Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവൻ; ആദർശപരമായി ഉറപ്പുള്ളവൻ; സങ്കി ചാപ്പകുത്തി ക്രൂശിക്കാൻ സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി'; ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടുമെന്ന് എം ടി.രമേശ്

'കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവൻ; ആദർശപരമായി ഉറപ്പുള്ളവൻ; സങ്കി ചാപ്പകുത്തി ക്രൂശിക്കാൻ സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി'; ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടുമെന്ന് എം ടി.രമേശ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ആർഎസ്എസ് വേദി പങ്കിട്ടെന്ന പേരിൽ കെ.എൻ.എ.ഖാദിനെതിരെ മുസ്ലിം ലീഗിനുള്ളിൽ പ്രതിഷേധം കടുക്കുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ്. കെ.എൻ.എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കാൻ സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി. സ്വന്തം ആദർശത്തിൽ സംശയമുള്ളവർ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേൾക്കാൻ പോലും ഭയപ്പെടും. കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവനാണ്. ആദർശപരമായി ഉറപ്പുള്ളവനാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എൻ.എ ഖാദർ പങ്കെടുത്തത്.

സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയിൽ പങ്കെടുത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല. കേസരി ഒരു മാധ്യമ സ്ഥാപനമാണ്. മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധർമ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്. വിവിധ ആശയങ്ങൾ അവിടെ തമ്മിൽ ആശയപരമായി കോർക്കുമ്പോഴാണ് പുതിയ ആശയധാരകൾ സൃഷ്ടിക്കപ്പെടുന്നത്. ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടുമെന്നും എം ടി.രമേശ് പരിഹസിച്ചു.

ജെ.നന്ദകുമാർ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധൻ വെറുക്കപ്പെടേണ്ടവൻ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദർശനമാണ് ഖാദർ കേസരിയുടെ വേദിയിൽ സംസാരിച്ചത്. സംശയമുള്ളവർക്ക് കേൾക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങൾക്കും സംരക്ഷണമൊരുക്കാൻ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിൻപറ്റുന്നവരാണോ. മാർക്സിയൻ ആചാര്യനായ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടും ആർഎസ്എസ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയിൽ എത്രയേറെ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവർക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാൻ സാധിക്കണമെന്നും എം ടി.രമേശ്  പറഞ്ഞു.

കെ.എൻ.എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. മുസ്ലിം ലീഗ് പുറത്താക്കിയാൽ കെ.എൻ.എ ഖാദർ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള ആളാകാൻ കെ.എൻ.എ ഖാദറിന് കഴിയുമെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.എൻ.എ ഖാദറിനെതിരായി ലീഗിൽ നിന്ന് തന്നെ വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അബ്ദുള്ള കുട്ടിയുടെ പ്രതികരണം.

അതേസമയം, ആർഎസ്എസ് വേദി പങ്കിട്ട കെ.എൻ.എ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെ.എൻ.എ ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

വിവാദങ്ങൾക്ക് പിന്നാലെ കെ.എൻ.എ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളി. കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ തന്നെയാണ് എത്തിയതെന്നും ആർഎസ്എസിന്റെ സംസ്ഥാന പ്രചാർ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ.എൻ.ആർ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

കെ.എൻ.എ. ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ കെ.എൻ.എ. ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആർഎസ്എസ് ബൗദ്ധികാചാര്യൻ ജെ. നന്ദകുമാർ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എൻ.എ.ഖാദറിന്റെയും പ്രസംഗം.

വിഷയത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീർ തുറന്നടിച്ചു. വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻ ഹാജി  പറഞ്ഞു. കെ.എൻ.എ. ഖാദറിന് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങൾ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ അങ്ങോട് പോകാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ.എൻ.എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി ? അറിയാനും അറിയിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി ? ഏതു വേദിയയിൽ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ? ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിൻപറ്റുന്നവരാണോ ? ഒരിക്കൽകൂടി പറയട്ടെ ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്നം ? മാർക്സിയൻ ആചാര്യനായ ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടും ആർഎസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയിൽ എത്രയേറെ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസ്സല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവർക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാൻ സാധിക്കണം. സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയിൽ പങ്കെടുത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല.കേസരി ഒരു മാധ്യമ സ്ഥാപനമാണ്.മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധർമ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങൾ അവിടെ തമ്മിൽ ആശയപരമായി കോർക്കുമ്പോഴാണ് പുതിയ ആശയധാരകൾ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവർ സംവാദങ്ങളെ ഭയപ്പെടും. സ്വന്തം ആദർശത്തിൽ സംശയമുള്ളവർ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേൾക്കാൻ പോലും ഭയപ്പെടും.കെ.എൻ.എ ഖാദർ പറയാനും കേൾക്കാനും കെൽപ്പുള്ളവനാണ്. ആദർശപരമായി ഉറപ്പുള്ളവനാണ്. ജെ നന്ദകുമാർ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധൻ വെറുക്കപ്പെടേണ്ടവൻ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദർശനമാണ് ഖാദർ കേസരിയുടെ വേദിയിൽ സംസാരിച്ചത്. സംശയമുള്ളവർക്ക് കേൾക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങൾക്കും സംരക്ഷണമൊരുക്കാൻ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP