Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് കോൺഗ്രസ് സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും; മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി; കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്; 'സമരാഗ്‌നി'യുടെ സമാപനസമ്മേളനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വിമർശനം

രാജ്യത്ത് കോൺഗ്രസ് സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും; മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി; കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്; 'സമരാഗ്‌നി'യുടെ സമാപനസമ്മേളനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്‌നി യാത്ര സമാപന സമ്മേളനത്തിൽ കേരള സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു.

രൂക്ഷമായ ഭാഷയിലാണ് ഇരു സർക്കാരുകളെയും കോൺഗ്രസ് നേതാക്കൾ വിമർശിച്ചത്. തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോൾ, കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമർശനം.

ബിജെപിയെ പ്രതിരോധിക്കാൻ കേരളത്തിൽനിന്ന് കൂടുതൽ കോൺഗ്രസ് എംപിമാർ വേണമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപിക്ക് ലോക്‌സഭ അക്കൗണ്ട് തുറക്കാൻ കഴിയാത്തത് കേരളത്തിൽ മാത്രമാണ്. ഇത് മോദിക്കെതിരായ യുദ്ധമാണ്. കേരളത്തിലെ ഇരുപതു സീറ്റിൽ ഇരുപതും നേടാൻ യുഡിഎഫ് കഠിനാധ്വാനം ചെയ്യണമെന്നും രേവന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് എംപിമാർ മോദി സർക്കാരിനെതിരെ നിലകൊള്ളുന്നവരാണ്. കേരളത്തിൽ മോദിയെയും ബിജെപിയെയും എത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകരാണ് ഉള്ളത്. എൻഡിഎ എന്നാൽ വിഭജനമെന്നാണ് അർത്ഥം. ഇത്തവണ കേരളത്തിൽ കഠിനപ്രയത്‌നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിന് സാധിക്കും. രാജ്യത്ത് കോൺഗ്രസ് സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കും.

നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി ആരെങ്കിലും ബിജെപിയിൽ ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഇത് മോദിക്കെതിരായ യുദ്ധമാണെന്നും പറഞ്ഞു.

നരേന്ദ്ര മോദി ഭരണത്തിൽ സമ്പന്നർ സമ്പന്നരായും ദാരിദ്രരർ ദാരിദ്രരായും തുടരുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമർശനം. കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ബിജെപി തകർത്തു. 70 വർഷം കൊണ്ട് കോൺഗ്രസ് കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ ആണ് ഇത്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കുകയാണ് കേന്ദ്രസർക്കാർ. കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ഇത് സർക്കാരുണ്ടാക്കാനുള്ള തിരഞ്ഞെടുപ്പല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. ബിജെപിയുടെ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP