Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 'രണ്ടില' ഇല്ല; കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി എന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക വരണാധികാരി തള്ളിയത് പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് പി ജെ ജോസഫ് എന്ന വാദം അംഗീകരിച്ച്; താൻ യുഡിഎഫ് സ്വതന്ത്രനെന്നും നേതൃത്വം പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും ജോസ് ടോം; പത്രിക പിൻവലിച്ച് ജോസഫ് കണ്ടത്തിലും

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 'രണ്ടില' ഇല്ല; കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി എന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക വരണാധികാരി തള്ളിയത് പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് പി ജെ ജോസഫ് എന്ന വാദം അംഗീകരിച്ച്; താൻ യുഡിഎഫ് സ്വതന്ത്രനെന്നും നേതൃത്വം പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും ജോസ് ടോം; പത്രിക പിൻവലിച്ച് ജോസഫ് കണ്ടത്തിലും

മറുനാടൻ മലയാളി ബ്യൂറോ

പാല: ജോസ് ടോം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി. കേരള കോൺഗ്രസ് എം എന്ന നിലയിൽ ജോസ് ടോം നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളി. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം പി ജെ ജോസഫിനാണ് എന്ന് വരണാധികാരി വ്യക്തമാക്കി. കേരള കോൺഗ്രസ് എം നോമിനി എന്ന നിലയിൽ നൽകിയ പത്രിക തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയായിരുന്നു. ഇതോടെ ജോസ് ടോമിന് കേരള കോൺഗ്രസ് ചിഹ്നമായ രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായി. താൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്നും ടോം ജോസ് പുലിക്കുന്നേൽ വ്യക്തമാക്കി. പൈനാപ്പിൾ ഓട്ടോറിക്ഷ, ഫുട്‌ബോൾ എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കും പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നം.

അതേസമയം, പി ജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിലിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക തള്ളിയതോടെ പി ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി പത്രിക നൽകിയ ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിച്ചിട്ടുണ്ട്.

ജോസഫ് പക്ഷം ആക്ഷേപം ഉന്നയിച്ചതിനാൽ ജോസ് ടോമിന്റെ നാമനിർദ്ദേശപത്രിക വരണാധികാരി വീണ്ടും പരിഗണിക്കുകയായിരുന്നു. ജോസ് ടോമിനെ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടു. പാർട്ടി സ്ഥാനാർത്ഥിയാകാൻ ചെയർമാന്റെ അനുമതിപത്രം വേണമെന്ന് ഇവർ നിലപാട് എടുത്തതോടെ ഭിന്നത കടുത്തു.

ജോസ് ടോമിന്റെ ഫോമിൽ ഒപ്പിട്ടതിനെചൊല്ലിയും തർക്കം ഉടലെടുത്തു. സീൽ കേരള കോൺഗ്രസ് എമ്മിന്റേതല്ലെന്നും വാദമുയർന്നു. ഫോം ബിയിൽ ഒപ്പിട്ട സ്റ്റീഫൻ ജോർജ് ഔദ്യോഗിക ഭാരവാഹിയല്ല. ജോസ് ടോമിന്റെ പത്രികയിൽ നിരവധി 15 കോളങ്ങൾ പൂരിപ്പിച്ചില്ലെന്നും ആക്ഷേപമുയർന്നു. ഇതെല്ലാം പരിശോധിച്ച വരണാധികാരി ജോസ് ടോം, പാർട്ടി സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക തള്ളുകയായിരുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനം തൊട്ട് നാമനിർദ്ദേശ പത്രിക സമർപ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കുന്നത് വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് വരണാധികാരിയുടെ തീരുമാനം വന്നത്.

കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിലെ അധികാര വടംവലികൾക്ക് ഒടുവിലാണ് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന മണിക്കൂറിൽ പിജെ ജോസഫിന് നിലപാടിൽ വിജയം നേടാനായത്. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി.

സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് ചെയർമാനോ വർക്കിങ് ചെയർമാനോ എകപക്ഷീയമായല്ല, മറിച്ച് സ്റ്റിയറിങ് കമ്മറ്റിയാണെന്നാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ വാദിച്ചത്. യഥാർത്ഥ സ്റ്റിയറിങ് കമ്മിറ്റിയാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതെന്നും പിജെ ജോസഫ് വിരുദ്ധ വിഭാഗം വാദിച്ചു.

അതേസമയം ചിഹ്നം നൽകില്ലെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫിൽ ധാരണ ഉണ്ടായിരുന്നെന്നാണ് പി ജെ ജോസഫ് പറയുന്നത്. മറിച്ചുള്ള ജോസ് കെ മാണിയുടെ നീക്കങ്ങൾ ദുരൂഹമാണെന്ന് ആരോപിച്ച പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP