Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെറ്റിദ്ധാരണകൾ മാത്രം; സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ല; പാർട്ടി ചർച്ച ചെയ്യാത്ത രേഖകളുടെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കെ.രാജൻ

തെറ്റിദ്ധാരണകൾ മാത്രം; സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ല; പാർട്ടി ചർച്ച ചെയ്യാത്ത രേഖകളുടെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കെ.രാജൻ

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നും ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും റവന്യു മന്ത്രി കെ രാജൻ. ചർച്ചയിലൂടെ ഇതു പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ സിപിഐയെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി രാജൻ.

പാർട്ടി ചർച്ച ചെയ്യാത്ത രേഖകൾ പലതും മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ടെന്നും ഇതിന്റെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കൂട്ടി ചേർത്തു. മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും ഇടതു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപചയം സംഭവിച്ചിരിക്കുന്നത് കോൺഗ്രസിനാണന്നും മന്ത്രി കെ.രാജൻ മാറഞ്ചേരിയിൽ പറഞ്ഞു.

കാനം-ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ കേരള കോൺഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്ന് കെ.ജെ ദേവസ്യ ആരോപിച്ചിരുന്നു. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടർഭരണവും സമ്മാനിച്ചത്. കേരള കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണ്. വസ്തുത ഇതായിരിക്കെ കയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ ജെ ദേവസ്യ കത്തിൽ പറയുന്നു.

കേരളാ കോൺഗ്രസ് എം എൽഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതൽ തന്നെ എതിർത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകൾക്ക് ഉൾക്കരുതത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളജ് തുടങ്ങി പ്രിൻസിപ്പളായി വാർഷിക വിലയിരുത്തൽ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തൽ എന്നും കത്തിൽ പറയുന്നു.

ഇന്ത്യയിലാകമാനം ജാതിമത കോമരങ്ങൾ മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുമ്പോൾ അതിനെതിരായുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന് കേരളാ കോൺഗ്രസ് പാർട്ടിയെ സ്ഥാനത്തും അസ്ഥാനത്തും കുത്തുമുറിവേൽപ്പിക്കാനുള്ള കാനത്തിന്റെ നീക്കം വേദനാജനകമാണെന്നും കത്തിൽ പറയുന്നു.

കേരള കോൺഗ്രസ് മുന്നണിയിൽ വന്നതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമുണ്ടായില്ല എന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകനത്തിൽ വിലയിരുത്തലുണ്ടായിരുന്നു. കേരള കോൺഗ്രസിന് ശക്തിയുണ്ടായിരുന്നെങ്കിൽ പാലായിലും കടുത്തുരുത്തിയിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമായിരുന്നു എന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP