Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കുറുമാറിയത് ഏതാനും മാസം മുൻപ്; പ്രത്യുപകാരമായി സിപിഐ മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 'സഖാക്കളും' മൊഴി മാറ്റി; കേസുകൾ കോടതിയിൽ അട്ടിമറിക്കുന്നത് സമവായ ചർച്ചകൾക്കൊടുവിൽ; സിപിഐ-സിപിഎം തർക്കം പുതിയ തലത്തിലേക്ക്; ഒന്നും മിണ്ടാതെ കാനം; നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധം

സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കുറുമാറിയത് ഏതാനും മാസം മുൻപ്; പ്രത്യുപകാരമായി സിപിഐ മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 'സഖാക്കളും' മൊഴി മാറ്റി; കേസുകൾ കോടതിയിൽ അട്ടിമറിക്കുന്നത് സമവായ ചർച്ചകൾക്കൊടുവിൽ; സിപിഐ-സിപിഎം തർക്കം പുതിയ തലത്തിലേക്ക്; ഒന്നും മിണ്ടാതെ കാനം; നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടിഞ്ഞ കൈയുമായാണ് ഇ ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. അന്നത്തെ ആ ആക്രമണമാണ് ഇന്ന് വിവാദമാകുന്നത്. സിപിഐ. അസിസ്റ്റന്റ് സെക്രട്ടറിയും എംഎ‍ൽഎ.യുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപി.ക്കാരെ രക്ഷിക്കാൻ സിപിഎം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവം സിപിഐ.ക്കുള്ളിൽ അതൃപ്തിപടർത്തുകയാണ്. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മിണ്ടുന്നുമില്ല. ഇനിയുള്ള പാർട്ടി കമ്മറ്റികളിൽ ഈ വിഷയം ഉയർത്താനാണ് സിപിഐയിലെ മറുവിഭാഗത്തിന്റെ തീരുമാനം. ഇതേക്കുറിച്ച് കാനത്തിന്റെ പ്രതികരണം വേണ്ടത്ര ശക്തമല്ലെന്നതാണ് കാരണം. പ്രകാശ് ബാബു പക്ഷം രണ്ടും കൽപ്പിച്ചാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധമാണ് ഈ വിവാദം. രമേശ് ചെന്നിത്തല അടക്കമുള്ള വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞു.

സിപിഎമ്മിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന പ്രതികരണവുമായി ദേശീയ നിർവാഹകസമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി. എന്നാൽ, ഈ പ്രതികരണത്തിനുപിന്നാലെ മൊഴിമാറ്റം സംബന്ധിച്ച് പാർട്ടിയും മുന്നണിയും പരിശോധിക്കുമെന്ന് ഒറ്റവാക്കിലാണ് കാനം പ്രതികരിച്ചത്. സിപിഎമ്മിന് സിപിഐ കീഴടങ്ങിയെന്നാണ് സിപിഐയിലെ പ്രധാന നേതാക്കളുടെ വിമർശനം. ഒരു ജില്ലയിലെ പ്രശ്‌നം സംസ്ഥാനവിഷയമായി വളർത്തി സിപിഎം.-സിപിഐ. ഭിന്നിപ്പിന് വഴിയൊരുക്കേണ്ടതില്ലെന്നാണ് കാനത്തിന്റെ നിലപാട്. സിപിഐ.യുടെ പ്രതികരണം കാസർകോട് ജില്ലാ സെക്രട്ടറി സി.പി. ബാബുവിൽ ഒതുങ്ങി. നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ചർച്ചയാക്കും. സിപിഎം-ബിജെപി ബന്ധത്തിന് തെളിവായി ഈ കേസും ഉയർത്തിക്കൊണ്ടു വരും. അങ്ങനെ രാഷ്ട്രീയ വിവാദമായി ഇത് കത്തിപടരും.

2016-ൽ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഇ. ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ഗവർണറോടും മുഖ്യമന്ത്രിയോടുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കമുണ്ട്. 12 ബിജെപി., ആർഎസ്എസ്. പ്രവർത്തകരുടെപേരിലുള്ള കേസ് വിചാരണയ്‌ക്കെത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്കേറ്റ നേതാവ് ഉൾപ്പെടെയുള്ള സിപിഎം. പ്രവർത്തകരായ സാക്ഷികൾ മൊഴിമാറ്റി കൂറുമാറി പ്രതികളെ സഹായിച്ചു. കോടതി പ്രതികളെ വെറുതെവിട്ടു. കൂറുമാറിയത് മുൻധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം. 11 സിപിഎം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസിൽ ബിജെപി.ക്കാർ മൊഴിമാറ്റിയിരുന്നു. രണ്ടുകേസിലും പ്രതികളെ കോടതി വെറുതെവിട്ടുവെന്നതാണ് വസ്തുത. ഈ രണ്ടു കേസും പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കും. എന്നാൽ കോടതിയുടെ പേരു പറഞ്ഞ് സിപിഎം ചർച്ചയിൽ നിന്ന് രക്ഷപ്പെടാനും സാധ്യത ഏറെയാണ്.

സിപിഎം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ സിപിഎം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി. പ്രവർത്തകർ ഏതാനും മാസംമുൻപ് കൂറുമാറിയിരുന്നു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി (മൂന്ന്)യിൽ നടന്ന വിചാരണയ്ക്കിടെയായിരുന്നു അത്. 2018 നവംബർ 17-ന് നടന്ന ഹിന്ദു ഐക്യവേദി ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി.ക്കാർ കൂറുമാറിയത്.

ആർഎസ്എസ്., ബിജെപി. പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സിപിഎം. പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം. സംസ്ഥാനനേതൃത്വം ഗൗരവമായി ഈ പ്രശ്‌നത്തെ കാണുമെന്ന് താൻ കരുതുന്നുവെന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത്. എന്നാൽ സിപിഎമ്മിനെതിരായ പ്രകാശ് ബാബുവിന്റെ വിമർശനത്തെ പിന്തുണയ്ക്കാൻ കാനം രാജേന്ദ്രൻ തയ്യാറായില്ല. പ്രകാശ് ബാബുവിന്റെ വിമർശനത്തെപ്പറ്റി പ്രകാശ് ബാബുവിനോട് ചോദിക്കണം. താൻ കുറച്ചുകൂടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. സിപിഎം. സാക്ഷികൾ കൂറുമാറിയ വിഷയം പരിശോധിക്കും. വിഷയം പാർട്ടിയും മുന്നണിയും ചർച്ചചെയ്യും -ഇതായിരുന്നു കാനത്തിന്റെ പ്രതികരണം

2016 മെയ്‌ 19ന് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെയാണു കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടത്തു വച്ച് ഇ.ചന്ദ്രശേഖരനെതിരെ അക്രമമുണ്ടായത്. ഇടതു കൈക്കേറ്റ പരുക്കുമായാണു ചന്ദ്രശേഖരൻ മന്ത്രിയായി ചുമതലയേറ്റത്. കോടതി മുറിയിൽ പ്രതികളെ ഇ.ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞതായി പറഞ്ഞപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതികൾ ഇവരാണെന്ന് ഉറപ്പില്ലെന്നു കോടതിയിൽ മൊഴി മാറ്റി. പ്രതികളെ തിരിച്ചറിഞ്ഞ 2 സാക്ഷികളും മൊഴി മാറ്റിയതാണ് കേസിൽ പ്രതികൾക്ക് അനുകൂലമായത്. അതേ സമയം ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീട് സിപിഐയോ കേസിൽ യാതൊരു താൽപര്യവും കാണിച്ചിട്ടില്ലെന്നും ഇതാണു പ്രതികൾ രക്ഷപ്പെടാനിടയാക്കിയതെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു.

സിപിഎം., ബിജെപി. അവിഹിതബന്ധം പുറത്തായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രണ്ട് പാർട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ലെന്നും ബിജെപി.യെ സഹായിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നുമാണ് സിപിഎം. ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ വ്യക്തമാക്കിയത്. മാധ്യമങ്ങൾ ഊതിവീർപ്പിച്ച കാര്യം ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP