Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആംബുലൻസിൽ കോടതിയിലെത്തിയ ജ്യോതിബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും; ടിപി കേസിൽ കൃഷ്ണനെ കുരുക്കിയത് കെ കെ രമയുടെ സാക്ഷിമൊഴി

ആംബുലൻസിൽ കോടതിയിലെത്തിയ ജ്യോതിബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും; ടിപി കേസിൽ കൃഷ്ണനെ കുരുക്കിയത് കെ കെ രമയുടെ സാക്ഷിമൊഴി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ പ്രതികളിൽ ജ്യോതിബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വെറുതേ വിട്ടെങ്കിലും, കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയതോടെയാണ് സിപിഎം നേതാക്കൾ ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങിയത്.

ജ്യോതിബാബു ആംബുലൻസിലെത്തിയാണ് കോടതിയിൽ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധിവന്ന് പത്തുവർഷത്തിനുശേഷമാണ് സിപിഎം. മുൻ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവർക്ക് കുരുക്ക് വീണത്. വിചാരണക്കോടതി വെറുതേവിട്ടവർക്കെതിരേ കെ.കെ. രമ നൽകിയ അപ്പീലിലാണ് ഇവരെ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇതോടെ ടി.പി. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഏഴുപേരിൽ അഞ്ചുപേരും കുറ്റക്കാരായി. അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കൃഷ്ണൻ പത്താം പ്രതിയായിരുന്നു. ജ്യോതിബാബു 12-ാം പ്രതിയും. ഇവർ ഉൾപ്പെടെ ഏഴാളുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതിൽ എട്ടാംപ്രതി കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചു. പി. മോഹനൻ, സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ വെറുതേവിട്ടിരുന്നു.

ഈ മാസം 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പെടെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഇന്ന് കോടതിയിൽ കീഴടങ്ങിയത്.

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട 2 പേരടക്കം 8 പേർക്കു കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു. 10ാം പ്രതി കെ.കെ.കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരാണു കുറ്റക്കാരുടെ ഗണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ കൃഷ്ണന്റെ പങ്കാളിത്തം വിലയിരുത്തുന്നതിൽ ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ സാക്ഷിമൊഴി നിർണായകമായി.

'ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ചുകിടത്തണമെന്നും ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ റോഡിൽ തെറിക്കുന്നതു കാണേണ്ടി വരു'മെന്നും കൃഷ്ണൻ പ്രസംഗിച്ചതു കേട്ടതായി സാക്ഷിയായ അച്യുതൻ മൊഴി നൽകിയിരുന്നു. തന്റെ ഭർത്താവ് ഈ പ്രസംഗത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതായി രമയും മൊഴി നൽകി. സിപിഎം തന്നെ എന്തെങ്കിലും ചെയ്യുന്നെങ്കിൽ കെ.സി.രാമചന്ദ്രൻ, സി.എച്ച്.അശോകൻ, കെ.കെ.കൃഷ്ണൻ, പി.മോഹനൻ എന്നിവർ അറിയാതെയാകില്ലെന്നു കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ടി.പി. പറഞ്ഞതായും രമ മൊഴി നൽകി.

സാക്ഷിമൊഴികളും ഫോൺ കോൾ ഡേറ്റ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളുമാണു ജ്യോതി ബാബുവിനു വിനയായത്. കൊലയ്ക്കു മുന്നോടിയായി 2012 ഏപ്രിൽ 10നു ചൊക്ലിയിലെ സമീറ ക്വാർട്ടേഴ്‌സിൽ ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി, എട്ടാം പ്രതി കെ.സി.രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജൻ എന്നിവർക്കൊപ്പം ജ്യോതി ബാബു ഒത്തുകൂടിയതായി സാക്ഷിമൊഴികളുണ്ട്. സിപിഎം പ്രവർത്തകരല്ലാത്ത അനൂപും കൊടി സുനിയും ഈ കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടതു ഗൂഢാലോചനയിലെ പങ്കിന്റെ സൂചനയാണ്.

2012 മെയ്‌ നാലിനാണ് ആർ.എംപി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികൾ കൊലപ്പെടുത്തി എന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP