Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ തെരഞ്ഞെടുപ്പ്; നിലമ്പൂരിൽ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയിൽ ആര്യാടൻ ഷൗക്കത്തിന് മേൽക്കൈ; പാർട്ടി ഭാരവാഹികളുടെയും പോഷക സംഘടനകളുടേയും പിന്തുണ നിർണായകമാകും; മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ്; നിലമ്പൂരിൽ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയിൽ ആര്യാടൻ ഷൗക്കത്തിന് മേൽക്കൈ; പാർട്ടി ഭാരവാഹികളുടെയും പോഷക സംഘടനകളുടേയും പിന്തുണ നിർണായകമാകും; മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയിൽ ആര്യാടൻ ഷൗക്കത്തിന് മേൽക്കൈ. കഴിഞ്ഞ അഞ്ചു വർഷം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് അനുകൂല ഘടകമാകുന്നത്. പാർട്ടി ഭാരവാഹികളുടെയും പോഷക സംഘടനകളുമായി നടത്തിയ ആശയ വിനിമയത്തിൽ ഷൗക്കത്തിന് സാധ്യത തെളിഞ്ഞതെന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കർണാടകയിൽ നിന്നുള്ള മോഹൻ നിയോജകമണ്ഡലത്തിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുമായും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുമായും കെ.എസ്.യു, യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷകസംഘടനാ ഭാരവാഹികളുടെയും അഭിപ്രായം തേടിയിരുന്നു.

സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏറ്റവും അധികം പുതിയ വോട്ടർമാരെ ചേർത്തത് നിലമ്പൂരിലാണ്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങളിൽ 13000ത്തിലേറെ വോട്ടുകളാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേർത്തതെന്നാണ് പ്രവർത്തകരിൽനിന്നും ലഭിച്ച വിവരം.

ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് നിലമ്പൂർ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദനാണ്. സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടർമാരെ ചേർത്ത പ്രവർത്തനത്തിന് ഹരിഗോവിന്ദന് എ.ഐ.സി.സിയുടെ പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷം നിലമ്പൂരിൽ നിറഞ്ഞ സാന്നിധ്യമാകാനും രണ്ടു പ്രളയം നേരിട്ട മണ്ഡലത്തിൽ നിരവധി പേർക്ക് വീടുണ്ടാക്കി നൽകാനും കവളപ്പാറയിലടക്കം വീടും സ്ഥലവും നഷ്ടപ്പെട്ട 60തിലേറെ കുടുംബങ്ങൾക്ക് വീട്ടുവാടക നൽകിയതും ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലായിരുന്നു.

കോൺഗ്രസ് ലീഗിന് അടിമപ്പെടുന്നു എന്ന വാദം സിപിഎം ഉയർത്തുകയും കത്തോലിക്കാസഭാ നേതൃത്വവും എൻ.എസ്.എസും അടക്കം ഈ ആശങ്ക പങ്കുവെക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാന്തപുരം എ.പി വിഭാഗത്തിന്റെ കൂടെ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾക്കുകൂടി സ്വീകാര്യനായ നേതാവ് എന്ന പ്രതിഛായയാണ് ആര്യാടൻ ഷൗക്കത്തിന് മുതൽകൂട്ടാകുന്നത്.

പൗരത്വപ്രശ്‌നം അടക്കം ചർച്ച ചെയ്യുന്ന ഷൗക്കത്തിന്റെ പുതിയ സിനിമ വർത്തമാനത്തിനെതിരെ ബിജെപി നേതാവിന്റെ സമ്മർദ്ദത്തിൽ സെൻസർബോർഡ് പ്രദർശനാനുമതി ലഭിച്ച വിവാദം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലും ഷൗക്കത്തിന് അനുകൂല നിലപാടുണ്ടാക്കിയിട്ടുണ്ട്.

കോൺഗ്രസിന്റെ സാംസ്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി ചെയർമാനെന്ന നിലയിൽ കഴിഞ്ഞ മൂന്നു വർഷമായി മെച്ചപ്പെട്ട പ്രവർത്തനമാണ് ഷൗക്കത്ത് നടത്തുന്നത്. തെരുവുനാടകങ്ങളുമായി നാല് കലാജാഥകളാണ് ഷൗക്കത്തിന്റെ നേതൃത്വത്തിൽ കാസർഗോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയത്.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രക്കൊപ്പവും ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവ്വഹിച്ച സംസ്‌ക്കാരസാഹിതിയുടെ തെരുവുനാടകവുമുണ്ട്. സംസ്‌ക്കാര സാഹിതി ചെയർമാനെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും ഷൗക്കത്തിന്റെ സാധ്യത വർധിപ്പിക്കുകയാണ്.

ഷൗക്കത്തിന് നിലമ്പൂരിൽ സീറ്റു നൽകുമ്പോൾ മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂരിൽ സാധ്യതാലിസ്റ്റിലുണ്ടായിരുന്ന വി.വി പ്രകാശിനെ തവനൂരിലേക്ക് പരിഗണിക്കാനാണ് നീക്കമെന്നും സൂചനകളുണ്ട്. കഴിഞ്ഞ തവണ നിലമ്പൂരിൽ ഷൗക്കത്തിന് സീറ്റു നൽകിയപ്പോൾ പ്രകാശ് ഇടഞ്ഞിരുന്നു.

പ്രകാശിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകിയാണ് അനുനയിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായി അറിയപ്പെട്ട പ്രകാശ് നിലമ്പൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പക്ഷത്തേക്ക് ചേക്കേറിയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയതെന്നും ആരോണമുയർന്നിരുന്നു.

കോൺഗ്രസ് ഗ്രൂപ്പ് സമവാക്യത്തിൽ മലപ്പുറം ജില്ലയിലെ നാല് സീറ്റുകളിൽ നിലമ്പൂരും തവനൂരും എ ഗ്രൂപ്പിനും വണ്ടൂരും പൊന്നാനിയും ഐ ഗ്രൂപ്പിനുമാണ്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട നിലമ്പൂർ സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP