Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശ്‌നപരിഹാരമായില്ല; അഞ്ചിന് വീണ്ടും ചർച്ച; ജെഡിയു ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി; ഗൗരവമായെടുത്തതിൽ സന്തോഷമെന്ന് വീരേന്ദ്രകുമാർ

പ്രശ്‌നപരിഹാരമായില്ല; അഞ്ചിന് വീണ്ടും ചർച്ച; ജെഡിയു ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി; ഗൗരവമായെടുത്തതിൽ സന്തോഷമെന്ന് വീരേന്ദ്രകുമാർ

കോഴിക്കോട്: ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ച വിജയിച്ചില്ല. അഞ്ചിന് വീണ്ടും ജനതാദൾ നേതാവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതിനിടെ വീരേന്ദ്രകുമാറുമായി രാത്രി ഏഴിന് ചർച്ച നടത്തുമെന്ന നിലപാടുമായി പി സി ജോർജും രംഗത്തെത്തി.

ജെഡിയുവിനെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ വീരേന്ദ്രകുമാർ തൽക്കാലം അടങ്ങിയിരിക്കുകയാണ്. ജെഡിയു ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കോഴിക്കോട്ടു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം പി വീരേന്ദ്രകുമാറിന് ഉറപ്പുനൽകി.

വിഷയങ്ങൾ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് എം പി വീരേന്ദ്രകുമാർ പ്രതികരിച്ചു. യുഡിഎഫിന്റെ വടക്കൻ മേഖലാ ജാഥയിൽ സഹകരിക്കുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

ജെഡിയു ഉന്നയിച്ചത് രാഷ്ട്രീയ പ്രശ്‌നങ്ങൾ ആണെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. ചർച്ചയിലൂടെ ഇതെല്ലാം പരിഹരിക്കും. ജെഡിയുവിന് അർഹമായ പരിഗണന യുഡിഎഫിൽ നൽകിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അഞ്ചിന് വീണ്ടും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിൽ കെപിസിസി ജനറൽ സെക്രട്ടറി ടി സിദ്ധീഖ്, എം.കെ രാഘവൻ എംപി എന്നിവരും പങ്കെടുത്തു. ചൊവ്വാഴ്‌ച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തുമെന്ന് വീരേന്ദ്ര കുമാർ നേരത്തെ അറിയിച്ചിരുന്നു.

യു.ഡി.എഫ് യോഗത്തിൽ നിന്നും വിട്ടിനിൽക്കാൻ ജെഡിയു ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സമവായ ശ്രമങ്ങളുമായി രംഗത്തെത്തിയത്. ജെഡിയുവിന് യു.ഡി.എഫിൽ അവഗണനയാണ് ലഭിക്കുന്നതെന്ന് എംപി വീരേന്ദ്രകുമാർ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പാലക്കാട്ടെ തോൽവി സംബന്ധിച്ച് അന്വേഷണം നടത്തിയ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. നിലവിൽ ജെഡിയു മുന്നണി വിട്ടുപോയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടാണ് അനുനയ ശ്രമങ്ങളുമായി കോൺഗ്രസ് നേതാക്കൾ മുന്നിട്ടിറങ്ങുന്നത്.

വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കുകയും പാർട്ടി യു.ഡി.എഫ് വിടുന്നത് തടയുകയുമാണ് മുഖ്യമന്ത്രിയുടെ ദൗത്യം. പാലക്കാട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംപി.വീരേന്ദ്രകുമാർ തോറ്റത് സംബന്ധിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോർട്ടിൽ നടപടി എടുക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ചർച്ച ചെയ്യും. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ ഉൾപ്പടെ നാല് കോൺഗ്രസ് നേതാക്കളെ പാലക്കാട് തോൽവിയിൽ കുറ്റക്കാരായി സമിതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് ജെഡിയുവിന്റെ വിന്റെ ആവശ്യം. പാർട്ടി ഉന്നയിച്ച സംഘടനാപരമായ മറ്റ് പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കും.

അതേസമയം, ദേശീയ തലത്തിൽ ദൾ കക്ഷികൾ ഒന്നിച്ച് ജനതാ പരിവാർ രൂപം കൊള്ളുന്ന സാഹചര്യത്തിൽ കേരളത്തിലും രണ്ടു ദൾ പാർട്ടികളും ഒന്നിക്കേണ്ടി വരും. അപ്പോൾ സംയുക്ത പാർട്ടി എവിടെ നിൽക്കും എന്നതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുമായി വീരേന്ദ്രകുമാർ നടത്തുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകാനിടയില്ല. ദേശീയ നേതൃത്വത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്ന് വീരേന്ദ്രകുമാർ മുഖ്യമന്ത്രിയെ അറിയിക്കും. ദേശീയ തലത്തിലെ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് ദൾ നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഇടതുമുന്നണി ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്.

വീരേന്ദ്ര കുമാന്റെ ദൾ ഘടകം യു.ഡി.എഫ് വിടാൻ തീരുമാനിച്ചാൽ മന്ത്രിസഭയുടെ പിന്തുണ 71 ആയി ചുരുങ്ങും. കേവല ഭൂരിപക്ഷത്തിലേക്ക് മന്ത്രിസഭ എത്തും എന്നാണ് അതിനർത്ഥം. കടുത്ത അനിശ്ചിതത്വമായിരിക്കും അത് സൃഷ്ടിക്കുക. അതുകൊണ്ട് കൂടിയാണ് വീരേന്ദ്രകുമാറുമായി നേരിട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP