Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

വെട്ടിക്കാട്ടിരി ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കലാപം; വിമത സ്ഥാനാർത്ഥിയെ അംഗീകരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ്; സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് മണ്ഡലം കമ്മിറ്റി; മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ചു

വെട്ടിക്കാട്ടിരി ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കലാപം; വിമത സ്ഥാനാർത്ഥിയെ അംഗീകരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ്; സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് മണ്ഡലം കമ്മിറ്റി; മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ച് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി ഐകകണ്‌ഠ്യേന പ്രഖ്യാപിച്ച വെട്ടിക്കാട്ടിരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി വെട്ടി. വിമത സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതോടെ സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം.

സഹകരണ ബാങ്കിലേക്കുള്ള ഡയറക്ടർമാരെ ഡി.സി.സി നേതൃത്വം അടിച്ചേൽപ്പിക്കാതെ അതത് മണ്ഡലം കമ്മിറ്റികൾ തീരുമാനിക്കുക എന്നതായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം മുതൽ ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടൻ മുഹമ്മദ് എടുത്ത നിലപട്. തർക്കങ്ങൾ ഉണ്ടായാൽ മാത്രം ഡി.സി.സി നേതൃത്വം ചർച്ച ചെയ്ത് പരിഹാരം കാണുക എന്ന ഈ കീഴ്‌വഴക്കമാണ് ഇതുവരെയുള്ള ഡി.സി.സി നേതൃത്വങ്ങൾ പിന്തുടർന്നത്.

മുസ്ലിം ലീഗും കോൺഗ്രസും മുന്നണി സംവിധാനത്തിൽ ഭരിക്കുന്ന വെട്ടിക്കാട്ടിരി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് കോൺഗ്രസിന് 4 സീറ്റും ലീഗിന് 7 സീറ്റുമാണ് നൽകിയത്. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഗ്രൂപ്പ് സമവാക്യങ്ങളടക്കം പരിഗണിച്ച് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്.

കബീർ മഞ്ചേരി, പി. സുബ്രഹ്‌മണ്യൻ, യു. പത്മാവതി, സക്കീർ തോട്ടത്തിൽ എന്നിവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. എന്നാൽ എ.പി അനിൽകുമാർ എംഎ‍ൽഎയെ പിന്തുണക്കുന്ന 2 വിമത സ്ഥാനാർത്ഥികളും പത്രിക നൽകി. വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും കബീർ മഞ്ചേരിയെ വെട്ടി വിമത പക്ഷത്തെ അഷ്‌റഫ് ചക്കിപറമ്പനെ ഉൾപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി കത്തു നൽകിയതാണ് മണ്ഡലം കമ്മിറ്റിയെ ചൊടിപ്പിച്ചത്.

ഇതോടെ മണ്ഡലം കമ്മിറ്റി യോഗം ചേർന്നാണ് 4 സ്ഥാനാർത്ഥികളെയും പിൻവലിക്കാൻ തീരുമാനിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റകെട്ടായാണ് തീരുമാനമെടുത്തതെന്നും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞായത്ത് അംഗങ്ങളും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും ഈ തീരുമാനത്തിനൊപ്പമാണെന്നും മണ്ഡലം പ്രസിഡന്റ് പൂതിക്കുന്നൻ നാസർ പറഞ്ഞു.

17നാണ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. ഡി.സി.സി പ്രസിഡന്റിന്റെ കത്തിനെതിരെ കെപിസിസി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ മലപ്പുറം ജില്ലയിലെ കോൺഗ്രസ് നേതൃത്വം പിടിക്കാൻ എ.പി അനിൽകുമാർ എംഎ‍ൽഎയുടെ നീക്കമാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.

ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി അനിൽകുമാറിനൊപ്പമാണ്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പും പി.ടി അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഒന്നിച്ചാണ് അനിൽകുമാർ വി എസ് ജോയി കൂട്ടുകെട്ടിനെതിരെ അണിനിരക്കുന്നത്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ നടക്കുന്നതിനിടെ താനാളൂർ മണ്ഡലം പ്രസിഡന്റ് പി.എസ് അബ്ദുൽഹമീദ് ഹാജിയെ മാറ്റിയതായി ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി കത്ത് നൽകിയും പൊട്ടിത്തെറിക്കിടയാക്കിയിരുന്നു. ഇതിനെതിരെ കെപിസിസി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്.

ഭാരത് ജോഡോയാത്രക്കായി പിരിച്ച ഫണ്ട് വെട്ടിച്ചതിനെതിരെ ഡി.സി.സി ഭാരവാഹിയോഗത്തിൽ വിമർശനം ഉയർന്നതും നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് സർവീസ് സംഘടനകളും പ്രവാസി സംഘടനയും നൽകിയ പണത്തിന്റെ കണക്കടക്കം അവതരിപ്പിച്ചില്ലെന്നും വിമർശനം ഉയർന്നിരുന്നു. സംഘടനാപ്രശ്‌നങ്ങൾ സമവായത്തോടെ ചർച്ച ചെയ്ത് പരിഹരിക്കുകയെന്ന ആര്യാടൻ മുഹമ്മദിന്റെ ശൈലി വെടിഞ്ഞ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വെട്ടിനിരത്തുക എന്ന പുതിയ ശൈലിയിലേക്ക് മാറിയതാണ് മലപ്പുറത്തെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നതെന്നാണു ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP