Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാക്കുപിഴയെന്ന് ചുരുക്കി എം എ ബേബി; അംഗീകരിക്കാതെ കേന്ദ്ര നേതൃത്വം; ദേശീയ തലത്തിൽ ചർച്ചയാകുമെന്ന ഭീതി; ഉചിതമായ തീരുമാനമെടുക്കണമെന്ന് യെച്ചൂരി; മന്ത്രിയോട് രാജി ആവശ്യപ്പെട്ടത് കോടിയേരിയും; സജി ചെറിയാന്റെ പടിയിറക്കം ഇങ്ങനെ

നാക്കുപിഴയെന്ന് ചുരുക്കി എം എ ബേബി; അംഗീകരിക്കാതെ കേന്ദ്ര നേതൃത്വം; ദേശീയ തലത്തിൽ ചർച്ചയാകുമെന്ന ഭീതി; ഉചിതമായ തീരുമാനമെടുക്കണമെന്ന് യെച്ചൂരി; മന്ത്രിയോട് രാജി ആവശ്യപ്പെട്ടത് കോടിയേരിയും; സജി ചെറിയാന്റെ പടിയിറക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് സൂചന. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ കരുതലോടെ കാത്ത മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന നേതൃത്വവും കൈവിടുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് രാജി നീട്ടിക്കൊണ്ടുപോകാനാണ് ആദ്യം ആലോചിച്ചതെങ്കിലും ഉചിതമായ തീരുമാനമെടുക്കണമെന്ന് അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

വാർത്ത പുറത്തുവന്നപ്പോൾ എം.എ. ബേബി നാക്ക് പിഴയെന്നാണ് പറഞ്ഞ് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചില്ല. ദേശീയ തലത്തിൽ സിപിഎമ്മിന് രാഷ്ട്രീയമായി വലിയ അപമാനം നേരിടുന്ന വാർത്തയായി സജി ചെറിയാന്റെ പ്രസംഗം മാറിയതായി കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞു. കേന്ദ്ര നേതാക്കൾ സംസ്ഥാനത്തോട് റിപ്പോർട്ടും തേടി. ഭരണഘടന വിദഗ്ദ്ധർ പ്രസംഗം ഭരണഘടന വിരുധമാണെന്ന് ചൂണ്ടിക്കാണിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന് കാരണമായി. പ്രസംഗത്തിന്റെ ആഘാതം അഖിലേന്ത്യ തലത്തിലേക്ക് വ്യാപിക്കുമെന്നും നേതൃത്വത്തിന് ബോധ്യമായി.

സംസ്ഥാന ഘടകത്തിന്റെ തീരുമാനം വൈകിയതിനിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. തീരുമാനമെടുക്കാൻ വൈകുന്നതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. ഭരണഘടന സംരക്ഷണത്തിനായി അഖിലേന്ത്യ തലത്തിൽ പ്രചാരണം ഏറ്റെടുക്കുമ്പോഴാണ് അതിന് കനത്ത തിരിച്ചടിയായി മല്ലപ്പള്ളി പ്രസംഗം വരുന്നത്.

അതേസമയം, സംസ്ഥാന നേതൃത്വം സജി ചെറിയാനെ സംരക്ഷിച്ചു നിർത്താൻ അവസാനംവരെ ശ്രമം നടത്തി. പ്രസംഗത്തെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയിരുന്നു. എ.ജിയിൽനിന്ന് അനുകൂല നിയമോപദേശമല്ല ലഭിച്ചതെന്നാണ് അറിവ്. അതോടെ ചെറിയാന്റെ എല്ലാ വാതിലുകളും അടഞ്ഞു. തുടർന്നാണ് രാജി പ്രഖ്യാപനമുണ്ടായത്.

മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കർശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനങ്ങൾക്കിടെയുണ്ടായ വിവാദം ദേശീയതലത്തിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് വിലയിരുത്തുകയായിരുന്നു.

ബിജെപി സർക്കാർ ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തിൽ സിപിഎം പ്രചാരണം. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനുൾപ്പടെ വിശാല വേദി രൂപീകരിക്കണം എന്നാണ് പാർട്ടി കോൺഗ്രസിനറെയും ആഹ്വാനം. ഇതിനിടെ കേരളത്തിലെ മന്ത്രിയായിരിക്കുന്ന പാർട്ടി നേതാവ് ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമർശം പാർട്ടിയെ ദേശീയതലത്തിലും പ്രതിരോധത്തിലാക്കിയിരുന്നു.

പരാമർശങ്ങൾ വിവാദമായതിന് തൊട്ടു പിന്നാലെ ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സജി ചെറിയാന്റേത് നാവ് പിഴയാണെന്ന് ന്യായീകരിച്ചിരുന്നു. സംസ്ഥാന ഘടകത്തിന്റെ വികാരമാണ് ബേബി പ്രകടിപ്പിച്ചത്. എന്നാൽ കേന്ദ്രനേതാക്കൾക്കെല്ലാം ഇതേ അഭിപ്രായമല്ല എന്ന സൂചന യെച്ചൂരിയുടെ വാക്കുകൾ നല്കിയിരുന്നു മന്ത്രിയുടെ പരാമർശം ഇതിനോടകം ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്.

കേവലം നാവ് പിഴയെന്ന ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ഗൗരവമായ നടപടിയുണ്ടാകണം എന്നാണ് നേതൃത്വം വിലയിരുത്തിയത്. കോടതികളിൽ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കൾ ഉയർത്തിയിരുന്നു.

പാർട്ടി പ്രതിരോധത്തിൽ നിൽക്കെ മന്ത്രിയുടെ രാജിയല്ലാതെ മറ്റുവഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാന നേതാക്കളുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. അവയിലബിൾ പിബിയും പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്. മാതൃകാപരമായ നടപടി വേണം എന്നാണ് പല നേതാക്കളുടെയും വികാരം അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു.

നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയുടെ സംരക്ഷകനായിരുന്നു സജി ചെറിയാൻ. കെ റെയിൽ സമരകാലത്ത് ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടുകളിൽ കയറി യു.ഡി.എഫ് പിഴുത മഞ്ഞ കല്ല് പുനഃസ്ഥാപിച്ചത് സജി ചെറിയാനാണ്. പണിമുടക്ക് ദിവസം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു കല്ല് പുനഃസ്ഥാപിച്ചത്.

ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയതയാണ് പ്രസംഗം പുറത്ത് വരാൻ കാരണമായതെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. മാധ്യങ്ങളൊന്നും മല്ലപ്പള്ളിയിൽ പ്രസംഗിക്കുമ്പോൾ ഉണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിലെ വിമത വിഭാഗമായിരിക്കും പ്രസംഗം മാധ്യമങ്ങൾക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. പാർട്ടിതലത്തിൽ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് സൂചന. അതിനാൽ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ മല്ലപ്പള്ളി പ്രസംഗവും രാജിയും അലകളുണ്ടാക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP