Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിന് കേന്ദ്രം നേരത്തെ നൽകിയത് ഇരുട്ടടി തന്നെ! പ്രളയദുരന്തത്തിൽ വലയുമ്പോൾ അനുവദിച്ച അരി ഫ്രീയല്ല; 233 കോടിയുടെ അരിക്ക് പണം വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാംവിലാസ് പാസ്വാൻ; ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ഈടാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ സ്ഥിരീകരണം; നവകേരളനിർമ്മാണത്തിന് ധനസമാഹരണത്തിനായി സംസ്ഥാന മന്ത്രിമാർ വിദേശത്തേക്ക്; യുഎഇയിൽ നിന്ന് കൂടുതൽ ധനസഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; പ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹർജി തള്ളി ഹൈക്കോടതി

കേരളത്തിന് കേന്ദ്രം നേരത്തെ നൽകിയത് ഇരുട്ടടി തന്നെ! പ്രളയദുരന്തത്തിൽ വലയുമ്പോൾ അനുവദിച്ച അരി ഫ്രീയല്ല;  233 കോടിയുടെ അരിക്ക് പണം വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാംവിലാസ് പാസ്വാൻ; ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ഈടാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ സ്ഥിരീകരണം; നവകേരളനിർമ്മാണത്തിന് ധനസമാഹരണത്തിനായി സംസ്ഥാന മന്ത്രിമാർ വിദേശത്തേക്ക്; യുഎഇയിൽ നിന്ന് കൂടുതൽ ധനസഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; പ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹർജി തള്ളി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാപ്രളയത്തിനിടെ, കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ. ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ഈടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടെത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായപ്പോൾ ഒരു ലക്ഷം മെട്രിക് ടൺ അരി സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും 89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.

അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിൽ പണം നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അരിവിലയും ഗതാഗത ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. 233 കോടി ഇപ്പോൾ പണം നൽകേണ്ടതില്ലെങ്കിലും പിന്നീട് പണം നൽകണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. പണം നൽകിയില്ലെങ്കിൽ, കേരളത്തിന് അനുവദിച്ച വിഹിതത്തിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചപ്പോൾ അരി സൗജന്യമായി തന്നെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയിരുന്നില്ല. പ്രളയ ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേരളം ഭക്ഷ്യവിഹിതത്തിന്റെ കാര്യത്തിൽ അഭ്യർത്ഥന നടത്തിയിരുന്നു

അതേസമയം, പ്രളയക്കെടുതിയിൽ നിന്ന് കരകയറാനും നവകേരള നിർമ്മാണത്തിനുമുള്ള ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സെപ്റ്റംബർ 3,5 തീയതികളിൽ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ നൽകാനും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ പലിശരഹിത വായ്പ നൽകാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു.

കേരളത്തിന്റെ പുനരുദ്ധാരണം നെതർലൻഡ്‌സ് ആസ്ഥാനമായ മലയാളി ഡറക്ടറായ ഏജൻസിയെ ഏൽപ്പിക്കാനും തീരുമാനിച്ചു. മസൗജന്യമായി സേവനം നൽകാമെന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി വീട്ടമ്മമാർക്ക് ഒരുലക്ഷം വരെ വായ്പ നൽകാനും തീരുമാനമായി. കേരളത്തിന്റെ പുനർനിർമ്മാണത്തിന് കൂടുതൽ കേന്ദ്ര, അന്താരാഷ്്ട്ര സഹായം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കിയിരുന്നു.

കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിന് യു.എ.ഇയിൽ നിന്ന് കൂടുതൽ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'യു.എ.ഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പർശമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്.

നമുക്കുണ്ടായിട്ടുള്ള ദുരന്തം അവർക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവർ കാണുന്നത്. ഞാൻ മനസിലാക്കുന്നത് നമ്മൾ കേട്ട തുക മാത്രമല്ല അതിനേക്കാൾ കൂടുതൽ ഉണ്ടാകും. അതാണ് യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.നേരത്തെ യു.എ.ഇയിൽ നിന്ന് 700 കോടി ധനസഹായം വരുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ തുകയുടെ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ യു.എ.ഇ അംബാസഡർ പറഞ്ഞിരുന്നത്.

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളിൽ പാളിച്ചയുണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അതിതീവ്രമഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് കേരളത്തിനു ലഭിച്ചില്ല. ഡാം മേൽനോട്ടവുമായി പ്രളയത്തിന് ബന്ധമില്ല. വേലിയേറ്റ സമയത്ത് ഡാം തുറന്നെന്ന ആരോപണം തെറ്റാണ്. ഡാമുകളാണ് പ്രളയത്തിന് കാരണമെന്ന വാദം വസ്തുതാവിരുദ്ധമാണ്. അതിതീവ്രമഴ തന്നെയാണ് പ്രളയത്തിന് കാരണമെന്നും പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മഹാപ്രളയത്തെ നേരിടാൻ നാട് ഒറ്റക്കെട്ടായി നിൽക്കും എന്ന് ചർച്ചകളിൽ വ്യക്തമായി. പുനർനിർമ്മാണത്തിന് കാര്യമായ നിർദ്ദേശങ്ങളുണ്ടായില്ല. ഇനി ആപത്തുണ്ടായാൽ ബാധിക്കാത്ത തരത്തിലാവണം പുനർനിർമ്മാണം. സമഗ്ര റിസർവോയർ പരിപാലനം വേണം. ഒരു മഴയത്ത് ഒലിച്ചുപോവാത്ത രീതിയിൽ റോഡ് നിർമ്മിക്കും. ലോകത്തെവിടെ നിന്നൊക്കെ സഹായം തേടാൻ പറ്റുമോ അതെല്ലാം നേടും. കേന്ദ്രത്തിൽ നിന്ന് ഇനിയും സഹായം ലഭിക്കുമെന്ന് തന്നെയാണു പ്രതീക്ഷ. നല്ല രീതിയിൽ പുതിയ കേരളത്തിനായി നമുക്കൊന്നിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, മഹാപ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിദേശസഹായം സ്വീകരിക്കണോയെന്നത് കേന്ദ്ര സർക്കാരിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു. നയപരമായ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. വിദേശ സഹായം ലഭ്യമാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിദേശ സഹായം ലഭ്യമാകും എന്നതിന് ഹർജിക്കാരന്റെ പക്കൽ തെളിവൊന്നുമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP