Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശിഹാബ് തങ്ങളും സിപിഎമ്മിൽ ചേർന്നു? പാണക്കാട് തങ്ങൾ അല്ലെന്ന് മാത്രം! ലീഗ് താനൂർ നഗരസഭ നേതാവ് പടാട്ടിൽ ശിഹാബ് തങ്ങളും എസ്ഡിപിഐ പ്രവർത്തകൻ അബ്ദുൽ കരീമും സിപിഎമ്മിലേക്ക് കൂടുമാറി; വർഗീയ കക്ഷികളുമായുള്ള സഖ്യം ലീഗ് തിരുത്തിയില്ലെങ്കിൽ ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് തങ്ങൾ; ഇരുവരെയും മാലയിട്ട് സ്വീകരിച്ച് പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി പി.വി.അൻവർ

ശിഹാബ് തങ്ങളും സിപിഎമ്മിൽ ചേർന്നു? പാണക്കാട് തങ്ങൾ അല്ലെന്ന് മാത്രം! ലീഗ് താനൂർ നഗരസഭ നേതാവ് പടാട്ടിൽ ശിഹാബ് തങ്ങളും എസ്ഡിപിഐ പ്രവർത്തകൻ അബ്ദുൽ കരീമും സിപിഎമ്മിലേക്ക് കൂടുമാറി; വർഗീയ കക്ഷികളുമായുള്ള സഖ്യം ലീഗ് തിരുത്തിയില്ലെങ്കിൽ ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് തങ്ങൾ; ഇരുവരെയും മാലയിട്ട് സ്വീകരിച്ച് പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി പി.വി.അൻവർ

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിം ലീഗ് താനൂർ നഗരസഭ ആറാം വാർഡ് കമ്മിറ്റി പ്രസിഡന്റ് പട്ടാട്ടിൽ ശിഹാബ് തങ്ങളും എസ്ഡിപിഐ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ബീരാൻക്കാനകത്ത് അബ്ദുൽകരീമും സ്വന്തംപാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. മുസ്ലിംലീഗ്, എസ്ഡിപിഐ എന്നീ പാർട്ടികൾ നിന്നും രാജിവച്ചാണ് ഇരുവരും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്,

മുസ്ലിം ലീഗിന്റെ പ്രവർത്തനം വർഗീയത മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തോൽവി മുന്നിൽക്കണ്ട് വർഗീയ പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ഇനിയും ഒട്ടേറെ പേർ മുസ്ലിം ലീഗിൽ നിന്നും രാജിവയ്ക്കുമെന്ന് ശിഹാബ് തങ്ങൾ പറഞ്ഞു. മത സൗഹാർദ്ദത്തിനപ്പുറം വർഗീയത പടർത്തുന്ന എസ്ഡിപിഐ രാഷ്ട്രീയത്തോട് യോജിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് അബ്ദുൽ കരീം പറഞ്ഞു. രണ്ടു പേരെയും പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി അൻവർ മാലയിട്ടു സ്വീകരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.ജയൻ, താനൂർ ലോക്കൽ സെക്രട്ടറി സമദ് താനാളൂർ എന്നിവർ സംസാരിച്ചു.

ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽനിന്നുമാണ് ഇരുവരും സിപിഎമ്മിലെത്തിയത് എന്നതിനാൽ തന്നെ ഇത് എൽഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിനെ ഇളക്കി മറിച്ചും ആവേശത്തിരയിളക്കിയുമായിരുന്നു ഞായറാഴ്‌ച്ച എൽഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിന്റെ തിരൂർ മണ്ഡലത്തിലെ പര്യടനം.

വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചും വിദ്യാർത്ഥികളോടപ്പം സെൽഫിയെടുത്തും തൊഴിലുറപ്പു തൊഴിലാളികളുടെ സങ്കടം കേട്ടും ഗ്രാമവീഥികളിലൂടെ സ്വീകരണം ഏറ്റുവാങ്ങി പര്യടനം പുരോഗമിച്ചു. സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും വീടുകളിലും റോഡരികിലുമെല്ലാം വയോധികരും അമ്മമാരും കുട്ടികളുമൊക്കെ കാത്തു നിൽപ്പുണ്ടായിരുന്നു.അവരെയെല്ലാം തൊഴുതും കൈ വീശി അഭിവാദ്യം ചെയ്തും പര്യടനം മുന്നോട്ടുനീങ്ങി.

തിരൂർ മാങ്ങാട്ടിരി ജംക്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ആവേശം പകർന്ന് നാസിക് ഡോൽ സംഘത്തിന്റെ മേളം എത്തിയതോടെ ജംക്ഷൻ ഉണർന്നു. അപ്പോഴേക്കും കൊടികളേന്തിയും ഇരുചക്ര വാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായി യുവാക്കളടക്കമുള്ള പ്രവർത്തകരുടെ അകമ്പടിയോടെ പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ പടനായകൻ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.പിന്നീട് നേതാക്കൾ സ്ഥാനാർത്ഥിയെയും കൂട്ടി അവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെല്ലാം കയറി വോട്ടഭ്യർഥിച്ചും സ്വീകരണത്തിന് നന്ദി പറഞ്ഞും മടക്കം. ഈസ്റ്റ് അരിക്കാഞ്ചിറ ജംക്ഷനിലെ പര്യടനം കഴിഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങിയപ്പോൾ പറവണ്ണ റഹ്മത്താബാദ് തീരദേശത്ത് സ്ഥാനാർത്ഥിയെ കാത്ത് സ്ത്രീകളടക്കമുള്ളവർ നിൽപ്പുണ്ടായിരുന്നു.

അവരുടെ സ്വീകരണവും ഏറ്റുവാങ്ങിയും കുട്ടികളോടപ്പം കാൽപന്തുകളിച്ചും അടുത്ത സ്ഥലത്തേക്ക്. അൽപദൂരം പിന്നിട്ടപ്പോൾ തൃക്കണ്ടിയൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ കേന്ദ്ര സർക്കാരിന്റെ തടസ്സമൂലം വേതനം കിട്ടാത്തതിന്റെ സങ്കടം പറയാൻ ഓടിവരുന്നു.അവരുടെ വേദനകൾക്കു കാതോർത്ത ശേഷം പോയത് തിരൂർ ബസ് സ്റ്റാൻഡിലേക്ക്. അവിടെ ചെന്നപ്പോൾ ഉത്സവത്തിന്റെ അന്തരീക്ഷമായിരുന്നു. സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിച്ച പ്ലക്കാർഡുകളും കൊടികളുമേന്തി യുവാക്കൾ കാത്തുനിന്നിരുന്നു.

അവർക്കൊപ്പം സ്ഥാനാർത്ഥിയും കൂടിയതോടെ ജംക്ഷനെ ഇളക്കിമറിച്ചുള്ള പ്രകടനം. തുടർന്ന് കടകളിൽ കയറിയിറങ്ങി വോട്ടഭ്യർഥിച്ച് മടക്കം. ഉച്ചയ്ക്ക് ശേഷം വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം നടത്തി രാത്രി വൈകി അല്ലൂരിൽ സമാപിച്ചു.ഇടതുനേതാക്കളായ സൈനുദ്ദീൻ, വിജയകുമാർ ആതവനാട്, പി കുഞ്ഞുമൂസ, അഡ്വ. ഹംസ, പി ശ്രീനിവാസൻ, അലവി, ഷെമീർ പയ്യനങ്ങാടി, ഗഫൂർ പി ലില്ലീസ്, ഹംസകുട്ടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP