Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി.പിയുടെ പാർട്ടിയിൽ പുത്തൻ നേതാക്കൾ മുഖ്യസ്ഥാനങ്ങൾ കൈയടക്കിയപ്പോൾ സ്ഥാപക നേതാവിനൊപ്പം പ്രവർത്തിച്ചവർ പടിക്ക് പുറത്ത്; പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത മകനെ നേതൃത്വത്തിലെത്തിക്കാൻ ആർഎംപിഐ കേന്ദ്ര നേതാവ് ശ്രമിച്ചത് പാർട്ടി പരിപാടിയുടെ ഉദ്ഘാടകനാക്കി; ചന്ദ്രശേഖരന്റെ വലം കൈയായിരുന്ന ടി.കെ സിബിയടക്കമുള്ള നേതാക്കൾ പാർട്ടിക്കായി കോടതി കയറിയിറങ്ങുമ്പോൾ വെട്ടിനിരത്തലും മക്കൾ രാഷ്ട്രീയവുമായി പുത്തൻ നേതാക്കളെന്നും ആരോപണം

ടി.പിയുടെ പാർട്ടിയിൽ പുത്തൻ നേതാക്കൾ മുഖ്യസ്ഥാനങ്ങൾ കൈയടക്കിയപ്പോൾ സ്ഥാപക നേതാവിനൊപ്പം പ്രവർത്തിച്ചവർ പടിക്ക് പുറത്ത്; പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത മകനെ നേതൃത്വത്തിലെത്തിക്കാൻ ആർഎംപിഐ കേന്ദ്ര നേതാവ് ശ്രമിച്ചത് പാർട്ടി പരിപാടിയുടെ ഉദ്ഘാടകനാക്കി; ചന്ദ്രശേഖരന്റെ വലം കൈയായിരുന്ന ടി.കെ സിബിയടക്കമുള്ള നേതാക്കൾ പാർട്ടിക്കായി കോടതി കയറിയിറങ്ങുമ്പോൾ വെട്ടിനിരത്തലും മക്കൾ രാഷ്ട്രീയവുമായി പുത്തൻ നേതാക്കളെന്നും ആരോപണം

കെ വി നിരഞ്ജൻ

കോഴിക്കോട്: മക്കൾ രാഷ്ട്രീയവും നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ വെട്ടിനിരത്തലുമെല്ലാം ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആർ എം പിയിലേക്കും. പാർട്ടിയുടെ യുവജനവിഭാഗത്തിൽ നിന്ന് ഒഞ്ചിയത്ത് നിന്നുള്ളവരെ പൂർണ്ണമായി വെട്ടി നിരത്തിയതാണ് പുതിയ പൊട്ടിത്തെറികൾക്കിടയാക്കുന്നത്. ആർ.എംപി ഐയുടെ ഒരു കേന്ദ്ര നേതാവ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ മകനെ പാർട്ടി നേതൃത്വത്തിലെത്തിക്കാൻ കരുക്കൾ നീക്കുന്നുവെന്നാണ് ഒഞ്ചിയത്തു നിന്നുള്ളവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ഭഗത്‌സിങ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് സമര യൗവ്വനങ്ങളുടെ സംസ്ഥാനതല ഒത്തുചേരൽ എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തത് ഈ നേതാവിന്റെ മകനും ജെ എൻ യു ഗവേഷണ വിദ്യാർത്ഥിയുമായ എച്ച് എസ് സൂരജായിരുന്നു. പാർട്ടിയുമായി ഇത്രയുംകാലം യാതൊരുബന്ധവുമില്ലാതിരുന്ന ഒരാളെക്കൊണ്ടു വന്ന് പരിപാടി ഉദ്ഘാടനം ചെയ്യിച്ചതാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. മാത്രവുമമല്ല കുറ്റിപ്പുറത്ത് നടന്ന പരിപാടിയിൽ വച്ചാണ് പാർട്ടിയുടെ യുവജനവിഭാഗമായ റെവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്.

ഈ കമ്മിറ്റിയിൽ നിന്നും പാർട്ടിയുടെ തുടക്കം മുതലുള്ള നേതാക്കളെയെല്ലാം ഒഴിവാക്കുകയാണ് ഉണ്ടായത്. നേരത്തെ റെവല്യൂഷണറി യൂത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയായിരുന്നു നിലവിലുണ്ടായിരുന്നത്. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി നിന്ന് സംഘടനയെ നയിച്ചത് ടി.പിയുടെ വലംകൈയായിരുന്ന ടി.കെ സിബിയായിരുന്നു. വിദേശത്ത് ജോലിക്ക് പോകുമ്പോൾ ടി.പി വിളിച്ചതിനെത്തുടർന്ന് എയർപോർട്ടിൽ നിന്നും മടങ്ങിയെത്തി ഈ സംഘടനയെ നയിച്ചയാളാണ് സിബി. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി മർദ്ദനങ്ങളേറ്റുവാങ്ങിയ സിബിക്കെതിരെ നിരവധി കേസുകളുമുണ്ട്.

സിബിയെപ്പോലുള്ളവർ പാർട്ടിക്ക് വേണ്ടി കോടതികൾ കയറിയിറങ്ങുമ്പോഴാണ് മുൻനിര നേതാക്കൾ മക്കളെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതെന്നും ആക്ഷേപമുണ്ട്. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി നിന്ന് യുവജനസംഘടനയെ നയിച്ച ടി പി യുടെ ഒഞ്ചിയത്തെ കടുത്ത അനുയായികൾ പലരും ഇന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനത്തില്ല. തൃശ്ശൂർ സ്വദേശി എൻ എ സഫീറാണ് സംഘടനയുടെ പുതിയ സെക്രട്ടറി. ഹരിദാസൻ അംബാളാണ് പ്രസിഡന്റ്. ഇവരുൾപ്പെടെ 21 അംഗ സംസ്ഥാന കമ്മിറ്റി ഭാരവാഹിത്വത്തിൽ ഒഞ്ചിയത്ത് നിന്നുള്ള നേതാക്കളൊന്നുമില്ല എന്നതാണ് അവസ്ഥ.

കെ എസ് ഹരിഹരനെപ്പോലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില നേതാക്കളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഒഞ്ചിയത്തെ പ്രവർത്തകർ പറയുന്നത്. മറ്റുചില വലതുപക്ഷ സംഘടനകളുടെ ശൈലി ആർ എം പിയിലേക്കും കടന്നുവരുന്നതിന്റെ സൂചനകൾ കാണുന്നവെന്നാണ് ആക്ഷേപം. നേതാവ് മകനെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുപോലുള്ള കാര്യങ്ങളെ അംഗീകരിക്കാൻ കഴിയില്ല. കഴിവും അർഹതയുമുള്ളവരെ മാറ്റി നിർത്തിയാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഒരു ഭാഗത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പിന്തുണ കൊടുക്കുകയും മറുഭാഗത്ത് തീവ്ര സ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുമാണ് ഇത്തരം നേതാക്കൾ ചെയ്യുന്നത്.

തീവ്രസ്വഭാവമുള്ള സംഘടനകളുമായും വർഗീയ സ്വഭാവമുള്ള മുസ്ലിം സംഘടനകളുമായുമെല്ലാം ഈ നേതാക്കൾ സഹകരിക്കുന്നു. അതിനൊപ്പമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള പാർട്ടിയുടെ കഠിനപരിശ്രമവും നടക്കുന്നത്. ഇതെല്ലാം ടി.പി ചന്ദ്രശേഖരന്റെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ്. കോൺഗ്രസിനെയും ബിജെപിയെയും എതിർക്കുന്നതിനൊപ്പം തീവ്ര ചിന്താഗതിയുള്ള സംഘടനകളുടെയും വർഗീയ സ്വഭാവമുള്ള മറ്റ് സംഘടനകളുടെ നിലപാടുകളെയുമെല്ലാം തള്ളിക്കളഞ്ഞ നേതാവായിരുന്നു ടി.പി.

എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങളെയെല്ലാം കാറ്റിൽ പരത്തിയാണ് സംഘടന ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് ഒഞ്ചിയത്ത് നിന്നുള്ളവർ കുറ്റപ്പെടുത്തുന്നു. വലതുപക്ഷ സംഘടനകൾക്ക് കുഴലൂതുന്ന നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേരാണ് പാർട്ടിയിൽ നിന്ന് വിട്ടുപോകാനൊരുങ്ങുന്നത്. പലരും കോൺഗ്രസിന് വേണ്ടിയുള്ള പ്രചരണത്തിൽ സജീവമാകാതെ നിശബ്ദരായി നിൽക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP