉചിതം എന്ന വാദം കെ.വി.തോമസിനും സാധ്യത നൽകുന്നു. ഡൽഹി ബന്ധങ്ങളും ഗ്രൂപ്പിനതീതമായ പ്രവർത്തനശൈലിയും അനുകൂലഘടകങ്ങളുമാണ്. എ.കെ.ആന്റണിയുമായുള്ള അടുത്തബന്ധവും അനുഭവസമ്പത്തുമുള്ള മുല്ലപ്പള്ളി രാമചന്ദ്രനും പ്രതീക്ഷയിൽ. എന്നാൽ കെട്ടിയിറക്ക് വേണ്ടെന്ന ഹൈക്കമാണ്ട് തീരുമാനം ചർച്ചകൾ ഉമ്മൻ ചാണ്ടിയിലേക്ക് എത്തുമെന്നാണ് സൂചന. ഗ്രൂപ്പിനതീതമായി പാർട്ടിയെ കൊണ്ടുനടക്കുമ്പോൾത്തന്നെ ഇരുഗ്രൂപ്പുകളുടെയും പിന്തുണ ആർജിക്കാൻ കഴിയുന്ന നേതാവ് എന്നതിലാണു പൊതുധാരണ. ഇതും ഉമ്മൻ ചാണ്ടിക്ക് തന്നെയാണ് കൂടുതൽ സാധ്യത നൽകുന്നതും.

അതിനിടെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങിയ സുധീരൻ ഉപദേശി വേഷത്തിൽ എത്തിക്കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്പരം മത്സരിക്കുന്നത് അത്യന്തം അപകടമാണെന്നാണ് ഉപദേശിക്കുന്നത്. പരസ്പര മത്സരത്തെക്കുറിച്ച് നേതാക്കൾ ചിന്തിക്കാൻ പോലും പാടില്ലാത്ത കാലമാണിത്. കോൺഗ്രസ് വലിയ വെല്ലുവിളിയാണ് ദേശീയതലത്തിൽ നേരിടുന്നത്. നേതാക്കൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ കോൺഗ്രസിന് രക്ഷയുള്ളൂ. നേതാക്കൾ വിഘടിച്ചു നിന്നാൽ താഴേത്തട്ടിൽ അണികൾക്കിടയിലും യോജിപ്പുണ്ടാകില്ല. ഇത് കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP