Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

യുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടം

യുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്ര എൻഡിഎ മുന്നണിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ജാഥയേക്കാൾ ഗംഭീരമായി ബിജെപി യാത്ര അവസാനിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. അമിത്ഷാകൂടി സമാപന സമ്മേളനത്തിൽ എത്തിയതോടെ മുന്നണിക്ക് പുത്തൻ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം 'പുതിയ കേരളം , മോദിക്കൊപ്പം' എന്ന് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനേട്ടങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. 140 മണ്ഡലങ്ങളിലും മോദിയുടെ ഭരണ നേട്ടങ്ങളുമായി ഡിജിറ്റൽ രഥങ്ങളുമെത്തും. ജാഥയുടെ തുടക്കത്തിൽ എൻഡിഎ മുന്നണിയിൽ നിന്നും പലരും പുറത്തുപോകുമെന്ന പ്രതീതിയായിരുന്നു ഉണ്ടായിരുന്നു. പി സി തോമസ് യുഡിഎഫിൽ കണ്ണുവെച്ചിരുന്നു. എന്നാൽ, അദ്ദേഹം ഒടുവിൽ എൻഡിഎയിൽ ഉറച്ചു നിന്നു.

ഒരിടവേളയ്ക്കു ശേഷം സി.കെ.ജാനു വീണ്ടും എൻഡിഎക്കൊപ്പം എത്തിയതും അവർക്ക് നേട്ടമായി മാരി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിജയയാത്രയുടെ സമാപന വേദിയിൽ ജാനു എത്തി.2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്. കൂടാതെ നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചതും നേട്ടമായി മാറി. 17 വർഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെഎസ്.യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ വേദിയിൽ പറഞ്ഞു.

ഹോട്ടൽ വ്യവസായി എസ്.രാജശേഖരൻ നായർ, ഭാര്യയും മുൻ ചലച്ചിത്രനടിയുമായ രാധ, കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ ൈവസ് പ്രസിഡന്റുമായിരുന്ന പന്തളം പ്രതാപൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി. ബാലകൃഷ്ണൻ, സംവിധായകൻ ബാലു കിരിയത്ത് എന്നിവരും ബിജെപിയിൽ ചേർന്നു.

കൂട്ടത്തിൽ മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ കെ പ്രതാപൻ ബിജെപിയിൽ ചേർന്നതാണ് ബിജെപിക്ക് ഏറ്റവും നേട്ടം സമ്മാനവിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നൽകിയത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രതാപന്റെ പേരും കേട്ടിരുന്നു. എം ജി കണ്ണൻ, ബാബു ദിവാകരൻ എന്നിവരോടൊപ്പമാണ് പ്രതാപന്റെ പേരും ഉയർന്നത്. എന്നാൽ, സീറ്റിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടർന്നാണ് ബിജെപിയിലേക്ക് ചാടിയത്. മുൻ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെതിരെ ഡോളർ, സ്വർണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കിയാണ് അമിത് ഷാ ചടങ്ങിൽ സംസാരിച്ചത്. ഡോളർ, സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയിൽ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതുമുന്നണി സർക്കാർ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സർക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. സർക്കാർ അതിക്രമം കാണിച്ചപ്പോൾ കോൺഗ്രസ് മൗനം പാലിച്ചെന്നും അമിത് പറഞ്ഞു.

കേരളത്തെ ഇകഴ്‌ത്തി രൂക്ഷവിമർശനമാണ് കെ സുരേന്ദ്രൻ പരിപാടിയിൽ സംസാരിച്ചുകൊണ്ട് നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്നാണ് സുരേന്ദ്രൻ ശംഖുമുഖത്തെ പരിപാടിയിൽ പറഞ്ഞത്. സുരേന്ദ്രന്റെ വാക്കുകൾ:

'''നവോത്ഥാന നായകന്മാർ സ്വപ്നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സർക്കാരുകൾ കേരളത്തെ തീവ്രവാദികളുടെയും വർഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി. എല്ലാ കാര്യങ്ങൾക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ അഞ്ചുവർഷമായി ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ പിആർ പ്രചരങ്ങളിലൂടെ പറയുന്നത് നമ്പർ വൺ കേരളമെന്നാണ്. എന്തിലാണ് കേരളം നമ്പർ വൺ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഇവിടെയാണ്. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ മതഭീകരവാദികളുടെ ആക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതൽ ആൾക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.'

ജാഥ അവസാനിച്ചതോടെ അടുത്തതായി എൻഡിഎയിൽ സീറ്റു വിഭജന ചർച്ചകൾ അടക്കം നടക്കാനുണ്ട്. ബിഡിജെഎസിന് ഇക്കുറി കുറച്ചു സീറ്റുകൾ മാത്രമേ നൽകുകയുള്ളൂ. പി സി ജോർജ്ജ് മുന്നണിയിൽ എത്തിയില്ലെങ്കിലും അദ്ദേഹവുമായി സഹകരിച്ചുപോകാനാണ് ബിജെപിക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെ പി സി ജോർജ്ജിനെതിരെ എൻഡിഎ സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല. അടുത്ത ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കും. ആരെ മത്സരരംഗത്തുണ്ടാകുമെന്ന് വരും ദിവസങ്ങളിൽ തന്നെ വ്യക്തമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP