Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; മേൽനോട്ട സമിതിയുടെ കടിഞ്ഞാൻ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി; അധികാര വിഭജനം കൃത്യതയോടെ; തർക്കങ്ങൾക്ക് വിരാമമിട്ട് ഒന്നിച്ച് മുന്നേറാൻ കോൺഗ്രസ് നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; മേൽനോട്ട സമിതിയുടെ കടിഞ്ഞാൻ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി; അധികാര വിഭജനം കൃത്യതയോടെ; തർക്കങ്ങൾക്ക് വിരാമമിട്ട് ഒന്നിച്ച് മുന്നേറാൻ കോൺഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മേൽനോട്ട സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. തർക്കങ്ങൾക്ക് വിരാമമിട്ട് സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളിൽ കൂട്ടായ തീരുമാനത്തോടെ മുന്നോട്ടുപോകാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ മേൽനോട്ട സമിതിയുടെ ചുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏറ്റെടുത്തു.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് മേൽ നോട്ടസമിതിയുടെ യോഗം ചേർന്നത്. സീറ്റ് വിഭജനം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യം വന്നപ്പോൾ മൈക്ക് യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയ ഉമ്മൻ ചാണ്ടി അധികര വിഭജനം സംബന്ധിച്ച കൃത്യമായ സന്ദേശം നൽകി. കെ മുരളീധരനും വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. ഇതിന്റെ കാരണങ്ങളും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ അദ്ദേഹം രമേശ് ചെന്നിത്തലയെ ഏൽപിച്ചു. ഇത്തവണ പരസ്യ ചർച്ചകളല്ല നടക്കുകയെന്നും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഘടക കക്ഷികളുമായി അനൗദ്യോഗിക സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.

ജനുവരി 31ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയ്ക്ക് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. കേരള ഐശ്വര്യ യാത്ര എന്നാണ് യാത്രയുടെ പേര്. യാത്രയുടെ ചുമതല അതത് ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർക്കായിരിക്കും. കോൺഗ്രസിന് എംപിമാരില്ലാത്ത ജില്ലകളിൽ മറ്റ് നേതാക്കളെ നിയമിച്ചിട്ടുണ്ട്. കോട്ടയത്തിന്റെ ചുമതല തനിക്കാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി സിദ്ദിഖിനാണ് മലപ്പുറത്തിന്റെ ചുമതല. വയനാടിന്റെയും ആലപ്പുഴയുടെയും ഉത്തരവാദിത്തം കെസി വേണുഗോപാലിനാണെന്നും അദ്ദേഹം അറിയിച്ചു.

ഐശ്വര കേരളം യാത്രയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 'കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷത്തിൽ വെച്ച് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും'.

ശശി തരൂർ നാല് ദിവസം യുവാക്കളും വിദ്യാർത്ഥികളുമടക്കം വിവിധ വിഭാഗങ്ങളുമായി സംവദിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശശി തരൂർ എത്തുക. പ്രകടനപത്രിക കോൺഗ്രസിന്റെ മാത്രം ചർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമാവരുത് എന്നുള്ളതുകൊണ്ടാണ് തരൂരിനെ ആളുകളുമായി സംവദിക്കാൻ ഉത്തരവാദിത്തപ്പെടുത്തിയിരിക്കുന്നത്.

കെവി തോമസ് പാർട്ടി വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. അദ്ദേഹം കോൺഗ്രസിൽത്തന്നെയുണ്ട്. തുടർന്നുമുണ്ടാകും. യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കോൺഗ്രസിൽ ജനാധിപത്യ രീതികളാണുള്ളത്. പാർട്ടിയിൽ ആർക്ക് എന്ത് പ്രശ്നമുണ്ടായാലും ചർച്ച ചെയ്യും. ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ അവരെ തള്ളിക്കളയുകയല്ല ചെയ്യുക. അവരെ ഉൾക്കൊണ്ട് അവരുടെ ആവശ്യങ്ങളറിയും. അവരുടെ പ്രശ്നങ്ങൾ മനസിലാക്കും. അതനുസരിച്ച് ജനാധിപത്യ പാർട്ടി പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കും. കെവി തോമസ് തിരുവനന്തപുരത്തുണ്ടെങ്കിൽ ഞങ്ങൾ കാണും, സംസാരിക്കും. സംശയമെന്താ?', ഉമ്മൻ ചാണ്ടി പറഞ്ഞു.

നേമം ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ പരാമർശത്തോടും അദ്ദേഹം പ്രതികരിച്ചു. 'നേമം ഗുജറാത്ത് പോലെയാണെന്ന് പറഞ്ഞത് ശരിയാണ്. എല്ലാവിധ മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ഗുജറാത്ത്. അങ്ങനെയൊരു സ്ഥലമായി നേമത്തെ അദ്ദേഹം വിശേഷിപ്പിച്ചത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. നേമം യുഡിഎഫ് പിടിച്ചെടുക്കുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഞങ്ങൾ മുന്നോട്ടുപോവുന്നത്. നേമത്ത് നല്ല വിജയപ്രതീക്ഷയുണ്ട്', ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP