Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202304Sunday

'അള്ളാഹുവിന്റെ വിളി ഉള്ളവർ മാത്രം ഇനി ഹജ്ജിന് പോയാൽ മതി; ചെയർമാന്റെ വിളിയിൽ ആരും ഹജ്ജിന് പോകേണ്ട; വി ഐ പി ക്വാട്ട ഹലാലായ ഹജ്ജാണോ എന്ന് ചിന്തിക്കണം'; ഇത് മോദി ടച്ചുള്ള ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി

'അള്ളാഹുവിന്റെ വിളി ഉള്ളവർ മാത്രം ഇനി ഹജ്ജിന് പോയാൽ മതി; ചെയർമാന്റെ വിളിയിൽ ആരും ഹജ്ജിന് പോകേണ്ട; വി ഐ പി ക്വാട്ട ഹലാലായ ഹജ്ജാണോ എന്ന് ചിന്തിക്കണം'; ഇത് മോദി ടച്ചുള്ള ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അള്ളാഹുവിന്റെ വിളി ഉള്ളവർ മാത്രം ഇനി ഹജ്ജിന് പോയാൽ മതിയെന്നും ചെയർമാന്റെ വിളിയിൽ ആരും ഹജ്ജിന് പോകേണ്ടതില്ലെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ളക്കുട്ടി. വിഐപി ക്വാട്ട നിർത്തലാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. മോദി ടച്ചുള്ളതാണ് ഈ വർഷത്തെ ഹജ്ജ് നയമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'അള്ളാഹുവിന്റെ മുമ്പിൽ ആരും വിഐപികളല്ലാത്തതുകൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്. വിഐപി ക്വാട്ട ഉണ്ടായിരുന്നപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ 50 ആയിരുന്നു കഴിഞ്ഞ തവണ എന്റെ ക്വാട്ട. ബന്ധുക്കളും മറ്റുമായി 5000 പേരെങ്കിലും എന്നെ ബന്ധപ്പെട്ടു. തുടർന്ന് പ്രധാനമന്ത്രിയുടെ ക്വാട്ടയിൽ നിന്ന് ഞാൻ 25 സീറ്റുകൾ ചോദിച്ചു. 25 പോയിട്ട് ഒന്ന് പോലും തരില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ ക്വാട്ടയിലുള്ളത് വെയ്റ്റിങ്ലിസ്റ്റിലുള്ളവരുടെ ജനറൽ പൂളിൽ കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അള്ളാന്റെ വിളി വന്നാൽ ഹജ്ജിന് പോയാൽ മതിയെന്ന സന്ദേശമാണ് മോദി അന്ന് ഞങ്ങളെ പഠിപ്പിപ്പത്. എത്ര ദീനിയായ പ്രവർത്തനമാണിത്' അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കൾ ഹജ്ജ് കമ്മിറ്റി വാങ്ങി നൽകേണ്ടതില്ലെന്ന തീരുമാനം താൻ എടുത്തത്. എല്ലാം സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പ്രധാനമന്ത്രിയുടെ നിർദേശത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്മാരുമായും മത പണ്ഡിതരന്മാരുമായും താനും മന്ത്രി സ്മൃതി ഇറാനിയും ചർച്ച നടത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ ഹജ്ജ് നയമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഒരു വിമാനം നിറയെ വിവിഐപികളുമായി ഹജ്ജിന് പോയിരുന്നു. അവസാനം പോയി ആദ്യം ഇവർ തിരിച്ചെത്തും. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, ഇത് ഹലാലായ ഹജ്ജാണോ എന്ന് ചിന്തിക്കണം. ഹറാമാണെന്ന് താൻ മുന്നേ പറഞ്ഞിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

80 ശതമാനം സർക്കാർ ക്വാട്ടയും 20 ശതമാനം സ്വകാര്യ ക്വാട്ടയുമാക്കി പുതുക്കി നിശ്ചയിച്ചെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. വിഐപി ക്വാട്ട ഇനിമുതൽ ഉണ്ടാകില്ല. അപേക്ഷ ഫീസ് സൗജന്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് തീർത്ഥാടനത്തിനായി ആകെയുള്ള പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം പത്തിൽ നിന്ന് 25 എണ്ണമാക്കി വർധിപ്പിച്ചെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് പുറപ്പെടൽ കേന്ദ്രങ്ങൾ. ഇന്ത്യയിൽ നിന്ന് ഇത്തവണ 175025 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഹജ്ജിന് തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതാണ് പ്രധാന മാറ്റം. നേരത്തെ 400 രൂപയോളമായിരുന്നു ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ ഫീസ്.

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും വനിതകൾക്കും പുതിയ നയത്തിൽ മുൻഗണന നൽകുന്നുണ്ട്. 50000 രൂപയോളം കുറവ് ഓരോ തീർത്ഥാടകനും പുതിയ ഹജ്ജ് നയത്തിലൂടെ ലഭിക്കുമെന്ന് ന്യൂനപക്ഷ മന്ത്രാലയം അവകാശപ്പെടുന്നത്. ബാഗ്, സ്യൂട്ട്കെയ്സ്, കുട തുടങ്ങിയ വസ്തുകൾക്കായി തീർത്ഥാടകർ പണം നൽകേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കൾ ഹാജിമാർക്ക് വാങ്ങാം.

ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയിൽ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവൽ ഏജൻസികൾക്കുമായാണ് വീതിച്ച് നൽകിയിട്ടുള്ളത്. നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവർക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വീണ്ടും ഹജ്ജിന് അപേക്ഷ നൽകാൻ കഴിയില്ല. വിഐപികൾക്കും ഇനി സാധാരണ തീർത്ഥാടകരായി തന്നെ ഹജ്ജ് നിർവഹിക്കേണ്ടി വരും.

ഇത്തവണ കേരളത്തിലെ മൂന്ന് ഇടങ്ങളിൽ നിന്ന് പുറപ്പെടാനാകുമെന്നതാണ് സംസ്ഥാനത്തെ തീർത്ഥാടകരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്. കണ്ണൂരിൽ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളക്ക് ശേഷവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP