Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നായർ വോട്ടിൽ കണ്ണുനട്ട് ബിജെപിയും യുഡിഎഫും; സമദൂരം അനുകൂലമാക്കാൻ ബിജെപി; രാഷ്ട്രീയ ചർച്ചകൾ തള്ളി എൻ.എസ്.എസ് നേതൃത്വം; സംഘടനയ്ക്ക് രാഷ്ട്രീയമില്ല; സമദൂരമാണ് നയമെന്ന് ജി സുകുമാരൻ നായർ

നായർ വോട്ടിൽ കണ്ണുനട്ട് ബിജെപിയും യുഡിഎഫും; സമദൂരം അനുകൂലമാക്കാൻ ബിജെപി;  രാഷ്ട്രീയ ചർച്ചകൾ തള്ളി എൻ.എസ്.എസ് നേതൃത്വം; സംഘടനയ്ക്ക് രാഷ്ട്രീയമില്ല; സമദൂരമാണ് നയമെന്ന് ജി സുകുമാരൻ നായർ

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: മന്നം ജയന്തിദിനത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആശംസ അറിയിച്ചതിന്് എൻ.എസ്.എസ്. നന്ദി രേഖപ്പെടുത്തിയത് രാഷ്ട്രീയചർച്ചകൾക്ക് വഴിവയ്ക്കുന്നതിനിടെ നിലപാട് ആവർത്തിച്ച് എൻഎസ്എസ് നേതൃത്വം. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവർത്തിച്ച് വ്യക്തമാക്കി.

സംഘടനയുമായി ബന്ധപ്പെട്ടുവന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. മന്നംജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സമുദായാചാര്യൻ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സമുദായത്തിന്റെ നന്ദി പ്രകാശിപ്പിച്ച് അവർക്ക് കത്തയയ്ക്കുക മാത്രമാണ് എൻ.എസ്.എസ്. ചെയ്തത്. ഇത്തരം സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവരോട് നന്ദി രേഖപ്പെടുത്തുകയെന്നത് പ്രസ്ഥാനത്തിന്റെ രീതിയാണ്. അതിൽ രാഷ്ട്രീയമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.

'സാമൂഹിക സേവനം, സാമൂഹിക നീതി, സാംസ്‌കാരിക പുനരുദ്ധാരണം എന്നിവയ്ക്ക് മന്നത്ത് പത്മനാഭൻ നൽകിയ സംഭാവനകളോട് തലമുറകൾ കൃതജ്ഞതയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജയന്തി ദിനത്തിൽ അദ്ദേഹത്തോടുള്ള എന്റെ ആദരവ് അർപ്പിക്കുന്നു' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. മോദിക്കും അമിത്ഷായ്ക്കും നന്ദിയറിയിച്ച് എൻ.എസ്.എസ്. കത്തയക്കുകയും ചെയ്തിരുന്നു.

മോദിയുടെയും അമിത്ഷായുടെയും സന്ദേശങ്ങൾ ചേർത്ത് എൻ.എസ്.എസ്. പ്രസിദ്ധീകരണമായ സർവീസിൽ വന്ന മുഖപ്രസംഗം ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിലിട്ടതാണ് രാഷ്ട്രീയ ചർച്ചകൾക്കു വഴിവെച്ചത്. ഈ പോസ്റ്റിനെത്തുടർന്ന് ബിജെപി. അനുകൂല സമീപനത്തിലേക്ക് എൻ.എസ്.എസ്. വരുന്നുവെന്ന ചർച്ചകളുണ്ടായി. എന്നാൽ എൻഎസ്എസിന്റേത് രാഷ്ട്രീയ നിലപാട് മാറ്റമായി കാണെണ്ടതില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എൽഡിഎഫിനോട് വിയോജിപ്പുള്ള എൻഎസ്എസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉചിതമായ സംഘടനയ്ക്ക് പൊതുസ്വീകാര്യമായ നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

 

അതേ സമയം എൻ എസ് എസിന്റെ സമദൂരം അനുകൂലമാക്കാനുള്ള നീക്കമാണ് ബിജെപിയുടേത്. തദ്ദേശത്തിൽ തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിൽ 25,000ത്തിൽ അധികം വോട്ട് ബിജെപി നേടി. ഇതിൽ നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും ഏറെ വോട്ട് നേടുകയും ചെയ്തു. ഈ മൂന്ന് മണ്ഡലങ്ങളിലും എൻഎസഎസ് പിന്തുണ അനിവാര്യമാണ്. ഇതിനൊപ്പം തൃശൂരിലും പാലക്കാട്ടും നായർ വോട്ടുകൾ അനിവാര്യതയാണ്.

ക്രൈസ്തവ വോട്ടുകൾ ഒരുമിപ്പിച്ച നിർത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്. സഭാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നിൽ മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുടെ ഇടപെടലായിരുന്നു. എൻ എസ് എസുമായും പിള്ളയ്ക്ക് നല്ല അടുപ്പമുണ്ട്. എൻ എസ് എസിനെ അടുപ്പിക്കാൻ പിള്ളയും സജീവമായി ഇടപെടും. ഇനി കേരളത്തിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് എത്തി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തും.

അതിന് മുമ്പ് അമിത് ഷാ നേരിട്ട് പെരുന്നയിൽ എത്തും. ഇതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മന്നം ജയന്തി ദിനത്തിൽ മോദി ആശംസ അയച്ചിരുന്നു. ഇതിന് സുകുമാരൻ നായർ മറുപടി കത്തെഴുതി. ഇക്കാര്യം എൻ എസ് എസ് മുഖപത്രമായ സർവ്വീസസിൽ വരികയും ചെയ്തു. ഇത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചർച്ചയാക്കുകയും ചെയ്തു. ഇതെല്ലം എൻഎസ് എസിനെ ചേർത്തു നിർത്താനുള്ള നീക്കമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP