Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

പരാജയം എന്തെന്ന് അറിയാത്ത നേതാവ്; കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാരുടെ സ്വന്തം നേതാവ്; ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും പരിശോധിക്കുന്നത് അതിന്റെ ജനകീയ വശം; ജനമനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്‌നിക്കാൻ മടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജിത്തതിന് അര നൂറ്റാണ്ട്; ഓൺലൈൻ ലോകത്ത് ആഘോഷമാക്കി അണികൾ

പരാജയം എന്തെന്ന് അറിയാത്ത നേതാവ്; കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാരുടെ സ്വന്തം നേതാവ്; ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും പരിശോധിക്കുന്നത് അതിന്റെ ജനകീയ വശം; ജനമനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്‌നിക്കാൻ മടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജിത്തതിന് അര നൂറ്റാണ്ട്; ഓൺലൈൻ ലോകത്ത് ആഘോഷമാക്കി അണികൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പരാജയം എന്തെന്നറിയാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 27ാം വയസ്സിൽ എംഎൽഎ ആയതു മുതൽ ഇങ്ങോട്ട് അദ്ദേഹം ആ മണ്ഡലത്തിൽ നിന്നും തോൽവി അറിഞ്ഞിട്ടില്ല. എത്രകഠിനമായ മത്സരം നേരിട്ടാലും വിജയം ഒടുവിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനായിരുന്നു. ഇതായിരുന്നു പതിവ്. തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻ ചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ നാളെ അരനൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ അണികളും ആഘോഷമാക്കുകയാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എംഎ‍ൽഎ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തമാവുകയാണ്.

13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം.മാണിയാണ് കേരളത്തിൽ മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതാണ് മലയാളികളുടെ മനസിൽ ഉമ്മൻ ചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതാണ് ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻ ചാണ്ടിക്ക് തടസമായിട്ടില്ല. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ജനകീയനായ നേതാവെന്ന് എല്ലാവരും ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിക്കാറുണ്ട്. ജനങ്ങളുമായി അടുത്തിടപഴകുന്ന നേതാക്കൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അധികാരത്തിന്റെയോ പദവികളുടെയോ ആടയാഭരണങ്ങളില്ലാതെ, എടുത്തു കെട്ടിവച്ച ഭാവമില്ലാതെ ജനങ്ങളിലൊരാളായി അവർക്കൊപ്പം നിൽക്കാൻ ഉമ്മൻ ചാണ്ടിക്കു കഴിയുന്നു. ഇത് അത്രയെളുപ്പമുള്ള കാര്യമല്ല. ഒരു ത്യാഗമാണെന്ന് നിസംശയം പറയാം.പുതുപ്പള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ മണ്ഡലമെങ്കിലും കേരളത്തെ മുഴുവൻ തന്റെ കർമ്മമണ്ഡലമായി കണക്കാക്കി പ്രവർത്തിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. നൂറുശതമാനവും പാർലമെന്റേറിയൻ. ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും അതിന്റെ ജനകീയ വശമാണ് ഉമ്മൻ ചാണ്ടി നോക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും പ്രയോജനകരമാകണമെന്ന് കരുതി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം ജനനന്മയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ആവണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഫിലോസഫി.ഉയർന്ന ജനാധിപത്യബോധം പുലർത്തുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവശൈലി. അതിനിശിതമായി വിമർശിച്ചവർക്കെതിരെ പോലും മാന്യമല്ലാത്ത ഒരൊറ്റപ്പദം ആ നാവിൽ നിന്ന് ഉതിരുകയില്ല. വ്യക്തിഹത്യയും വേട്ടയാടലുമൊക്കെ അഭിമുഖീകരിച്ചപ്പോഴും സവിശേഷമായ ആ സ്വഭാവഗുണത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ രംഗപ്രവേശം . തുടർന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 1970 ലാണ് പുതുപ്പള്ളിയിൽ ആദ്യമായി മത്സരിച്ചത്. കോൺഗ്രസിന് ഒട്ടും ജയസാദ്ധ്യതയില്ലെന്ന് കരുതിയ ആ മണ്ഡലത്തിൽ സിപിഎമ്മിലെ സിറ്റിങ് എംഎ‍ൽഎ ഇ.എം.ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടിയുടെ വിജയത്തുടക്കം.അന്ന് 27 വയസാണ് ഉമ്മൻ ചാണ്ടിയുടെ പ്രായം.

രണ്ടാമൂഴത്തിൽ കെ.കരുണാകരൻ മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ ഉമ്മൻ ചാണ്ടി കേരളത്തിലെ തൊഴിൽ രഹിതരായ യുവതയ്ക്ക് തൊഴിലില്ലായ്മാ വേതനം ആദ്യമായി ഏർപ്പെടുത്തി. പിന്നീട് വിവിധ മന്ത്രിസഭകളിൽ പ്രവർത്തിച്ച അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കാക്കി നിക്കറിൽ നിന്ന് പാന്റ്‌സാക്കി പൊലീസ് യൂണിഫോമിൽ സമൂലമാറ്റം വരുത്തിയത്. ധനകാര്യമന്ത്രിയായിരിക്കുമ്പോൾ ജനകീയ ധന മാനേജ്‌മെന്റ് എന്ന ആശയത്തിലൂന്നിയാണ് തന്റെ ഓരോ ബഡ്ജറ്റുകളും ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്. മന്ത്രിപദവി വഹിച്ചതു പോലെ അവ ഉപേക്ഷിക്കുന്നതിനും, മടിയില്ലാത്ത നേതാവായിരുന്നു അദ്ദേഹം. മന്ത്രിസഭയിൽച്ചേരാതെ മാറിനിന്ന സന്ദർഭങ്ങളുമുണ്ട്.എ.കെ.ആന്റണി മുഖ്യമന്ത്രി പദവി രാജിവച്ചപ്പോഴാണ് 2004 ഓഗസ്റ്റ് 31 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി ചുമതലയേറ്റത്. ഇരുപതുമാസത്തെ ആ ഭരണത്തിൽ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം ഉയർത്തി വികസനകാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു. അന്ന് തുടക്കമിടുകയും 2011 ൽ രണ്ടാംവട്ടം മുഖ്യമന്ത്രിയായി വന്നപ്പോൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതിയടക്കം കേരളത്തിന്റെ പുരോഗതിക്കു സഹായകമാകുന്ന പല വൻപദ്ധതികൾക്കും തുടക്കമിട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണ്. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മൻ ചാണ്ടി സർക്കാരിന്റെ സംഭാവനയാണ്. കേൾവിശക്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് കോക്‌ളിയർ ഇംപ്‌ളാന്റേഷൻ സൗജന്യമായി നടത്താൻ കൈക്കൊണ്ട ഒരൊറ്റ തീരുമാനം മതിയാകും ഉമ്മൻ ചാണ്ടിയെന്ന ജനസേവകന്റെ സഹജാവബോധവും പ്രതിജ്ഞാബദ്ധതയും മനസിലാക്കാൻ.

കോട്ടയം നഗരത്തിൽ ഇപ്പോഴത്തെ പഴയ ബോട്ട് ജെട്ടിക്കു സമീപത്തെ റെസ്റ്റ് ഹൗസായിരുന്നു അന്ന് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിലെ യുവ തുർക്കികളുടെ താവളം. ഇവിടുത്തെ മൂന്നാം നമ്പർ മുറി കോട്ടയത്തെ ഇന്നത്തെ മുതിർന്ന നേതാവ് കുര്യൻ ജോയിയുടെയായിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. ഉമ്മൻ ചാണ്ടി എത്തുമ്പോൾ ഒരു പട തന്നെ ഒപ്പമുണ്ടാകും. ഈ റെസ്റ്റ് ഹൗസിനു സമീപത്തു തന്നെയുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ് കോട്ടയത്തു നിന്നുള്ള പത്രങ്ങളുടെ ആദ്യ എഡിഷൻ ആലപ്പുഴയിലേയ്ക്കു പുറപ്പെടുക. രാത്രി 12.30 വരെ ഉറങ്ങാതെ കാത്തിരുന്ന് പത്രം മുഴുവൻ വായിക്കുന്ന ഉമ്മൻ ചാണ്ടിയെന്ന യുവ നേതാവ് അന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് കൗതുകമായിരുന്നു.

കോട്ടയം നഗരത്തിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും കെ.എസ്.യു പ്രവർത്തകർ വിവിധ വിഷയങ്ങളിൽ പ്രകടനം നടത്തിയിരുന്നു. ആറു പേരുണ്ടെങ്കിലും നൂറു പേരുണ്ടെങ്കിലും ഒരു പോലെ ആവേശത്തോടെ നഗരത്തെ ഇളക്കിമറിച്ചാണ് പ്രകടനം നടത്തിയിരുന്നത്. ആ പ്രകടനങ്ങളുടെയെല്ലാം മുൻ നിരയിൽ ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കല്യാണവും മരണവീടുകളുമായിരുന്നു അന്നും ഇന്നും ഉമ്മൻ ചാണ്ടി കൃത്യമായി സന്ദർശനം നടത്തിയിരുന്നത്. എവിടെ പോയാലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലം ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. ഒരു പറ്റം പ്രവർത്തകർ എപ്പോഴും ഒപ്പമുണ്ടാകും. ഈ ശൈലിക്ക് ഇന്നും യാതൊരു മറ്റവും വന്നിട്ടില്ല.അരനൂറ്റാണ്ട് പിന്നിടുമ്പോൾ കോവിഡ് കാലം ആയതിനാൽ മക്കളെല്ലാം പല ഇടങ്ങളിലാണ്. സൂം വഴിയാണ് കുടുംബങ്ങളുമായി ഒന്നിച്ചത്. സൈബർ ഇടങ്ങളിലാണ് അണികൾ ആഘോഷമാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP