Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികസനം മുടക്കി ശ്രീധരൻ പിള്ള കേരളത്തിന്റെ പൊതു ശത്രുവെന്ന് തോമസ് ഐസക്; പിഎച്ച്ഡി ഉണ്ടെന്ന് കരുതി ഇംഗ്ലീഷ് വായിക്കാൻ അറിയണമെന്ന് നിർബന്ധമില്ലെന്ന് തിരിച്ചടിച്ച് ബിജെപി അധ്യക്ഷൻ; `ഐസക്ക് പുറത്ത് വിട്ട കത്തും അദ്ദേഹം പറയുന്നതുമായി ബന്ധമില്ല`; ആവശ്യപ്പെട്ടത് സ്ഥമേറ്റെടുപ്പിൽ നിന്ന് പ്രളയ മേഖലയെ ഒഴിവാക്കണമെന്ന് മാത്രമെന്നും ശ്രീധരൻപിള്ളയുടെ മറുപടി

വികസനം മുടക്കി ശ്രീധരൻ പിള്ള കേരളത്തിന്റെ പൊതു ശത്രുവെന്ന് തോമസ് ഐസക്; പിഎച്ച്ഡി ഉണ്ടെന്ന് കരുതി ഇംഗ്ലീഷ് വായിക്കാൻ അറിയണമെന്ന് നിർബന്ധമില്ലെന്ന് തിരിച്ചടിച്ച് ബിജെപി അധ്യക്ഷൻ; `ഐസക്ക് പുറത്ത് വിട്ട കത്തും അദ്ദേഹം പറയുന്നതുമായി ബന്ധമില്ല`; ആവശ്യപ്പെട്ടത് സ്ഥമേറ്റെടുപ്പിൽ നിന്ന് പ്രളയ മേഖലയെ ഒഴിവാക്കണമെന്ന് മാത്രമെന്നും ശ്രീധരൻപിള്ളയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കും ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയും തമ്മിലുള്ള വാക്‌പോരാട്ടം കനക്കുന്നു. ശ്രീധരൻ പിള്ള കേരളത്തിന്റെ പൊതു ശത്രുവാണെന്നുള്ള ഐസക്കിന്റെ പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീധരൻ പിള്ള.ദേശീയപാതാ വികനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കേരളം മാപ്പു നൽകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസകിന്റെ പോസ്റ്റിനാണ് ശ്രീധരൻ പിള്ള മറുപടിയുമായി എത്തിയത്.പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്നു നിർബന്ധമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള രംഗത്ത് എത്തിയത്.

. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫേസ്‌ബുക് കുറിപ്പിനോടുള്ള മറുപടിക്കിടെയായിരുന്നു ഈ പരാമർശം. പ്രളയത്തിന്റെ ദുരിതത്തിൽപ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് ആ കത്തിലുള്ളതെന്നും അല്ലാതെ മന്ത്രി ആരോപിച്ചതുപോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.'ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ട്. വായിച്ചുനോക്കി അതു ബിജെപിയുടെ കവറിങ് ലെറ്റർ വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നൽകാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാൻ വന്ന സംഘത്തിലുണ്ടായിരുന്നു. പാർട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. ആവശ്യം കാര്യപ്രസക്തമാണെങ്കിൽ സഹായിക്കാവുന്നതുപോലെ സഹായിക്കും' വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയത്തിനു പിന്നാലെ എറണാകുളത്തെ ഭൂമിയേറ്റെടുക്കൽ തടയണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിനു ശ്രീധരൻപിള്ള കത്തയച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ശ്രീധരൻപിള്ള അയച്ച കത്തും തോമസ് ഐസക്ക് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സംയുക്ത സമരസമിതിയുടെ ആവശ്യപ്രകാരമാണു കത്ത് അയയ്ക്കുന്നതെന്നാണു ശ്രീധരൻപിള്ള 2018 സെപ്റ്റംബർ 14ന് അയച്ച കത്തിൽ പറയുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ എച്ച് 66ന്റെ ഭാഗമായി ഇടപ്പള്ളി മൂത്തകുന്നം ഭാഗത്തെ ഭൂമിയേറ്റെടുക്കലിനെയാണു കത്തിൽ ശ്രീധരൻപിള്ള പരമാർശിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കൽ കുറച്ചുകാലത്തേക്ക് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തിൽ തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്‌നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അഥോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന-കളിയിക്കാവിള റോഡും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്‌നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത്.

നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും കേരളം മാപ്പു നൽകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP