Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനവും സിപിഐയും ലോകായുക്തയിൽ എടുക്കുന്ന നിലപാട് നിർണ്ണായകം; മുംബൈയിലുള്ള ഗവർണ്ണറുടെ നിർദ്ദേശ പ്രകാരം ഓർഡിനൻസുകളെല്ലാം സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി; ഇനി നിയമസഭയിൽ തിരുത്തൽ ഉണ്ടാകുമോ എന്നത് ഉയരുന്ന ചോദ്യം; ലോകായുക്തയിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടുമോ?

കാനവും സിപിഐയും ലോകായുക്തയിൽ എടുക്കുന്ന നിലപാട് നിർണ്ണായകം; മുംബൈയിലുള്ള ഗവർണ്ണറുടെ നിർദ്ദേശ പ്രകാരം ഓർഡിനൻസുകളെല്ലാം സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി; ഇനി നിയമസഭയിൽ തിരുത്തൽ ഉണ്ടാകുമോ എന്നത് ഉയരുന്ന ചോദ്യം; ലോകായുക്തയിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഉള്ള സർക്കാർ തീരുമാനത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിച്ചു. ഇതേ തുടർന്ന് ഓർഡിനൻസുകൾ രാജ്ഭവൻ സർക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയിൽ ബിൽ പാസാക്കിയാൽ ഗവർണർ ഒപ്പിടും എന്നാണ് സർക്കാർ പ്രതീക്ഷ. ഗവർണർ ഇന്നു തലസ്ഥാനത്തു മടങ്ങി എത്തും.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി. ബിൽ തയാറാക്കാനാണ് ഓർഡിനൻസുകൾ മടക്കി നൽകിയത്. ഓർഡിനൻസുകൾ അടങ്ങുന്ന ഫയൽ സർക്കാരിനു തിരിച്ചയയ്ക്കാൻ മുംബൈയിലുള്ള ഗവർണ്ണർ നിർദ്ദേശിച്ചു. ഓർഡിനൻസുകൾ ആവർത്തിച്ച് ഇറക്കുന്നതിലുള്ള അതൃപ്തി ഗവർണർ വ്യക്തമാക്കുകയും എന്തുകൊണ്ടു നിയമസഭയിൽ ബില്ലുകൾ പാസാക്കുന്നില്ലെന്നു തിരക്കുകയും ചെയ്തിരുന്നു.

ഗവർണർ അസാധാരണ സാഹചര്യം സൃഷ്ടിച്ചതായും അതുകൊണ്ടാണ് അടിയന്തര സഭാ സമ്മേളനം വിളിക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബിൽ അനുനയ ശ്രമത്തിന്റെ ഭാഗമായി സർക്കാർ വൈകിപ്പിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ 2 വരെ നീളുന്ന സമ്മേളനത്തിൽ ഈ ബിൽ കൂടി കൊണ്ടുവന്നേക്കും.

റദ്ദായ ഓർഡിനൻസുകൾ: കേരള പൊതുജനാരോഗ്യ ഓർഡിനൻസ്, വ്യവസായ വികസനവും വ്യവസായ ഏകജാലക ബോർഡും, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള ജൂവലറി വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ്, ലോകായുക്ത നിയമ ഭേദഗതി, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശഭരണ പൊതുസർവീസ്, പിഎസ്‌സി നിയമ ഭേദഗതി, കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഭേദഗതി, ലൈവ്സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് നിയമഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി.

ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ വരുമ്പോൾ, പുറത്ത് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന സിപിഐയുടെ നിലപാട് നിർണായകമാകും. അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നു തെളിഞ്ഞാൽ അവരെ അധികാര സ്ഥാനത്തുനിന്നു നീക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്നതാണു ഭേദഗതി. ഓർഡിനൻസ് അംഗീകരിച്ച മന്ത്രിസഭാ യോഗത്തിൽ ആദ്യം പ്രതികരിക്കാതിരുന്ന സിപിഐ മന്ത്രിമാർ, തുടർന്നുള്ള യോഗത്തിൽ എതിർത്തിരുന്നു. നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ആവശ്യമായ ഭേദഗതി വരുത്താമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പു നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളിൽ വിധി പറയാനിരിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. ഗവർണറുടെ കടും പിടുത്തത്തെ തുടർന്ന് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു.

നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP