Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുൻ ഭാര്യമാർ; അനുപമ വിഷയത്തിൽ വിവാഹ പ്രായത്തിന്റെ കണക്ക് പറഞ്ഞ് ഡോ.ആസാദിന്റെ പോസ്റ്റ്; എ.കെ.ജി.യേയും പി.കേശവദേവിനേയും പുകയിൽ നിർത്തുന്നതിന് എതിരെ അശോകൻ ചെരുവിൽ; തമ്മിലടി രൂക്ഷം

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുൻ ഭാര്യമാർ;  അനുപമ വിഷയത്തിൽ വിവാഹ പ്രായത്തിന്റെ കണക്ക് പറഞ്ഞ് ഡോ.ആസാദിന്റെ പോസ്റ്റ്; എ.കെ.ജി.യേയും പി.കേശവദേവിനേയും പുകയിൽ നിർത്തുന്നതിന് എതിരെ അശോകൻ ചെരുവിൽ; തമ്മിലടി രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുവർഷം നീണ്ട കാത്തിരിപ്പിനും, നിയമ പോരാട്ടത്തിനും ശേഷം അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടിയിരിക്കുകയാണ്. അതിനിടെ, നുണ പ്രചാരണത്തെയും, അധിക്ഷേപത്തെയും, സദാചാര പൊലീസിങ്ങിനെയും ഒക്കെ അനുപമയ്ക്കും പങ്കാളി അജിത്തിനും നേരിടേണ്ടിവന്നു. പങ്കാളികളുടെ പ്രായവ്യത്യാസം എന്നും വേണ്ട ആന്ധ്ര ദമ്പതിമാരുടെ കയ്യിലാണ് കുട്ടി ഇപ്പോൾ ഉണ്ടായിരുന്നതെങ്കിൽ രാജകുമാരനെ പോലെ കഴിയാമായിരുന്നു എന്നിങ്ങനെ സൈബറാക്രമണം ഇപ്പോഴും ചെറുതല്ല.

പങ്കാളിയുടെ പ്രായവ്യത്യാസത്തെ പറ്റിയുള്ള ചില അപക്വ പരാമർശങ്ങളെ വിമർശിക്കുകയാണ് ഡോ.ആസാദ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ. അതിന് അദ്ദേഹം എ.കെജിയെയും പി.കേശവദേവിനെയും കൂട്ടുപിടിച്ചത് സഖാക്കൾക്ക് അനിഷ്ടമായി. എഴുത്തുകാരനും സിപിഎം അനുഭാവിയുമായ അശോകൻ ചരുവിൽ മറുപടിയുമായി രംഗത്തെത്തി. ഇതുപോലെ വിവാഹപ്രായത്തിന്റെ കണക്കു പറഞ്ഞ് എ.കെ.ജി.സ്മരണയെ അപമാനിക്കാൻ തുനിഞ്ഞ താങ്കളുടെ സുഹൃത്ത് ഒരാൾ ഇപ്പോൾ തൃത്താലയിലാ ഗുരുവായൂരോ മറ്റോ വീണു കിടക്കുന്നുണ്ടെന്ന് അറിയാമല്ലോ, എന്നാണ് അശോകൻ ചരുവിലിന്റെ ഓർമിപ്പിക്കൽ. തൃത്താലയിൽ എകെജിയെ പരിഹസിച്ച് പോസ്റ്റിട്ട വി ടി ബൽറാമിന് പറ്റിയ തോൽവിയാണ് ഇവിടെ പരാമർശ വിഷയം.

ഡോ.ആസാദിന്റെ പോസ്റ്റ്:

എ കെജിക്ക് നാൽപ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്സായിരുന്നു അവർ വിവാഹിതരാവുമ്പോൾ. ഇരുപത്തിയഞ്ചു വയസ്സിന്റെ ആ പ്രായ വ്യത്യാസത്തെ അന്നും ഇന്നും ആക്ഷേപിക്കുന്നവരുണ്ട്. അവർക്ക് എ കെ ജിയുടെയോ സുശീലയുടെയോ തീരുമാനത്തെയോ ഇച്ഛാശക്തിയെയോ രാഷ്ട്രീയ പ്രതിബദ്ധതയെയോ അൽപ്പംപോലും ഉലയ്ക്കാൻ കഴിഞ്ഞില്ല. തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് പറയാൻ എഴുപതു വർഷം മുമ്പ് അവർക്ക് ത്രാണിയുണ്ടായിരുന്നു.

പാർട്ടിയിൽ അന്ന് ഇങ്ങനെ വെട്ടുകിളി ശല്യം ഉണ്ടായിരുന്നില്ല. ഹീനപാപ്പരാസി വേട്ടകൾ ഉണ്ടായിരുന്നില്ല. സുവിശേഷലൂക്കോസുമാർ അഴിഞ്ഞാടിയില്ല. ഉണ്ടെങ്കിലും എ കെ ഗോപാലനെ അത് അലട്ടുമായിരുന്നില്ല. എ കെ ജിയെ അറിയാൻ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം.

വിവാഹത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എ കെ ജി ജനിച്ച അതേ വർഷം ജനിച്ച മറ്റൊരാളുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് തുടക്കം നൽകാൻ ഏറെ ക്ലേശിച്ച ഒരു എഴുത്തുകാരൻ. പി കേശവ ദേവ്. പേരിലെ പിള്ളയെ പിഴുതു മാറ്റി ദേവാക്കിയ ധീരൻ. അമ്പതു പിന്നിടുമ്പോഴാണ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തത്. ആ പ്രായവ്യത്യാസവും മഞ്ഞ പത്രങ്ങൾ ചർച്ച ചെയ്തു കാണും. കേശവദേവോ സീതാലക്ഷ്മിയോ കുലുങ്ങിയില്ല.

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുൻ ഭാര്യമാർ. അവർ വിവാഹ മോചനം നടത്തിയതിന്റെ രേഖകളൊന്നും നാം കണ്ടിട്ടില്ല. അവർക്ക് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടായിരുന്നുവോ എന്ന് നാം ആധിപ്പെട്ടിട്ടില്ല. അവരൊക്കെ സമരസപ്പെട്ടു മുന്നോട്ടുപോയി എന്നേ ആരും മനസ്സിലാക്കിയിട്ടുള്ളു. കേരളത്തിൽ അവർക്കൊക്കെ അവരുടെ കർമ്മപഥം ഉണ്ടായിരുന്നു. അതേ ശ്രദ്ധിക്കപ്പെട്ടുള്ളു.

എ കെ ജിയും കേശവദേവും മാത്രമല്ല അങ്ങനെ അനവധി പേർ. വിവാഹം രണ്ടു പേരുടെ ഇഷ്ടമോ തെരഞ്ഞെടുപ്പോ ആണ്. അതിൽ അച്ഛന്റെ പ്രായം മകളുടെ പ്രായം എന്നൊക്കെ അധിക്ഷേപിക്കാൻ ആർക്കാണ് അവകാശം? പങ്കാളികളുടെ പ്രായവ്യത്യാസത്തെ പറ്റിയുള്ള ചില അപക്വ പ്രതികരണങ്ങൾ കാണുമ്പോൾ കുറിച്ചു പോകുന്നതാണ്. പൊറുക്കണം.
ആസാദ്
26 നവംബർ 2021

അശോകൻ ചരുവിലിന്റെ പോസ്റ്റ്

പ്രിയപ്പെട്ട ആസാദ്,

അനുപമ എന്ന പെൺകുട്ടിക്ക് താൻ പ്രസവിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാൻ വേണ്ടി അങ്ങ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പക്ഷേ അതിനൊപ്പം ഇതുമായി ബന്ധമില്ലാത്ത (മരിച്ചു പോയവർ അടക്കമുള്ള) വ്യക്തിത്വങ്ങളെ പുകയിൽ നിറുത്തുന്നത് എന്തിനാണ്? ആദ്യം ഇതിന്റെ പേരിൽ താങ്കൾ അപമാനിക്കാൻ ശ്രമിച്ചത് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് എന്ന യുവനേതാവിനെയാണ്. ഇപ്പോൾ മഹാനായ എ.കെ.ജി.യേയും പി.കേശവദേവിനേയും.

ഇതുപോലെ വിവാഹപ്രായത്തിന്റെ കണക്കു പറഞ്ഞ് എ.കെ.ജി.സ്മരണയെ അപമാനിക്കാൻ തുനിഞ്ഞ താങ്കളുടെ സുഹൃത്ത് ഒരാൾ ഇപ്പോൾ തൃത്താലയിലാ ഗുരുവായൂരോ മറ്റോ വീണു കിടക്കുന്നുണ്ടെന്ന് അറിയാമല്ലോ.

അനുപമയുടെ കാമുകന്റെ വിവാഹമോചനങ്ങളെ എ.കെ.ജി.യുടെ ആദ്യവിവാഹവുമായി താങ്കൾ താരതമ്യപ്പെടുത്തിയല്ലോ. ഗംഭീരമായി അത്. എ.കെ.ജി.യുടെ ആദ്യഭാര്യയെ എന്തുകാരണം കൊണ്ടാണ് അവരുടെ വീട്ടുകാർ തടഞ്ഞുവെച്ചത് എന്ന് താങ്കൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. ദേശീയ സമരപോരാട്ടത്തിലെ കണ്ണു നനക്കുന്ന നിരവധി കഥകളിൽ ഒന്നാണത്. ശാരീരികമായ കൊടിയ മർദ്ദനങ്ങൾ മാത്രമല്ല സമരസഖാക്കൾ അന്ന് ഏറ്റുവാങ്ങിയിട്ടുള്ളത്.

താങ്കളുടെ ഉദ്ദേശശുദ്ധിയിൽ എനിക്കു സംശയം തോന്നുന്നു എന്നെഴുതുന്നതിൽ ക്ഷമിക്കണം. വിഭാഗിയതയുടെ കാലത്ത് സിപിഐ.എമ്മിൽ നിന്നും മുറിവേറ്റു പുറത്തു പോരേണ്ടി വന്നതിലെ പ്രതികാരം തീർക്കാനുള്ള അന്വേഷണത്തിലാണ് താങ്കൾ അനുപമയെ കണ്ടത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവുമോ? പക്ഷേ കുഞ്ഞിന്റെ കാര്യത്തിൽ സർക്കാർ അമ്മയുടെ ഒപ്പം നിന്നതു കൊണ്ട് സംഗതി ഫലിച്ചില്ല.

ഞാൻ ഒന്നു ചോദിക്കട്ടെ: എ.കെ.ജി.യേയും കേശവദേവിനേയും ദുരുദ്ദേശത്തോടെ നികൃഷ്ടമായി സ്മരിക്കാൻ മാത്രം കമ്യൂണിസ്റ്റ് വിരുദ്ധത ഇതിനകം താങ്കൾക്ക് എവിടെന്നു കിട്ടി?

അശോകൻ ചരുവിൽ
26 11 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP