Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പ് അരാഷ്ട്രീയ മന്ദബുദ്ധികളുടേതെന്ന് ഇടതു ചിന്തകൻ കെടി കുഞ്ഞിക്കണ്ണൻ; ഇവർ തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം; ലക്ഷ്യം സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കുക; കടുത്ത വിമർശനവുമായി ഇടത് സർവീസ് സംഘടനകളും; രാജ്യത്തെ 60 തികഞ്ഞ മുഴുവൻ പേർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം എന്ന ആവശ്യം ഉന്നയിച്ച വൺ ഇന്ത്യാ വൺ പെൻഷൻ കൂട്ടായ്മയെ ശക്തമായി എതിർത്ത് സിപിഎം

വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പ് അരാഷ്ട്രീയ മന്ദബുദ്ധികളുടേതെന്ന് ഇടതു ചിന്തകൻ കെടി കുഞ്ഞിക്കണ്ണൻ; ഇവർ തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം; ലക്ഷ്യം സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കുക; കടുത്ത വിമർശനവുമായി ഇടത് സർവീസ് സംഘടനകളും; രാജ്യത്തെ 60 തികഞ്ഞ മുഴുവൻ പേർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം എന്ന ആവശ്യം ഉന്നയിച്ച വൺ ഇന്ത്യാ വൺ പെൻഷൻ കൂട്ടായ്മയെ ശക്തമായി എതിർത്ത് സിപിഎം

എം മാധവദാസ്

കോഴിക്കോട്: വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ മുക്കിലും മൂലയിലും ചർച്ചയായ വിഷയമാണ് 'വൺ ഇന്ത്യാ വൺ പെൻഷൻ' എന്ന ആശയം. രാജ്യത്തെ 60 തികഞ്ഞ മുഴുവൻ പേർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം എന്ന ആവശ്യവുമായി തുടങ്ങിയ കാമ്പയിന് വലിയ സ്വീകരണമാണ്, കേരളത്തിലെ സാധാരണക്കാരിൽനിന്ന് കിട്ടിയത്. ഒരു പാർട്ടിയുടെയോ വ്യക്തമായി ഒരു സംഘടനയുടെയോ പിൻബലമില്ലാതെ ഒരു വാട്സാപ്പ് കൂട്ടായ്മയിൽനിന്ന് കേരളം മുഴുവൻ പടർന്നു പന്തലിച്ച ഈ സംഘടനയോട് ഇതുവരെ രാഷ്ട്രീയ പാർട്ടികളും അനുഭാവ പൂർണ്ണമായ സമീപണമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സിപിഎം വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചിരിക്കയാണ്. കോവിഡന്റെ മറവിൽ പെരുക അരാഷ്ട്രീയ സംഘങ്ങളിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും പെടരുത് എന്ന കൃത്യമായ നിർദ്ദേശം ഇപ്പോൾ സിപിഎം നേതാക്കൾ നൽകുന്നുണ്ട്. മാത്രമല്ല എൻജിഒ യൂണിയൻ അടക്കമുള്ള ഇടതുസർവീസ് സംഘടനകളും വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെതിരെ സൈബർ കാമ്പയിനുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിന്റെ ആദ്യഭാഗമെന്നോണം സിപിഎം സൈദ്ധാന്തികനും , കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണന്റെ ഒരു ലേഖനമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അരാഷ്ട്രീയ മന്ദബുദ്ധികൾ എന്നാണ് വൺ ഇന്ത്യാ വൺ പെൻഷൻ ഗ്രൂപ്പിനെ കുഞ്ഞിക്കണ്ണൻ വിശേഷിപ്പിക്കുന്നത്. തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘമായ ഇവരുടെ ലക്ഷ്യം സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി- കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കുകയാണ്. തികച്ച കോർപ്പറേറ്റ് അനുകൂലികളും മോദി സർക്കാറിന്റെ അനുകൂലികളുമാണ് ഇവരെന്നും കുഞ്ഞിക്കണ്ണൻ ആരോപിക്കുന്നു. അതുപോലെതന്നെ ഡോ ആർ കെ സതീഷ് എഴുതിയ വിമർശനവും സർവീസ് സംഘടനാ നേതാക്കളും സിപിഎം അനുഭാവികളും നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. (സതീഷിന്റെ ലേഖനം സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.) ഇതോടെ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽവരെ ഇപ്പോൾ രണ്ടു ചേരിയായിട്ടുള്ള സൈബർ പോര് കൊഴുക്കുകയാണ്.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ബാലിശമാണെന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ കാമ്പയിന് നേതൃത്വം കൊടുക്കുന്നവർ പറയുന്നത്. കോർപ്പറേറ്റ് ചൂഷണത്തെക്കുറിച്ചും മോദിസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെയുമൊക്കെ ഈ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. അന്യായമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കണമെന്ന ആശയമാണ് തങ്ങൾ ഉയർത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'വൺ ഇന്ത്യാ വൺ പെൻഷൻ' എന്ന ആശയം കേരളത്തിലെ എല്ലാ ഗ്രാമസഭകളിലും അവതരിപ്പിച്ച് പാസാക്കിയെടുക്കുക എന്ന സംഘടനയുടെ ആഗ്രഹം ഇനി നടക്കില്ല എന്ന് ഉറപ്പാണ്. കാരണം സിപിഎം എതിർപ്പ് ഉയർത്തുമെന്ന് വ്യക്തം. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ഇത്രയും ജന പ്രിയ മുദ്രാവാക്യം ഉയർത്തുന്ന ഒരു സംഘടനയുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിനും സിപിഎം തയ്യാറാവില്ല എന്നും വിലയിരുത്തലുണ്ട്. പക്ഷേ രഹസ്യമായി വൺ ഇന്ത്യ വൺ പെൻഷൻ ഗ്രൂപ്പിനെ ഒതുക്കാൻ തന്നെയാണ് സിപിഎം നീക്കം.

കെ ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

വൺ ഇന്ത്യ വൺ പെൻഷൻ തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം

വൺ ഇന്ത്യ വൺപെൻഷൻ ' എന്ന പേരിൽ ഒരു വാട്സ് ആപ് 'പ്രസ്ഥാനം ' സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുറിപ്പുകൾ വായിച്ചപ്പോൾ അതൊരു അരാഷ്ട്രീയ എൻജിഒ ഗ്രൂപ്പാണെന്ന് തോന്നി. അങ്ങനെ തന്നെകരുതേണ്ടിയിരിക്കുന്നു...

സംഘടിത ഇടതുപക്ഷ രാഷ്ടീയത്തിലും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്ക്കുകയും നിയോലിബറൽ പരിഷ്‌ക്കരണങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കും ജീവിത ദുരിതങ്ങൾക്കുമെതിരായ ബഹുജനസമരങ്ങളെ വഴി തിരിച്ചുവിടുകയുമെന്നതാവാം ഇത്തരം വാമനസംഘങ്ങളുടെ ലക്ഷ്യം. വസ്തുതാവിരുദ്ധവും അങ്ങേയറ്റം പ്രതിലോമപരവുമായ ആശയങ്ങളാണവർ വാട്സ് അപ് വിജ്ഞാപനങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ...

കോവിഡു ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ ശബളം താൽക്കാലികമായി പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച ചില വലതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകരുടെ സാമൂഹ്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധമുയരുന്നതിനിടയിലാണ്, അതിനെ അവസരമാക്കി ഈ അരാഷ്ട്രീയ എൻജിഒ സംഘം കലക്കു വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയിരിക്കുന്നത്.

അരാഷ്ട്രീയ മന്ദബുദ്ധികളുടെ വചോടോപങ്ങൾ

സർക്കാർ ശബളവും പെൻഷനുമൊക്കെ പറ്റുന്ന ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരുമാണ് നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും കാരണമെന്ന ചപ്പാടച്ചി ന്യായങ്ങളുമായിട്ടാണ് ഈ അരാഷ്ട്രീയ മന്ദബുദ്ധികൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉത്സാഹഭരിതരായിരിക്കുന്നത്. സമ്പദ്ഘടനയെ തകർത്ത നിയോലിബറൽ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ അസ്ഥിരീകരിക്കുകയും ജനശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്യുക എന്നതാണു് മുതലാളിത്തത്തിന്റെ ഇത്തരം മുന്നാം മാർഗ്ഗക്കാരുടെ ദൗത്യം .. മൂന്നാം മാർഗ്ഗക്കാരെന്ന പ്രയോഗത്തിന് ഡോ: പ്രഭാത് പട്നായ്ക്കിനോട് കടപ്പാട്.

കൊറോണക്കാലത്തെ ദുരിതങ്ങളെയും ജനങ്ങളുടെ അരക്ഷിതാവസ്ഥയെയും അവസരമാക്കി, പണിയെടുക്കുന്നവർക്കെതിരായ മുരത്ത വലതുപക്ഷ സിദ്ധാന്തങ്ങൾക്ക് സമ്മതി നിർമ്മിച്ചെടുക്കാനാണ് ഇക്കൂട്ടർ നോക്കുന്നത്.

കോർപ്പറേറ്റു കൊള്ളയെയും അതിന് കൂട്ടുനില്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെയും കുറിച്ച് ഈ മൂന്നാം മാർഗ്ഗക്കാർ കൗശലപൂർവ്വം മൗനം പാലിക്കുന്നു.അവരുടെ വാട്സ് ആപ് വിജ്ഞാപനങ്ങളിലൊന്നും നിയോലിബറൽ നയങ്ങൾക്കെതിരായി ഒരക്ഷരം നിങ്ങൾക്ക് കാണാനാവില്ല. തൊഴിലാളികളെയും ജീവനക്കാരെയും നാടിന്റെ മുഴുവൻ പ്രതിസന്ധിക്കും ഉത്തരവാദികളായി അധിക്ഷേപം നടത്തുന്നവർ രാഷ്ട്ര സമ്പത്ത് ചോർത്തികൊണ്ടു പോകുന്ന വിജയമല്യമാർക്കും മെഹുൽ ചോസ്‌കിമാർക്കും ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാറിനെ കുറിച്ചു ഒന്നും പറയില്ല...

അവർ ഓൺലൈനിൽ തള്ളുന്ന കുറിയോലകളിൽ കേന്ദ്ര സർക്കാറിനെതിരായി ഒരു വിമർശനവും അറിയാതെ പോലും വന്നു പോവില്ല. അത്രയും സൂക്ഷ്മതയും രാഷ്ട്രീയ ജാഗ്രതയുമാണ് ഇവർക്കെന്നത് ഇവരുടെ നിഷ്‌ക്ഷ സ്വതന്ത്ര നാട്യങ്ങളിൽ പുതപ്പിച്ചുവെച്ച യഥാർത്ഥ രാഷ്ടീയത്തെയാണ് അനാവരണം ചെയ്തു തരുന്നത്!

കർഷകരുടെ ദുരവസ്ഥയെയും ജപ്തി നടപടികളെയും കുറിച്ച് വാചകമടിക്കുന്നവർ കാർഷിക പ്രതിസന്ധിക്കും വില തകർച്ചക്കും കാരണമായ ഗാട്ട് കരാറിനെ കുറിച്ച് മിണ്ടില്ല.ആസിയാൻ കരാറിനെക്കുറിച്ചോ യുറോപ്യൻ യൂണിയനുമായുണ്ടാക്കിയ വ്യാപാര കരാറിനെ കുറിച്ചോ മിണ്ടില്ല. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഉല്പന്നങ്ങൾക്ക് താങ്ങുവില നൽകുമെന്ന ബിജെപി സർക്കാറിന്റെ വാഗ്ദാനത്തെക്കുറിച്ച് ഒരക്ഷരം അറിയാതെ പോലും അവർ സംസാരിക്കില്ല .കർഷകരെ സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ബാങ്കുകൾക്ക് ജപ്തി ചെയ്തു ഒഴിപ്പിച്ചെടുക്കാനായി സർഫാസിനിയമം കൊണ്ടുവന്ന വാജ്പേയ് സർക്കാറിനെ കുറിച്ചോ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ച് അത് നടപ്പാക്കിയ മന്മോഹൻ സിങ് സർക്കാറിനെക്കുറിച്ചോ ഈ മൂന്നാം മാർഗ്ഗക്കാർ ഒരക്ഷരം മിണ്ടില്ല. ഇതൊക്കെ പോരെ ഇവരാരാണെന്നും ഇവരെ നയിക്കുന്ന താല്പര്യമെന്താണെന്നും മനസിലാക്കാൻ.

തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം

കടുത്ത ഭാഷയിൽ രാഷ്ടീയക്കാരെ ആക്ഷേപിക്കുന്ന അവർ കോർപ്പറേറ്റുകൾക്ക് രാഷ്ട്ര സമ്പത്ത് ചോർത്തി കൊടുക്കുന്നതിനെ കുറിച്ചൊന്നും സംസാരിക്കില്ല. കോർപ്പറേറ്റുകൊള്ളയെ കുറിച്ചൊന്നും തന്നെ അവരുടെ ഓൺലൈൻ സന്ദേശങ്ങളിൽ സൂചിപ്പിക്കുകകേയില്ല ... പൊതുമേഖല കമ്പനികളുടെ ഓഹരി നക്കാപ്പിച്ചക്ക് വിൽക്കുന്നതിനെ കുറിച്ചൊന്നും ഒരക്ഷരം മിണ്ടില്ല ..മൗനം വിദ്വാന് ഭൂഷണമാണെന്ന് പറയുന്നത് പോലെ ഈ മൂന്നാം മാർഗ്ഗക്കാർക്കും ഇത്തരം കാര്യങ്ങളിലെ മൗനം ഭൂഷണം തന്നെയായിരിക്കുമെന്ന് കരുതാം !

അവരെതിർക്കുന്ന രാഷ്ട്രീയം തൊഴിലാളികളുടെയും കർഷകരുടെയും അവകാശപോരാട്ടങ്ങളുടെ രാഷ്ട്രീയത്തെയാണെന്നതാണ് വസ്തുത. കൂലി കൂടതലിനെയും പെൻഷനെയുമെല്ലാമാണ് അവർ നാടിന്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാർവത്രിക പെൻഷൻ എന്നെല്ലാം പറഞ്ഞു് ആരോഗ്യമുള്ള ആയുസ്സു മുഴുവൻ പണിയെടുത്തവരുടെ സർവീസ് പെൻഷൻ എടുത്തുകളയണമെന്നു് വാദിക്കുകയാണവർ.

ക്ഷേമരാഷ്ട്ര ഘടനയിലധിഷ്ഠിതമായ സിവിൽ സർവ്വീസിനെ ഇല്ലാതാക്കുന്ന ഘടനാ ക്രമീകരണ നടപടികളുടെയും സ്വകാര്യവൽക്കരണ ഉദാരവൽക്കരണ നയങ്ങളുടെയും തുടർച്ചയിലാണ് പങ്കാളിത്തപെൻഷൻ പദ്ധതി കോൺഗ്രസ് ബിജെപി സർക്കാറുകൾ അടിച്ചേല്പിച്ചത്. അത്തരം തൊഴിലാളി ദ്രോഹനയങ്ങൾക്കും സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്കും അനുകൂലമായ അഭിപ്രായ നിർമ്മാണം നടത്താനായി നിയോലിബറൽ മൂലധനകേന്ദ്രങ്ങൾ തങ്ങൾ ഫണ്ട് നൽകി വളർത്തുന്ന എൻജിഒ ഗ്രൂപ്പുകളെ രംഗത്തിറക്കുന്നത് സ്വാഭാവികം.

വളരെ പോപ്പുലിസ്റ്റിക്കായ മുദ്രാവാക്യങ്ങളുമായി ഇത്തരം സംഘങ്ങൾ ജനങ്ങൾക്കിടയിലെ വൈരുധ്യങ്ങളെയും ഭിന്നതകളെയുമെല്ലാം കുത്തി പൊക്കും.മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിനും ഭൂപരിപക്ഷത്തിന്റെ ദാരിദ്ര്യത്തിനും കാരണം ജനങ്ങൾക്കിടയിൽ തന്നെയുള്ള മറ്റുള്ളവരാണെന്ന് പ്രചരിപ്പിക്കും. പണിയെടുക്കുന്നവരിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും.കൃഷിക്കാരന്റെ പ്രശ്നങ്ങൾക്ക് കാരണം സർക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാരാണെന്നും തൊഴിലില്ലാത്തവന്റെ ദുരിതത്തിന് കാരണം തൊഴിലുള്ള തൊഴിലാളിയാണെന്നും കുറഞ്ഞകൂലിയും ശംമ്പളവുമുള്ളവന്റെ ശത്രു ഉയർന്ന ശംബളമുള്ളവരാണെന്ന് പ്രചരിപ്പിക്കും. തൊഴിലാളികൾക്കിടയിലെ ഒന്നിച്ച് നില്ക്കേണ്ട വരെ പരസ്പരം വേർതിരിച്ച് മുതലാളിത്തത്തിനെതിരെ ജനങ്ങളുടെ ഐക്യത്തെയും യോജിച്ച സമരങ്ങളെയും ശിഥിലമാക്കുക എന്ന ദൗത്യമാണ് ഇത്തരം അരാഷ്ട്രീയ എൻജിഒ ഗ്രൂപ്പുകൾ നിർവ്വഹിക്കുന്നത്. അവർക്ക് ഫണ്ട് നൽകുന്ന കോർപ്പറേറ്റ് പിന്തുണയിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനുകൾ അതാണവരെ ഏല്പിച്ചിരിക്കുന്നത്. ഈ വിധ 'നവപ്രസ്ഥാന' അരാഷ്ടിയ സംഘങ്ങളിലൂടെ നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മറച്ചു പിടിക്കാനും യഥാർത്ഥ ശത്രുവിനെതിരായി ഉയരേണ്ട സമരങ്ങളെ വഴി തിരിച്ചുവിടാനുമാണ് കോർപ്പറേറ്റു മൂലധനശക്തികളും അവരുടെ ചിന്താ കേന്ദ്രങ്ങളും ലോകത്തെല്ലായിടത്തും ശ്രമിച്ചു കൊണ്ടിരിക്കുന്നത്

'വൺഇന്ത്യ വൺ പെൻഷൻ ' എന്ന ഗ്രൂപ്പ്

ഞങ്ങളൊരു മഹാ പ്രസ്ഥാനമാണെന്നും രാജ്യമിന്ന് നേരിടുന്ന സാമ്പത്തീക മാന്ദ്യത്തിന് പരിഹാരമുണ്ടാക്കാനുള്ള പുതിയ ആശയങ്ങൾ കണ്ടുപിടിച്ച രണ്ടു് മൂന്നു വാട്സ് അപ് ബുദ്ധിജീവികളുടെ നേതൃത്വമാണ് തങ്ങളുടേതെന്നൊക്കെയാണ് അവകാശപ്പെടുന്നത് അല്ലെങ്കിൽ അടിച്ചുവീശുന്നത്.

ജീവനക്കാർക്ക് നൽകുന്ന പെൻഷൻ നിർത്തലാക്കണമെന്നും സാർവത്രിക പെൻഷൻ നടപ്പിലാക്കണമെന്നുമുള്ളതാണ് ഈ അരാഷ്ട്രീയ സംഘത്തിന്റെ മുഖ്യ മുദ്രാവാക്യം. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണം റവന്യൂ വരുമാനത്തിന്റെ 60% ഓളം ശംബളവും പെൻഷനുമായി നൽകുന്നതാണെന്നന്നും സർക്കാർ സേവനത്തിൽ നിന്നും പിരിയുന്നവർക്കുള്ള സർവീസ് പെൻഷൻ നിർത്തിയാൽ കേരളത്തിലെ മുഴുവൻ 60 വയസു കഴിഞ്ഞവർക്കും 10,000 രൂപ വെച്ച് പ്രതിമാസ പെൻഷൻ നൽകാനാവുമെന്നൊക്കെയുള്ള ലളിത യുക്തിയിൽ നിന്നുള്ള മധുരമനോജ്ഞമായ വിശദീകരണമാണ് ഈ അരാഷ്ട്രീയ സംഘം വെച്ചു കാച്ചുന്നത്. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖല ഉൾപ്പെടെ 122 ഓളം ജനോപകാരപ്രദമായ സേവന സംവിധാനങ്ങളാണ് നമ്മുടെ സിവിൽ സർവീസ് ... അതിന് പല ദൗർബല്യങ്ങളും പരിമിതിയും ഉണ്ടാകാമെങ്കിലും നമ്മുടെ ക്ഷേമരാഷ്ട്ര ഘടനയുടെ അടിസ്ഥാനമാണത്.

നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിവിൽ സർവീസോ ജീവനക്കാരോ അല്ല.ആധുനിക ക്ഷേമരാഷ്ട്ര ഘടനയുമായി ബന്ധപ്പെട്ടാണ് കേരളം പോലൊരു സമൂഹത്തിൽ ഇന്നത്തേതുപോലൊരു സിവിൽ സർവീസ് സംവിധാനം വികസിച്ചു വന്നത്. അവർക്ക് നൽകുന്ന ശമ്പളമോ വിരമിച്ചവർക്ക് നൽകേണ്ടി വരുന്ന പെൻഷനോ അല്ല കേരളത്തിന്റെ വിഖ്യാതമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേന്ദ്ര നയങ്ങളാണ്. കേരളത്തിന്റെ നികുതി വരുമാനം ജി എസ് ടി വഴി നഷ്ടമായി. നഷ്ടപരിഹാര തുകയുടെ കുടിശ്ശിക തരുന്നില്ല. ഗ്രാന്റുകൾ നൽകുന്നില്ല. വായ്പാ പരിധി ഉയർത്തി തരുന്നില്ല. പ്രളയകാലത്തെന്ന പോലെ കോവിഡു പ്രതിരോധത്തിനും കേന്ദ്ര ദുരിതാശ്വാസ സഹായമായി നാമമാത്രമായ തുക മാത്രമാണ് അലോട്ട് ചെയ്തത്. കോർപ്പറേറ്റു അനുകൂലവും ജനങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കുമെതിരായ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധിയുടെ കാരണം ...സർക്കാർ ജീവനക്കാരെന്ന പോലെ എല്ലാ വിഭാഗം പണിയെടുക്കുന്ന വിഭാഗങ്ങളുടെയും സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും പെൻഷൻ പദ്ധതികൾ സാർവത്രികമാക്കുന്നതിനും (കേരളത്തിൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും പെൻഷനുണ്ടു്.) ശ്രമിക്കുന്നതിനു പകരം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചില്ലാതാക്കുന്ന രാഷ്ട്രീയം മൂലധനശക്തികളുടെ വിടുവേലയുടേതു മാത്രമാണ്. - ഇങ്ങനെയാണ് കെ ടി കുഞ്ഞിക്കണ്ണന്റെ ലേഖനം അവസാനിക്കുന്നത്.

ഡോ: ആർ.കെ സതീഷ് എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

'വൺ ഇന്ത്യ -വൺ പെൻഷൻ ' പ്രചരണങ്ങളും വസ്തുതകളും.

1) തൊഴിൽ അടിസ്ഥാനമാക്കിയുള്ള പെൻഷൻ സംവിധാനം എന്താണ്?

നിർവചിക്കപ്പെട്ട ആനുകൂല്യ പദ്ധതി എന്ന അർത്ഥത്തിലാണ് പെൻഷൻ സംവിധാനത്തെ അടയാളപ്പെടുത്തിയത്.ജനാധിപത്യ സമൂഹത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 'നികുതി രഹിത'മായി 'മാറ്റിവെക്കപ്പെട്ട വേതന'മാണ് പെൻഷൻ. ഈ 'മാറ്റിവെക്കപ്പെട്ട വേതനം', തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും കൂടി ചേർന്നാണ് സ്വരൂപിക്കപ്പെടുന്നത്.തൊഴിലാളിക്ക് തൊഴിൽ ദിനങ്ങളിൽ ലഭിക്കുന്ന വേതനം യഥാർത്ഥത്തിൽ ലഭിക്കേണ്ട കൂലിക്കു പകരം 'മാറ്റിവെക്കപ്പെട്ട വേതന ' -ത്തിലേക്കുള്ള വിഹിതവും കുറച്ച് ബാക്കി വരുന്ന തുക ആയിരിക്കും. തൊഴിലാളിയുടെ അധ്വാനശക്തി വിലക്കെടുക്കുന്നത് വഴി തൊഴിലുടമക്ക് ലഭിക്കുന്ന മിച്ചമൂല്യത്തിൽ നിന്നും ഒരു വിഹിതമാണ് 'മാറ്റിവെക്കപ്പെട്ട വേതന ''ത്തിലേക്ക് തൊഴിലുടമ നൽകുന്നത്. യഥാർത്ഥത്തിൽ ഈ രണ്ടു വിഹിതവും തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഉല്പന്നമായാണ് രൂപം കൊള്ളുന്നത്. ഇങ്ങിനെ രൂപപ്പെടുന്ന മാറ്റിവെക്കപ്പെടുന്ന വേതനത്തിന്റെ അളവ് തൊഴിലാളി പ്രവൃത്തിയിലേർപ്പെടുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണവുമായും തൊഴിലാളിക്ക് ലഭിച്ച വേതനവുമായും ബന്ധപ്പെട്ട് കിടക്കുന്നു. അതു കൊണ്ട് തന്നെ തൊഴിലാളിക്ക് ലഭിക്കുന്ന പെൻഷൻ തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്ത കാലയളവിന്റെയും തൊഴിലാളി വാങ്ങിയ വേതനത്തിന്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സമവാക്യങ്ങളിലൂടെയാണ് നിർണ്ണയിക്കുന്നത്. ചുരുക്കി പറഞ്ഞാൽ തൊഴിൽ ചെയ്യുന്ന സമയത്ത് തന്നെ തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന വേതനം തന്റെ വാർദ്ധക്യകാലത്ത്, അഥവാ വിൽക്കാൻ അധ്വാനശക്തി ഇല്ലാത്ത ഒരു കാലത്ത് ജീവിക്കാൻ വേണ്ടി 'മാറ്റി വെച്ച വേതന 'മാണ് പെൻഷൻ. അത് തൊഴിലുടമയുടെയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമല്ല മറിച്ച് തൊഴിലെടുത്തവന്റെ അവകാശമാണ്. തൊഴിലുടമ 'സർക്കാർ ' ആകുമ്പോൾ തൊഴിലാളി 'ജീവനക്കാരനാ'യി മാറുന്നു.അതു കൊണ്ട് ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ സർക്കാറിന്റെ ഔദാര്യമല്ല മറിച്ച് അവകാശമാണ്.

ഇങ്ങിനെയുള്ള പെൻഷൻ സംവിധാനത്തെ അട്ടിമറിക്കുള്ള ആദ്യത്തെ ശ്രമമായിരുന്നു കോൺട്രിബൂട്ടറി പെൻഷൻ സംവിധാനം ഏർപ്പെടുത്തക വഴി തൊഴിലുടമ നിർവഹിച്ചത്. 1990കളോട് കൂടി ഇന്ത്യയിൽ നടപ്പിലാക്കിയ കോർപ്പറേറ്റ് വൽക്കരണ നയങ്ങളുടെ തുടക്കത്തിലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. പെൻഷൻഫണ്ടിലേക്ക് മിച്ചമൂല്യത്തിൽ നിന്നും തൊഴിലുടമ നൽകി കൊണ്ടിരുന്ന വിഹിതം ഇനിമേൽ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയും മറിച്ച് ആ വിഹിതം അധ്വാനശക്തി വാങ്ങിയ വകയിൽ തൊഴിലാളിയിൽ നിന്നും ഇടാക്കിയ 'നികുതി രഹിത 'വരുമാനം കൂടാതെ തൊഴിലാളി കൈപ്പറ്റി കൊണ്ടിരിക്കുന്ന വേതനത്തിൽ നിന്ന് ഒരു നിശ്ചിത തുക പിടിച്ചെടുത്ത് പെൻഷൻഫണ്ട് രൂപപ്പെടുത്തി സ്വകാര്യ ഏജൻസിക്കോ, ഷെയർ മാർക്കറ്റിലോ നിക്ഷേപിച്ചു അതിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, വിരമിക്കുന്ന തൊഴിലാളിക്ക് പെൻഷൻ നൽകുന്ന രീതി നടപ്പാക്കികൊണ്ട് പെൻഷൻ നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്നും തൊഴിലുടമ പൂർണ്ണമായും പിന്മാറി. ഇതിനെതിരെയുള്ള ചെറുത്ത് നിൽപിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കാൻ പെട്ടെന്ന് കഴിഞ്ഞില്ലെങ്കിലും 2014 ഏപ്രിലോടു കൂടി കേരളത്തിലും നടപ്പിലാക്കപ്പെട്ടു.

എന്നാൽ പെൻഷൻ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള അതിവിദഗ്ദമായ ഒരു പദ്ധതിയുടെ ഭാഗമായാണ്വൺ ഇന്ത്യ വൺ പെൻഷൻ എന്ന മുദ്രാവാക്യത്തിന്റെ ഇപ്പോൾ നടക്കുന്ന പ്രചരണം. കേൾക്കുമ്പോൾ എല്ലാവർക്കും സ്വീകാര്യത തോന്നുന്ന വിധത്തിലാണ് അവതരണം. ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും മാസത്തിൽ 10000 രൂപ പെൻഷൻ. ഇതിന് വേണ്ടത് 10000 ൽ അധിക പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പെൻഷനിൽ, അധികം വരുന്ന തുക പിടിച്ചെടുക്കുകയും, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഭരണകൂടം കോർപ്പറേറ്റ് അനുകൂല നയങ്ങൾ, ദയാരഹിതമായി നടപ്പിലാക്കിയതിന്റെ ഭാഗമായി തൊഴിൽ രഹിതരായവർ , തൊഴിൽ നഷ്ടപ്പെട്ടവർ, പാപ്പരായ കർഷകരും കർഷക തൊഴിലാളികളുമടക്കം ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന മുഴുവനാൾക്കും ഈ വാഗ്ദാനം ഏറെ സ്വീകാര്യമാവും.

അവരുടെ പ്രയാസത്തിന്റെ യഥാർത്ഥ കാരണങ്ങൾ അവർ തിരച്ചറിയാതെ പോവുകയും തൊഴിൽ രഹിതന്റെ ശത്രു തൊഴിലെടുക്കുന്നവനും 60 വയസ്സ് കഴിഞ്ഞ് ജീവിക്കാൻ പ്രയാസപ്പെടുന്നവന്റെ ശത്രു ഉയർന്ന പെൻഷൻ പറ്റുന്നവനുമായി മാറും. യഥാർത്ഥ ശത്രു മറഞ്ഞിരിക്കും. യഥാർത്ഥത്തിൽ 'മാറ്റി വെക്കപ്പെട്ട വേതന 'മാണ് പെൻഷൻ എന്നും അത് തൊഴിൽ ചെയ്യുന്ന സമയത്ത് കൂലിയിനത്തിൽ ലഭിക്കേണ്ടിയിരുന്ന വേതനമായിരുന്നു എന്നും അത് വാർദ്ധക്യകാലത്തേക്ക് തൊഴിലുടമയുമായി ഉണ്ടാക്കിയ ഒരു എഗ്രിമെന്റിന്റെഅടിസ്ഥാനത്തിൽ മാറ്റി വെച്ചതാണന്നും അതുകൊണ്ട് തന്നെ പെൻഷൻ തുക പ്രവൃത്തി ചെയ്ത തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായിരിക്കുമെന്നും, തന്മൂലം വ്യത്യസ്ത കാലയളവിൽ തൊഴിൽ ചെയ്തവർക്ക് പെൻഷൻ തുക വ്യതസ്തമായിരിക്കും എന്നും പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്നും ഉള്ള എല്ലാ അടിസ്ഥാനവസ്തുതകളെയുമായാണ് 'വൺ ഇന്ത്യ വൺ പെൻഷൻ ' എന്ന മുദ്രാവാക്യം അട്ടിമറിക്കുന്നത്.

2) ഇങ്ങിനെ പെൻഷൻ അട്ടിമറിക്കുന്നത് എന്തിന്?

തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ സംവിധാനം മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യം സാമൂഹിക സുരിക്ഷിതത്വം എന്ന മൂല്യമാണ്. അതു കൊണ്ട് തന്നെ പെൻഷൻ സംവിധാനത്തിന്റെ കാര്യക്ഷമമായ നിർവഹണം, സമൂഹത്തിലെ പ്രായമായ മുഴുവൻ പൗരന്മാരും പെൻഷനു അർഹരാണ് എന്ന പൊതു അവബോധ നിർമ്മിതിക്ക് കാരണമായി.ഇത്തരം അവബോധം ശക്തിപ്പെട്ടതിനാൽ സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു. അങ്ങിനെ രൂപപ്പെട്ടു വന്നതാണ് അഗതി പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, മറ്റു ക്ഷേമ പെൻഷനുകളെല്ലാം. അതായത് സാമൂഹ്യക്ഷേമ പെൻഷനുകൾ നടപ്പിലാക്കാൻ ഭരണ സംവിധാനങ്ങൾ നിർബന്ധിക്കപ്പെട്ടത് തൊഴിൽ അധിഷ്ഠിത പെൻഷൻ ഒരു അവകാശമായി നിലനിൽക്കുകയും അത് ഉൽപാദിപ്പിച്ച സാമൂഹികതയും ആണ്.

അങ്ങിനെയാണ് പെൻഷൻ എന്നത് ഒരു 'സാമൂഹിക അവകാശ' മായി രൂപപ്പെട്ടത്. അങ്ങിനെ സാമൂഹിക അവകാശമായ പെൻഷൻ സംവിധാനത്തെ, ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് തൊഴിൽ അടിസ്ഥാനമാക്കിയ പെൻഷൻ സംവിധാനത്തിന്റെ അടിത്തറയെ അട്ടിമറിക്കുകയാണ് വേണ്ടത് എന്നത് ഇന്ത്യയിൽ കോർപ്പറെറ്റ് മൂലധന നയങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തിന് നല്ല ബോധ്യമുള്ളതുമാണ്. അതിനനുസ്സരിച്ചുള്ള മനോനില രൂപ പ്പെടുത്താനും യഥാർത്ഥ വസ്തുതയെ അദൃശ്യമാക്കി വെക്കാനും ആണ് 'വൺ ഇന്ത്യ വൺ പെൻഷൻ ' എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മുദ്രവാക്യമുയർത്തിയിരിക്കുന്നത്.- ''ഒരു രാജ്യം ഒരു നിയമം' - 'ഒരു രാജ്യം ഒരു മതം' - 'ഒരു രാജ്യം ഒരു സംസ്‌കാരം' - 'ഒരു രാജ്യം ഒരു ഭാഷ'- തുടങ്ങി പല മുദ്രാവാക്യങ്ങളും നിർമ്മിച്ചെടുത്ത സംഘപരിവാർ ആശയം തന്നെയാണ് '- വൺ ഇന്ത്യ വൺ പെൻഷൻ '- എന്നതിന് പിറകിലും ഉള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ് - ''വൺ ഇന്ത്യ വൺ ഇൻകം ' - (ഒരു ഇന്ത്യ ഒരേ വരുമാനം) എന്ന ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കപ്പെടുന്നില്ല. അതല്ലേ കൂടുതൽ ശരി. മുന്നോട്ട് വെക്കാത്തതിന് കാരണം ആ മുദ്രാവാക്യം കോർപ്പറേറ്റ് നയത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.

3) സത്യത്തിൽ സർക്കാറിന്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടല്ലേ അധിക പെൻഷൻ വെട്ടിക്കുറച്ച് എല്ലാവർക്കും തുല്യമാക്കണമെന്ന് പറയുന്നത്?

അല്ല. എന്തുകൊണ്ടെന്നാൽ പണത്തിന്റെ ലഭ്യതക്കുറവ് ഇന്ത്യ നേരിടുന്നില്ല. പ്രശ്നം ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മൂലധനകേന്ദ്രീകൃതവും കോർപറേറ്റ് അനുകൂലവുമായ നയങ്ങളുടെ ഭാഗമായാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 1990 ൽ ഇന്ത്യയിൽ ആകെ 2 ശതകോടീശരന്മാരാണ് (ശതകോടി ഡോളർ ആസ്തി ) ഉണ്ടായിരുന്നതെങ്കിൽ 2018 ൽ ശതകോടീശന്മാരുടെ എണ്ണം 119 ആകുന്നു. ഈ കാലയളവിൽ ജീവസന്ധാരണത്തിനു് സാധ്യമാകാതെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഏകദേശം 4 ലക്ഷത്തോളമാണ്. ലക്ഷകണക്കിന് ചെറുകിട തൊഴിൽ ശാലകളാണ് പൂട്ടപ്പെട്ടത് .തൊഴിൽ രഹിതരായവരുടെ എണ്ണം കോടികളാണ്.അതേ സമയം ഇന്ത്യയുടെ ആകെ ആസ്തിയുടെ 52% കെയടക്കി വെച്ചിരിക്കുന്നത് 1 % വരുന്ന ഈ ശതകോടീശ്വരന്മാരുടെ കയ്യിലാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ 10% വരുന്ന ശതകോടീശരന്മാരുടെ കൈകളിലാണ് ഇന്ത്യയുടെ ആസ്തിയുടെ 77% വും ഉള്ളത്. ഒരു ശതമാനം വരുന്ന ശതകോടീശര്മാർക്ക് 1/2 % നികുതി ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 11.7 കോടി പേർക്ക് തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. 10% ശതകോടീശന്മാർക്ക് 1/2 % സെസ്സ് ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 10000 രൂപയോ അതിൽ കൂടുതലൊ പെൻഷൻ കൊടുക്കാൻ കഴിയും. പക്ഷെ അതൊന്നും സർക്കാർ നടപ്പാക്കുകയില്ല. എന്തിനേറെ, ഈ കോവിഡ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ, നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ വൻകിടക്കാരിൽ നിന്നും സെസ്സ് പരിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടുന്ന അടിയന്തിര കടമ എന്നു നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മീഷനംഗങ്ങൾ നടപടി നേരിടുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതു കൊണ്ട് പണത്തിന്റെ ലഭ്യത കുറവല്ല മറിച്ച് മൂലധന കേന്ദ്രീകരണ നയങ്ങളാണ് പ്രശ്നം.

4)കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ റവന്യൂ വരുമാനത്തിന്റെ 70% ത്തിലധികവും ഉദ്യോഗസ്ഥരേയും പെൻഷൻ കാരേയും തീറ്റി പോറ്റുന്നതു കൊണ്ടല്ലേ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും 10000 രൂപ വെച്ച് പെൻഷൻ നൽകാൻ കഴിയാത്തത്.?

ജീവനക്കാരുടെ വേതനവും പെൻഷനുമായി നൽകുന്ന തുക പെരുപ്പിച്ചു കാട്ടുന്ന ഒരു രീതി അടുത്ത കാലത്ത് പ്രചരിപ്പിക്കുന്നതായി കാണാം.ഇത് ബോധപൂർവ്വമായ ശ്രമമാണ്. ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നത് സർക്കാർ അഥവാ പൊതു സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്. 29/4/2020 ദേശാഭിമാനി പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വരുമാനത്തിന്റെ 52% മാണ് ജീവനക്കാരുടെ വേതനത്തിനും പെൻഷനുമായി ചിലവഴിക്കുന്നത്.

അതിൽ പെൻഷൻ എന്നത് നേരത്തെ സൂചിപ്പിച്ചതു പോലെ 'മാറ്റിവെക്കപ്പെട്ട വേതന ' മായതിനാൽ അത് അവകാശമാണ്, ഔദാര്യമല്ല.

സത്യത്തിൽ ഒരു സർക്കാരിന്റെ നയങ്ങൾ, ദൈനംദിന വ്യവഹാരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഉപാധിയായ നാഡീഞരമ്പുകളാണ് ഉദ്യോഗസ്ഥ സംവിധാനം. ഒട്ടേറെ പരിമിതികളോടെ ആണെങ്കിലും അതൊരു സേവന മേഖലയാണ്. ആ സേവന മേഖലയിലെ, അഥവാ സർക്കാർ സംവിധാനത്തിലെ 6 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അധ്വാനശക്തി വിലക്കെടുക്കാനാണ് സർക്കാർ റവന്യൂ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം നീക്കി വെക്കുന്നത്. ഈ സേവന മേഖല ഉപയോഗിച്ചുകൊണ്ടാണു്

1 ) പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനനിരതമാക്കുകയും ചെയ്യുന്നത്.
2) പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
3 ) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
4 ) പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത്
5 ) ക്രമസമാധന പരിപാലന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്
6 ) സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നതും ശക്തിപ്പെടുത്തുന്നതും
7) വികേന്ദ്രീകൃത ആസൂത്രണത്തിലുന്നിയുള്ള പൊതുഭരണ സംവിധാനം ശക്തിപ്പെടുത്തലും വികസന പ്രവർത്തനങ്ങൾ നടത്ത പ്പെടുകയും ചെയ്യുന്നത്. ഇങ്ങിനെ ജനക്ഷേമ പ്രവർത്തനങ്ങൾ എല്ലാം തന്നെ സാധ്യമാക്കുന്നതിന്റെ ചെലവാണു് ഉദ്യോഗസ്ഥർക്ക് നൽകുന്ന വേതനം. അതിനെ കേവലം തീറ്റിപ്പൊറ്റൽ എന്നു് ആക്ഷേപകരമായി പറയുന്നത് പൊതു സംവിധാനങ്ങൾ തകർക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ സേവനമേഖലക്ക് നീക്കിവെച്ച ഫണ്ട് പാഴ് ചില വല്ല. അപ്പോൾ സാമൂഹ്യ പെൻഷനുകളുടെ തുക വർദ്ധിപ്പിക്കാനുള്ള ധനസമാഹരണം നടത്തേണ്ടത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചും നേരത്തെ സൂചിപ്പിച്ചതു പോലെ വൻകിടക്കാർക്ക് സെസ് ഏർപ്പെടുത്തികൊണ്ടും ആയിരിക്കണം. അതു കൊണ്ട് 60 വയസ്സ് കഴിഞ്ഞ മുഴുവനാൾക്കും കുറഞ്ഞത് 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന ന്യായമായ ആവശ്യം മുൻനിർത്തി പ്രക്ഷോഭം നയിക്കേണ്ടത് കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് മറിച്ച് അധ്വാനിക്കുന്ന സമയത്ത് 'മാറ്റി വെച്ച വേതനം ' വാർദ്ധക്യ കാലത്ത് പെൻഷനായി വാങ്ങുന്ന തങ്ങളോടൊപ്പം സമരത്തിൽ അണിചേരണ്ട പെൻഷൻകാർക്ക് നേരെയല്ല.

കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് പെൻഷൻ ലഭിക്കാത്തവരുടെ ശത്രു എന്നത് തൊഴിലെടുക്കുന്നവരാണ് തൊഴിൽ ഇല്ലാത്തവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന പഴയ മുദ്രാവാക്യത്തിന്റെ ആവർത്തനമാണ്. സത്യത്തിൽ തൊഴിലില്ലാ പടയെ സൃഷ്ടിക്കുന്ന, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന, ജനങ്ങളെ കൂടുതൽ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിന്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ തൊഴിലെടുക്കുന്നവനും, തൊഴിൽ രഹിതരും, മുഴുവൻ സാധാരണ ജനങ്ങളും ഐക്യപ്പെടുന്നതിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഈ മുദ്രാവാക്യം.

5) വസ്തുകൾ ഇങ്ങിനെയാണങ്കിൽ കേരളത്തിലെ ചില പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ ഈ മുദ്രാവാക്യം ഏറ്റെടുത്തത് എന്തുകൊണ്ട്?

പലപ്പോഴും ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരിക പ്രവർത്തകരാണ് കേരളത്തിൽ ഈ മുദ്രാവാക്യം ഏറ്റെടുത്തതായി കാണുന്നത്. ഇത്തരക്കാരുടെ പല പ്രഭാഷണങ്ങളും സംഘപരിവാർ ആശയങ്ങൾക്ക് ശക്തി പകരുന്ന രൂപത്തിലുമാണ് വന്നു ഭവിക്കാറുള്ളത്. ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അത് സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തുന്നതായിരിക്കും. അതിന് നല്ല പ്രചരണവും ലഭിക്കും. എപ്പോഴും ജന വിരുദ്ധ ആശയങ്ങൾ സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തി കൊണ്ടായിരിക്കും പ്രയോഗിക്കപ്പെടുക എന്ന വസ്തുത ഓർമിക്കാം. ' വൺ ഇന്ത്യ വൺ പെൻഷൻ ' എന്ന മുദ്രാവാക്യവും നിർവഹിക്കുന്നതും ഇതുതന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP