Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ജനവികാരം കണക്കിലെടുത്ത് ഹൈക്കോടതി നീതി നോക്കാതെ നടത്തിയ വിധി ജ്യൂഡീഷ്യറിക്കുണ്ടാക്കിയ അപമാനം തിരുത്താൻ ഉറച്ച് സുപ്രീംകോടതി; സത്യപ്രതിജ്ഞക്ക് നിൽക്കാതെ ഗവർണ്ണർ മുംബൈയ്ക്ക് പോയത് സുപ്രീംകോടതി വിധി എതിരാകുമെന്ന സൂചന ലഭിച്ചപ്പോൾ; നാടു ഭരിക്കാൻ കസേരയൊരുക്കിയ ശശികലയെ കാത്തിരിക്കുന്നത് ജയിലെന്ന് തന്നെ സൂചനകൾ

ജനവികാരം കണക്കിലെടുത്ത് ഹൈക്കോടതി നീതി നോക്കാതെ നടത്തിയ വിധി ജ്യൂഡീഷ്യറിക്കുണ്ടാക്കിയ അപമാനം തിരുത്താൻ ഉറച്ച് സുപ്രീംകോടതി; സത്യപ്രതിജ്ഞക്ക് നിൽക്കാതെ ഗവർണ്ണർ മുംബൈയ്ക്ക് പോയത് സുപ്രീംകോടതി വിധി എതിരാകുമെന്ന സൂചന ലഭിച്ചപ്പോൾ; നാടു ഭരിക്കാൻ കസേരയൊരുക്കിയ ശശികലയെ കാത്തിരിക്കുന്നത് ജയിലെന്ന് തന്നെ സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയേയും തോഴി ശശികലയേയും കർണ്ണാടക ഹൈക്കോടതി വെറുതെ വിട്ടത് കീഴ് കോടതി വിധിയിലെ കണ്ടെത്തലുകൾക്ക് മറുപടി നൽകാതെയായിരുന്നു. വെറുതെ വിടാനുള്ള ഒറ്റവരി ഉത്തരവിൽ എല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തമിഴ് ജനതയ്ക്ക് ജയലളിതയോടുള്ള താൽപ്പര്യം പരിഗണിച്ചായിരുന്നു വിധി. ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്തുള്ള ഇടപെടൽ. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ തീരാ കളങ്കമായിരുന്നു. വിവാദമായതോടെ കേസിൽ സുപ്രീംകോടതിയിൽ കർണ്ണാടക സർക്കാർ അപ്പീൽ നൽകി. ഈ അപ്പീലിൽ ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതി തീരുമാനമെടുക്കും. കീഴ് കോടതിയുടെ ശിക്ഷ കോടതി ശരിവച്ചാലും ഇനി ഒന്നും സംഭവിക്കില്ല. കാരണം ജയലളിതയുടെ മരണത്തോടെ തമിഴർക്ക് കേസിനോടുള്ള മാനസികമായ താൽപ്പര്യം കുറഞ്ഞു. ശശികലയേയും കൂട്ടരേയും ശിക്ഷിച്ചാലും ആരും അക്രമത്തിന് ഇറങ്ങില്ലെന്നാണ് വിലയിരുത്തൽ.

അനിധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് സൂചന. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ഗവർണർ സി.വിദ്യാസാഗർ റാവു നാളെ സമയം നൽകിയിട്ടില്ലെന്നാണ് സൂചന. ചെന്നൈയിലെ പരിപാടികൾ റദ്ദാക്കി ഗവർണർ മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാദ്ധ്യമമായ ന്യൂസ്18 റിപ്പോർട്ട് ചെയ്തു. പോകുന്നതിനു മുൻപ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോർട്ട് തേടിയെന്നും വിവരമുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക ഗവർണർ അറിയിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ച ചേർന്ന അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗമാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്. ജയലളിത അന്തരിച്ചു രണ്ടുമാസം തികയുന്ന ദിവസമായിരുന്നു പ്രഖ്യാപനം. എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും തിരഞ്ഞെടുപ്പിൽനിന്ന് വിലക്ക് വരുകയും ചെയ്യും. അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരാനുള്ളതിനാൽ സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സുപ്രീം കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. ഈ ഹർജിയും നിര്ണ്ണായകമാണ്.

ജനാധിപത്യം മരിച്ചുവെന്ന് അശ്വിൻ

മുഖ്യമന്ത്രിയായി ശശികല ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നായിരുന്നു സൂചന. മദ്രാസ് സർവകലാശാലാ ശതാബ്ദി ഹാളിൽ രാവിലെ 8.45-നും 9.30-നും ഇടയിൽ നടക്കുന്ന ചടങ്ങിൽ അവർ അധികാരമേൽക്കാനായിരുന്നു സൂചന. അതേസമയം പാർട്ടിനേതൃത്വം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി ഏഴിനോ ഒമ്പതിനോ സത്യപ്രതിജ്ഞാ ചടങ്ങുണ്ടാകുമെന്നാണ് ഞായറാഴ്ച പാർട്ടിവൃത്തങ്ങൾ അറിയിച്ചിരുന്നത്. അതിനിടെ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ രാജി ഗവർണർ തിങ്കളാഴ്ച സ്വീകരിച്ചു. ഇതോടെ മുഖ്യമന്ത്രിപദവിയിലേക്കുള്ള ശശികലയുടെ പാത സുഗമമായി. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജിവെയ്ക്കുന്നതെന്നാണ് പനീർശെൽവം ഗവർണറെ അറിയിച്ചത്.

പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നതുവരെ പദവിയിൽ തുടരണമെന്ന് ഗവർണർ പനീർശെൽവത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചിന് ജയലളിത മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഞായറാഴ്ച നടന്ന എ.ഐ.എ.ഡി.എം.കെ. എംഎ‍ൽഎമാരുടെ യോഗത്തിലാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഇതേത്തുടർന്ന് പനീർശെൽവം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇതിനിടെയാണ് ശശികലയ്‌ക്കെതിരായ കേസിൽ സുപ്രീംകോടതി വിധി വരുമെന്ന സൂചന പുറത്തായത്. ഇതോടെ മദ്രാസ് സർവകലാശാല ശതാബ്ദി ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വവുമായി.

ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു കേസിൽ സുപ്രീംകോടതി വിധി പറയാനിരിക്കുന്നതാണു ഊരാക്കുടുക്കായത്. ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതായാണു സൂചന. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം ഗവർണർ മുംബൈയിലേക്കു പോയി എന്നാണ് റിപ്പോർട്ട്. അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസിൽ ജയലളിതയും ശശികലയും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ ഹർജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കാര്യം കർണാടകയുടെ അഭിഭാഷകൻ ഇന്നലെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഒരാഴ്ച കൂടി കാത്തിരിക്കാനായിരുന്നു ജസ്റ്റിസ് പി.സി. ഘോഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർദ്ദേശം.

അതിനിടെ ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ സംസ്ഥാനത്തു പ്രതിഷേധം ശക്തമായി. സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്. 'തമിഴ്‌നാട്ടിലെ യുവാക്കൾക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങൾ തുറക്കും' എന്ന ക്രിക്കറ്റ് താരം ആർ. അശ്വിന്റെ ട്വീറ്റ് തരംഗമായി. 234 അംഗ നിയമസഭയെയാണ് അശ്വിൻ പരോക്ഷമായി സൂചിപ്പിച്ചത്. പോയസ് ഗാർഡൻ റോഡിലൂടെ 'എന്റെ വോട്ട് നിങ്ങൾക്കല്ല' എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്‌റഫിന്റെ ഫേസ്‌ബുക്ക് ലൈവും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫേസ്‌ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്തത്.

വിധി എതിരായാൽ ശശികലയ്ക്ക് നാല് വർഷം അകത്ത് കിടക്കേണ്ടി വരും

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-'96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്നു ജനതാപാർട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിലാണു സുപ്രീം കോടതി വിധി പറയേണ്ടത്. 2014ൽ ബെംഗളൂരു പ്രത്യേക കോടതി നാലു വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഇതേത്തുടർന്ന് ജയലളിത, ശശികല, സുധാകരൻ, ഇളവരശി എന്നിവർ ജയിൽവാസവും അനുഭവിച്ചിരുന്നു. 2015ൽ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെത്തുടർന്ന് കർണാടക സർക്കാർ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കെ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്തിമവിധി ഒരാഴ്ചയ്ക്കുള്ളിൽവരുമെന്ന അറിയിപ്പ് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് തലവേദനയായി. ജനവികാരം കൂടുതൽ എതിരാക്കുന്നതായി ഈ വിധി. ഈ കേസിൽ ശിക്ഷിക്കപ്പെട്ടാൽ മുഖ്യമന്ത്രിപദമേൽക്കുന്നതിനുപിന്നാലെ അധികാരമൊഴിഞ്ഞ് ജയിലിൽപോകേണ്ടിവരുമെന്ന പ്രതിസന്ധിയുണ്ടാകും. ഇത് ശശികലയ്ക്കും പാർട്ടിക്കും വലിയ തിരിച്ചടിയാകും. പാർട്ടിയിൽ അവരുടെ സ്വാധീനവും ഇല്ലാതാക്കും.

കേസിൽ കർണാടക ഹൈക്കോടതിയാണ് ജയലളിതയെയും ശശികലയെയും മറ്റുപ്രതികളെയും വെറുതെവിട്ടത്. ഈ വിധി സുപ്രീംകോടതി ശരിവച്ചാൽ മാത്രമേ ശശികലയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറയ്ക്കുകയുള്ളൂ. എന്നാൽ, വിധി തള്ളി ബംഗളൂരു പ്രത്യേകകോടതിയുടെ വിധി ശരിവച്ചാൽ 68 കോടിയുടെ സ്വത്തുകേസിൽ രണ്ടാംപ്രതിയായ ശശികലയ്ക്കും ഉറ്റബന്ധുക്കളായ ഇളവരസി, സുധാകരൻ എന്നിവർക്കും ജയിലിൽപോകേണ്ടിവരും. 1997-ൽ ഡി.എം.കെ. അധികാരം കൈയാളുമ്പോഴാണ് ജയലളിതയ്ക്കും ശശികലയ്ക്കും എതിരേ അനധികൃതസ്വത്ത് സമ്പാദനക്കേസ് എടുത്തത്.

2014-ലാണ് ബംഗളൂരുവിലെ പ്രത്യേകകോടതി ജഡ്ജി മൈക്കൽ ഡി കുഞ്ഞ ഈ കേസിൽ ജയലളിതയെയും ശശികലയെയും ശിക്ഷിച്ചത്. എന്നാൽ, പ്രത്യേകകോടതി വിധി തള്ളിക്കൊണ്ട് 2015 മാർച്ചിൽ കർണാടക ഹൈക്കോടതി ജഡ്ജി കുമാരസ്വാമി ജയലളിതയെയും ശശികലയെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചു. വ്യവസ്ഥകൾക്കനുസൃതമായി സമ്പാദിച്ച സ്വത്തിന്റെ പത്തുശതമാനംവരെ അനധികൃതമാവുന്നതിൽ പ്രശ്നമില്ലെന്ന നിലപാടാണ് ഒരു സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുമാരസ്വാമി സ്വീകരിച്ചത്.

ജയലളിതയ്ക്ക് 53 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നാണ് പ്രത്യേക കോടതി ജഡ്ജി മൈക്കേൽ ഡി കൂഞ്ഞ ചൂണ്ടിക്കാട്ടിയതെങ്കിൽ 2.82 കോടി രൂപയുടെ അനധികൃത സ്വത്തുമാത്രമേയുള്ളൂവെന്നാണ് കുമാരസ്വാമി കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP