Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

കിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരും

കിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഹൈക്കമാൻഡിന്റെ സർജിക്കൽ സ്‌ട്രൈക്കിൽ മൂന്ന് മുതിർന്ന നേതാക്കൾക്കാണ് സ്ഥാനം പോയത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും കടുത്ത അമർഷത്തിലാണ്. ഇവർ അമർഷത്തിലാണെന്ന് അറിയാമെങ്കിലും ഹൈക്കമാൻഡ് തൽക്കാലം സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. ഹൈക്കമാൻഡ് തന്നിഷ്ടപ്രകാരം മുന്നോട്ടു പോകുമ്പോൾ മുറിവേറ്റ നേതാക്കൾ മറ്റൊരു പടക്കോപ്പ് കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് പദം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായി ഇന്നലെ കൂടിക്കാഴ്‌ച്ച നടത്തി. കേന്ദ്ര നേതൃത്വത്തിന്റെ സമീപനങ്ങളിലെ പ്രതിഷേധമെന്ന നിലയിൽ കൂടിയാണ് ഈ കൂടിക്കാഴ്‌ച്ചയെ കണക്കാക്കപ്പെടുന്നത്. തങ്ങളെ ഇരുട്ടിൽ നിർത്തിയുള്ള തീരുമാനങ്ങളിലുള്ള അതൃപ്തിയാണ് പുകയുന്നത്. ഇന്നലെ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇന്ദിരാ ഭവനിൽ എത്തി മുല്ലപ്പള്ളിയെ കാണുകയായിരുന്നു.

പിന്നീടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുല്ലപ്പള്ളിയെ സന്ദർശിച്ചു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലെ സൗഹൃദ സന്ദർശനമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നടത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു പല കാരണങ്ങളാൽ മുറിവേറ്റ മൂന്നു പേരും അതിനിടയായ സാഹചര്യം പങ്കുവച്ചെന്നാണു വിവരം.

3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതു നേതാക്കൾ മൂന്നു പേരും മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നു ചർച്ചകളിൽ വ്യക്തമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് കടുത്ത എതിർപ്പാണ് ഉണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും പങ്കുവച്ചു.

സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മെയ്‌ 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ജൂൺ 8 നായിരുന്നു ഇവരുടെ നിയമനം വന്നത്. കത്തിലെ തീയതി തെറ്റിപ്പോയതാണോ അതോ തെറ്റായ കത്തു പ്രചരിക്കുന്നതാണോ എന്നെല്ലാമുള്ള ചോദ്യങ്ങൾ പരക്കുന്നതു ചർച്ചയിൽ വന്നതായി അറിയുന്നു. ഇരു നേതാക്കളെയും അവഗണിക്കുന്നതിൽ പരാതിപ്പെട്ട് എഐ വിഭാഗങ്ങൾ കേന്ദ്ര നേതൃത്വത്തിനു പരാതികൾ നൽകിയിട്ടുണ്ട്. കെപിസിസി, ഡിസിസി, പുനഃസംഘടനയിലും ഇതേ സമീപനം തുടർന്നാൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകുന്നത്.

അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ നേതാക്കളെയും അദ്ദേഹം കണ്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ എംപി 15 നോ, 16 നോ ചുമതലയേൽക്കുമെന്നാണ് അറിയുന്നത്. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ സന്ദർശിച്ചു പിന്തുണ തേടി. കെപിസിസി മുൻ പ്രസിഡന്റ് വി എം.സുധീരനുമായും കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം വീട്ടിലെത്തി കണ്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP