Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞാലിക്കുട്ടിയുടെ നിർബന്ധത്തിന് മുമ്പിൽ വഴങ്ങിയ നേതാക്കൾ പഴി കേൾക്കുന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ; അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയ പിജെ കുര്യൻ ഇനി ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കും; എല്ലാം ഉമ്മൻ ചാണ്ടിയുടെ പുറത്തു വച്ച് രക്ഷപ്പെടാൻ നീക്കം നടത്തി ചെന്നിത്തല

കുഞ്ഞാലിക്കുട്ടിയുടെ നിർബന്ധത്തിന് മുമ്പിൽ വഴങ്ങിയ നേതാക്കൾ പഴി കേൾക്കുന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ; അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയ പിജെ കുര്യൻ ഇനി ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കും; എല്ലാം ഉമ്മൻ ചാണ്ടിയുടെ പുറത്തു വച്ച് രക്ഷപ്പെടാൻ നീക്കം നടത്തി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ ഗൂപ്പ് സമവാക്യങ്ങൾ മാറുന്നു. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമെന്നത് അപ്രസക്തമാക്കുന്നതാണ് പുതിയ രാജ്യസഭാ സീറ്റ് വിവാദം. ഉമ്മൻ ചാണ്ടി അനുകൂലികളും ഉമ്മൻ ചാണ്ടി വിരുദ്ധരുമെന്നായി ഗ്രൂപ്പുകൾ മാറും. രമേശ് ചെന്നിത്തലയ്ക്ക് ഇനി ഉമ്മൻ ചാണ്ടി അനുകൂല ഗ്രൂപ്പിലാകും സ്ഥാനം. പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കോൺഗ്രസിൽ പ്രവർത്തിക്കുന്നവർ എന്ന ടാഗ് ലൈനിൽ ഈ വിഭാഗത്തെ ഒതുക്കാനാണ് സാധ്യത. പിജെ കുര്യൻ ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കും. രാജ്യസഭാ സീറ്റ് തനിക്ക് കിട്ടാതിരിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ നീക്കമാണ് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന പൊതു വികാരം കുര്യൻ ചർച്ചയാക്കും. രാജ്യസഭാ സീറ്റ് നഷ്ടമാകുന്നതോടെ കേരളത്തിൽ കുര്യൻ ക്യാമ്പ് ചെയ്യും. പാർട്ടിയിലെ വിമത സ്വരങ്ങൾക്ക് കൂട്ടായ്മ ഒരുക്കുകയാകും ലക്ഷ്യം.

യു.ഡി.എഫ്. മുന്നണിസംവിധാനത്തെ സംരക്ഷിക്കാൻ കോൺഗ്രസിന് വലിയവില നൽകേണ്ടിവന്നു. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും അംഗങ്ങൾ ഒഴിയുന്ന രണ്ട് സീറ്റിൽ ഒന്നേ യു.ഡി.എഫിന് നിലനിർത്താനാകൂ. ആ സീറ്റ് വിട്ടുനൽകുകയല്ലാതെ മറ്റൊരുവഴി കോൺഗ്രസിന്റെ മുന്നിലുണ്ടായിരുന്നില്ല. മുന്നണി നിലനിർത്താൻ ചെയ്ത ത്യാഗമെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇങ്ങനെ പറയുമ്പോൾ അണികൾ നിരാശരാണ്. 2021-ലും 2022-ലുമാണ് രാജ്യസഭയിലേക്ക് ഇനി ഒഴിവ് വരിക. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുനടക്കുന്ന 2021-ലെ തിരഞ്ഞെടുപ്പിൽ മൂന്ന് ഒഴിവുവരുമ്പോൾ രണ്ടെണ്ണം ഇടതുമുന്നണിക്ക് കിട്ടും. വയലാർ രവി, അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവരാണ് വിരമിക്കുക. രാജ്യസഭയിൽ പ്രാതിനിധ്യമില്ലെന്ന് വാദിച്ച് മുസ്ലിം ലീഗ് അപ്പോഴും പിടിമുറുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അടുത്ത രാജ്യസഭാ സീറ്റും കോൺഗ്രസിന് ലഭിക്കില്ല.

സാധാരണനിലയിൽ രണ്ട് സീറ്റ് യു.ഡി.എഫിന് നേടാൻ കഴിയുമ്പോഴാണ് ഒരു സീറ്റ് ഘടകകക്ഷിക്ക് നൽകുക. ഒരു സീറ്റിൽമാത്രം ജയിക്കാനാകുമ്പോൾ മുസ്ലിം ലീഗിനുപോലും കോൺഗ്രസ് സീറ്റ് വിട്ടുകൊടുത്തിട്ടില്ല. ഇതാണ് ഇത്തവണ തിരുത്തിയെഴുതുന്നത്. യു.ഡി.എഫ്. മുന്നണി സംവിധാനമായി നിലനിൽക്കണമെങ്കിൽ കേരള കോൺഗ്രസ് വേണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിന്നത് കോൺഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. മാണിയുടെ വീട്ടിൽ നടന്ന ചർച്ചയിൽ രാജ്യസഭാ സീറ്റ് ചർച്ചയായെങ്കിലും കടുംപിടുത്തമുണ്ടായില്ല. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു ധാരണ. പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. സീറ്റ് കേരളാ കോൺഗ്രസിനായി. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കറുത്ത കരങ്ങളെയാണ് പിജെ കുര്യൻ സംശയിക്കുന്നത്. ഇതുവരെ രാജ്യസഭയിൽ പാർട്ടിക്ക് രണ്ട് സീറ്റിലേക്ക് ഒഴിവ് വരുമ്പോൾ മാത്രമായിരുന്നു ഘടകക്ഷികളെ പരിഗണിച്ചിരുന്നത്. ഒറ്റ സീറ്റാണെങ്കിൽ അത് കോൺഗ്രസ് ഏറ്റെടുക്കുകയാണ് പതിവ്. ഇതിൽ നിന്നും വ്യത്യസ്ഥമായി ലീഗിന്റെ ശാഠ്യത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വം ഒരിക്കൽ കൂടെ മുട്ടുമടക്കിയപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ പോലും മാറുന്നു.

ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടുള്ള യുദ്ധത്തിന് കുര്യൻ

കോൺഗ്രസിന്റെ സീറ്റ് കേരള കോൺഗ്രസി (എം) ന് അടിയറ വച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നു രാജ്യസഭാംഗത്വം ഒഴിയുന്ന പി.ജെ.കുര്യൻ വ്യക്തമാക്കി കഴിഞ്ഞു. കേരള കോൺഗ്രസ് പോലും ഇതു പ്രതീക്ഷിച്ചിരുന്നില്ല. അവർ യുഡിഎഫിൽ വരണമെന്നു തന്നെയാണു തന്റെ അഭിപ്രായം. എന്നാൽ ഇവിടെ ചില ഗ്രൂപ്പ് നേതാക്കളുടെ അജൻഡയാണു നടപ്പായത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണമെന്ന മനോഭാവത്തോടെ തനിക്കെതിരെ ആസൂത്രിതനീക്കം നടത്തി. ഉമ്മൻ ചാണ്ടിയാണ് ഇതിന്റെ മുഖ്യ ശിൽപി. കോൺഗ്രസിൽ വേണ്ടത്ര ചർച്ച നടത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു. ഗ്രൂപ്പ് നേതാക്കളുടെ പ്രേരണയിലാണു യുവ നേതാക്കൾ പ്രതികരിച്ചതെന്നും ഉമ്മൻ ചാണ്ടിയാണ് ഇതിനു മുൻകയ്യെടുത്തതെന്നും കുര്യൻ ആരോപിച്ചു.

കോൺഗ്രസിലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എന്നിവർ മാസങ്ങളായി നടത്തിയ അണിയറനീക്കങ്ങളാണു വിജയിച്ചതെന്നാണ് കുര്യന്റെ വിലയിരുത്തൽ. കേരളാ ഹൗസിലെ ഉമ്മൻ ചാണ്ടിയുടെ 204-ാം നമ്പർ മുറിയിൽ അഞ്ചു പേരും രാത്രി അടിയന്തരയോഗം ചേർന്നു. എ.കെ. ആന്റണി, പി.ജെ. കുര്യൻ, വയലാർ രവി എന്നിവർക്കായി മുൻപു മൂന്നുതവണ രാജ്യസഭാ സീറ്റ് വിട്ടുനൽകിയിട്ടുള്ള കേരള കോൺഗ്രസിന്റെ ആവശ്യം ന്യായമാണെന്നു ജോസ് കെ. മാണി വാദിച്ചു. ഇത് ഫലം കാണുകയും ചെയ്തു.

കേരള കോൺഗ്രസിന് അനുകൂലമായി വരുന്നുവെന്ന സൂചനകൾ പുറത്തുവന്നതോടെ, പി.ജെ. കുര്യൻ അതിനെതിരെ രംഗത്തെത്തി. സീറ്റ് കേരള കോൺഗ്രസിനു നൽകരുതെന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കത്തയച്ച കുര്യൻ, സീറ്റിലേക്കു പരിഗണിക്കാവുന്ന കോൺഗ്രസ് നേതാക്കളുടെ പേരുകളും അറിയിച്ചു. ഇതോടെ എല്ലാവരും ചേർന്ന് കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും വസതിയിലെത്തിയതോടെ, രാഹുൽ ഗാന്ധിയും സമ്മതം മൂളി. തിരികെ കേരള ഹൗസിലെത്തിയ നേതാക്കൾ രമേശ് ചെന്നിത്തലയുടെ മുറിയിൽ അവസാനവട്ട ചർച്ചകൾ നടത്തിയശേഷം വാർത്താസമ്മേളനത്തിനെത്തി. കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെയെത്തുന്നതിന്റെ രാഷ്ട്രീയ സാഹചര്യം രമേശ് വിശദീകരിച്ചു; രണ്ടാമതു സംസാരിച്ച ഉമ്മൻ ചാണ്ടി പ്രഖ്യാപനവും നടത്തി.

ഇതോടെ പിജെ കുര്യൻ പ്രസ്താവനയുമായെത്തി. വി എം സുധീരനും നേതൃത്വത്തിനെതിരെ പ്രതികരിച്ചു. ആറു യുവ എംഎൽഎമാർ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെരുവുകളിലേക്ക് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരായ പ്രതിഷേധമെത്തി.

എല്ലാം ഉമ്മൻ ചാണ്ടിയുടെ കളിയോ?

വിവാദത്തോട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടണം. ഈ താൽപര്യങ്ങൾ പരിഗണിച്ചാണു കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാം തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് വരുത്താനുള്ള തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി പറയുന്നത് മാത്രം കേൾക്കുന്ന നേതാവ് തങ്ങൾക്ക് വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ഇത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റവും ഉണ്ടാകും. പിജെ കുര്യന്റെ നീക്കങ്ങളും ഇതിന് സാധ്യത നൽകുന്നു.

പ്രത്യേക കേസായാണു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന് ഇന്നു കിട്ടേണ്ടതു നാലു കൊല്ലം കഴിഞ്ഞുകിട്ടും എന്ന കാര്യം മാത്രമേയുള്ളൂ. പഴയ പോലെ സൗഹാർദപരമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോൺഗ്രസിന് നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. തീരുമാനത്തിൽ കോൺഗ്രസിനു നന്ദിയുണ്ടെന്നും എതിർപ്പിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി വ്യക്തമാക്കി.

കോൺഗ്രസിനെ തകർക്കാനേ നീക്കം കൊണ്ട് സാധിക്കുവെന്ന് വി എം. സുധീരൻ പ്രതികരിച്ചു. ആർക്കും ഉൾക്കൊള്ളാനാകാത്ത തീരുമാനമാണിത്. കേരള കോൺഗ്രസിന് മുന്നണിയിൽ വരാൻ കോൺഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്താൻ പാടില്ലായിരുന്നെന്നും സുധീരൻ അഭിപ്രായപ്പെട്ടു. തീരുമാനത്തിനെതിരെ കോൺഗ്രസിലെ ആറ് യുവ എംഎൽഎമാർ രാഹുൽ ഗാന്ധിക്ക് പരാതി അയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ്. ശബരിനാഥൻ , അനിൽ അക്കര, വി.ടി. ബൽറാം, റോജി എം. ജോൺ എന്നിവരാണ് തീരുമാനത്തിനെതിരെ ദേശീയ അധ്യക്ഷന് പരാതി നൽകിയത്.

തീരുമാനത്തിന് പിന്നിൽ ലീഗും കേരളാ കോൺഗ്രസും ഒന്നിച്ചാൽ തോൽക്കുമെന്ന ഭയം

നിയമസഭയിൽ 22 പേരുടെ അംഗബലമേയുള്ളൂവെന്ന യാഥാർഥ്യceCd കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ലീഗിനു 18 പേരുണ്ട്. മാണിയുടെ ആറും കൂടി ചേർന്നാൽ കോൺഗ്രസിനെ അനായാസം മറികടക്കും. 140 പേരുള്ള നിയമസഭയിൽ മൂന്ന് ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിജയിക്കാൻ ഓരോരുത്തർക്കും 36 ഒന്നാം വോട്ട് വീതം വേണം. സിപിഎം, സിപിഐ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവർക്കു ബാക്കി 19 വോട്ടുണ്ട്.

യുഡിഎഫിലെ ഭിന്നത മുതലെടുക്കാൻ സിപിഎം തീരുമാനിച്ചാൽ മുന്നണിയുടെ സ്ഥിതി വഷളാകും. കോൺഗ്രസും കേരള കോൺഗ്രസും രണ്ടു സ്ഥാനാർത്ഥികളെ നിർത്തുകയും കേരള കോൺഗ്രസ് നോമിനിക്കു ലീഗിന്റെയും ആ 19 പേരുടെയും പിന്തുണ കിട്ടുകയും ചെയ്താൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്യസഭ കാണില്ല. അതോടെ യുഡിഎഫ് തകരും. ഇതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് ഉമ്മൻ ചാണ്ടി വിശദീകരിക്കുന്നു. കേരള കോൺഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും പി.കെ.കുഞ്ഞാലിക്കുട്ടിയും.

മാണിയെ അന്തസ്സായി മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണു നടപ്പായത്. ചെങ്ങന്നൂരിൽ കൂടി തോറ്റതോടെ ലീഗ് അതിശക്തമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിന് മുമ്പിൽ ഉമ്മൻ ചാണ്ടി മുട്ടുമടക്കി. ചെന്നിത്തല അനുസരിച്ചു. ഇതാണ് കോൺഗ്രസ് അണികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ സാധ്യതകളിലേക്ക് കോൺഗ്രസ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP