Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

കേന്ദ്രസർക്കാർ നിയമസഭ പിരിച്ചുവിടുമെന്ന ആശങ്കയേറി; നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും കൈകോർക്കുന്നു; ജമ്മു-കശ്മീരിൽ സർക്കാരിന് ധാരണ; പിഡിപിയുടെ അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയായേക്കും; പിഡിപി -കോൺഗ്രസ് സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് നാഷണൽ കോൺഫറൻസ്

കേന്ദ്രസർക്കാർ നിയമസഭ പിരിച്ചുവിടുമെന്ന ആശങ്കയേറി; നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും കൈകോർക്കുന്നു;  ജമ്മു-കശ്മീരിൽ സർക്കാരിന് ധാരണ;  പിഡിപിയുടെ അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയായേക്കും; പിഡിപി -കോൺഗ്രസ് സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് നാഷണൽ കോൺഫറൻസ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു-കശ്മീരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ധാരണ. പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്നാണ് വിശാലസഖ്യത്തിന് ധാരണയായത്. പിഡിപിക്ക് 28 സീറ്റും, നാഷണൽ കോൺഫറൻസിന് 15 ഉം, കോൺഗ്രസിന് 12 ഉം സീറ്റാണുള്ളത്. 87 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 44 ആണ്. മൂന്ന് പാർട്ടികൾക്കും കൂടി 55 അംഗങ്ങളുണ്ട്. മൂന്നുകക്ഷികളും ചേർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

മുതിർന്ന പിഡിപി നേതാവും മുൻ ധനമന്ത്രിയുമായ അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഫറൂഖ് അബ്ദുള്ള മുന്നണിയെ നയിക്കണമെന്നാണ് പിഡിപി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ ഭാഗമാകാനില്ലെന്നായിരുന്നു മറുപടി. പിഡിപി-കോൺഗ്രസ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് നാഷണൽ കോൺഫറൻസിന്റെ തീരുമാനം. ഇതോടെയാണ് അൽതാഫ് ബുഖാരി സമവായ സ്ഥാനാർത്ഥിയായത്.

ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി സംരക്ഷിക്കാനാണ് എതിരാളികളെങ്കിലും കോൺഗ്രസും എൻസിയും കൈകോർത്തത്. വിശാലസഖ്യം രൂപീകരിക്കാൻ മൂന്നുകക്ഷികളും ചേർന്ന് തീരുമാനിച്ചെങ്കിലും, കേന്ദ്രസർക്കാർ നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെടുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ജൂൺ 16 നാണ് ജമ്മുകശ്മീരിൽ ഭരണപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമാണ് ഡൽഹിയിൽ എംഎൽഎമാരുടെ യോഗം നടന്നത്.

പ്രതിസന്ധി ഉടലെടുത്തതോടെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിപദം രാജിവയ്ക്കുകയായിരുന്നു. റമസാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീർ വിഷയം പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. കത്വ സംഭവത്തിലടക്കം ഇരുപാർട്ടികളും തമ്മിൽ കടുത്ത വിയോജിപ്പുകളും പ്രശ്‌നങ്ങളും നിലനിന്നിരുന്നു. മന്ത്രിസഭയിൽ നിന്നുള്ള ബിജെപി അംഗങ്ങളുടെ രാജിയും തുടർസംഭവങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു.

ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങളെ തുടർന്ന് കോൺഗ്രസ് പിഡിപിയുമായി ചേർന്ന് സര്ക്കാരുണ്ടാക്കാനുള്ള നീക്കം നടത്തുന്നുവെന്ന് അഭ്യൂഹം നേരത്തെ പരന്നിരുന്നു. എന്നാൽ, കോൺഗ്രസ് ഇതുനിഷേധിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനം ഇപ്പോൾ ഗവർണർ ഭരണത്തിലാണ്. ഡിസംബർ 19 ന് ആറുമാസക്കാലാവധി പൂർത്തിയാക്കിയാൽ ഗവർണർ ഭരണം നീട്ടാനാവില്ല. പിന്നീട് രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത നിലനിൽക്കുന്നത്.നേരത്തെ നാഷണൽ കോൺഫറൻസും പിഡിപിയും ജനാധിപത്യപ്രക്രിയ അട്ടിമറിക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് കുറ്റപ്പെടുത്തിയിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും പങ്കെടുക്കുമോ, അതോ ബഹിഷ്‌കരിക്കുമോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഡിസംബർ മധ്യം വരെ ഗവർണർ ഭരണം തുടരുമെന്നും പിന്നീടുള്ള കാര്യം അപ്പോൾ തീരുമാനിക്കാമെന്നുമാണ് രാം മാധവ് ഇന്നലെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP