Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഫൂൽ പട്ടേലിന് സംസാരിക്കാൻ പിണറായി അനുമതി നൽകിയില്ല; കുപിതരായ എൻസിപി എൽഡിഎഫ് വിടാൻ ഒരുങ്ങുന്നു; ശശീരന്ദ്രൻ തുടർന്നാലും കാപ്പൻ പോകും; പാലായിൽ ജോസ് കെ മാണിക്ക് എതിരാളി കാപ്പൻ തന്നെ; തനിക്ക് അനുകൂലമായവരുമായി കൂടിക്കാഴ്ച നടത്തി നീക്കങ്ങൾ വിജയിപ്പിക്കാൻ കാപ്പൻ; യെച്ചൂരിയെ പിണറായി അപമാനിക്കുമ്പോൾ  

പ്രഫൂൽ പട്ടേലിന് സംസാരിക്കാൻ പിണറായി അനുമതി നൽകിയില്ല; കുപിതരായ എൻസിപി എൽഡിഎഫ് വിടാൻ ഒരുങ്ങുന്നു; ശശീരന്ദ്രൻ തുടർന്നാലും കാപ്പൻ പോകും; പാലായിൽ ജോസ് കെ മാണിക്ക് എതിരാളി കാപ്പൻ തന്നെ; തനിക്ക് അനുകൂലമായവരുമായി കൂടിക്കാഴ്ച നടത്തി നീക്കങ്ങൾ വിജയിപ്പിക്കാൻ കാപ്പൻ; യെച്ചൂരിയെ പിണറായി അപമാനിക്കുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ സീറ്റ് പ്രശ്‌നം ചർച്ച ചെയ്യാൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമയം നൽകിയില്ല. ഇവിടെ അപമാനിക്കപ്പെടുന്നത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. എൻസിപിയെ ഇടതുപക്ഷത്ത് ഉറപ്പിക്കാൻ ചർച്ചകൾ നടത്തിയത് യെച്ചൂരിയായിരുന്നു. യച്ചൂരിയും എൻസിപി അധ്യക്ഷൻ ശരത് പവാറും കേരള നേതാക്കളുമായി ചർച്ച നടത്തി. ഈ ചർച്ചയിലാണ് മുഖ്യമന്ത്രിയെ പ്രഫുൽ പട്ടേൽ കാണുമെന്ന തീരുമാനം വന്നത്. ഈ സാഹചര്യത്തിലാണ് അനുമതി തേടിയത്. എന്നാൽ യെച്ചൂരിയുടെ ചർച്ചയിലെ സാന്നിധ്യം അടക്കം അറിയാവുന്ന പിണറായി പ്രഫുൽ പട്ടേലിനെ ഒഴിവാക്കുകയാണ്.

കേരളത്തിലെ സിപിഎം രാഷ്ട്രീയം താൻ തീരുമാനിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി നൽകുന്നത്. ഇതോടെ, സമവായ സാധ്യതകൾ മങ്ങിയ സാഹചര്യത്തിൽ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി. കാപ്പൻ എംഎൽഎ തയ്യാറെടുക്കുന്നു. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. ഇതോടെ പാലായിൽ ജോസ് കെ മാണിയെ മാണി സി കാപ്പൻ നേരിടുമെന്ന് ഉറപ്പായി. പിണറായി വിജയന്റെ പടിവാശിയാണ് എൻസിപിയെ ഇടതു പക്ഷത്ത് നിന്ന് അകറ്റുന്നത്.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിൽ പാലാ പ്രശ്‌നം ഏതാണ്ട് ഒത്തുതീർപ്പിലെത്തിയിരുന്നു. പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകാമെന്ന് ദേശീയ നേതാക്കൾ ധാരണയിൽ എത്തി. എൽഡിഎഫിൽ തുടരുമെന്ന് എൻസിപി പ്രഖ്യാപിച്ചു. ഇത് പിണറായിക്ക് പിടിച്ചില്ല. കേരളത്തിലെ കാര്യങ്ങൾ ഇവിടെ തീരുമാനിക്കുമെന്ന നിലപാട് എടുത്തു. ഇതിന്റെ ഭാഗമാണ് പ്രഫുൽ പട്ടേലിനെ കാണാൻ പിണറായി വിസമ്മതിക്കുന്നത്.

പിണറായി വിജയനുമായി ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ ഒരാഴ്ചയ്ക്കകം കേരളത്തിൽ എത്തുമെന്നും എൻസിപി സിപിഎം ദേശീയ നേതൃത്വങ്ങൾ അറിയിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. ഞായറാഴ്ചയ്ക്കകം ഒരു ദിവസം സമയം നൽകണം എന്നാവശ്യപ്പെട്ടു. എന്നാൽ, ഇന്നലെ ഉച്ചവരെയും സമയം ലഭിച്ചില്ലെന്നു എൻസിപി നേതാക്കൾ പറഞ്ഞു. ഇതോടെ കുപിതനായ പ്രഫുൽ പട്ടേൽ സമവായ ചർച്ച നടന്നില്ലെന്ന് പവാറിനെ അറിയിച്ചു.

ഈ സാഹചര്യത്തിൽ മുന്നണി വിട്ടു പാലായിൽ മത്സരിക്കേണ്ടി വരുമെന്ന് മാണി സി. കാപ്പൻ പവാറിന് കത്തയച്ചു. പവാറിനെ മുംബൈയിൽ എത്തി നേരിട്ട് കാപ്പൻ ഉടൻ കാണുകയും ചെയ്യും. അതിനിടെ പാലായിൽ തനിക്ക് വേണ്ടപ്പെട്ടവരെ എല്ലാം മാണി സി കാപ്പൻ കണ്ടു കഴിഞ്ഞു. ഇടതു പക്ഷത്തു നിന്നുള്ള അപമാനം അതിരുവിട്ടതാണെന്ന് എൻസിപിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും ഇടതുപക്ഷത്തെ വിടാൻ വീണ്ടും ആലോചന തുടരുന്നത്. എകെ ശശീന്ദ്രൻ ഇവർക്കൊപ്പം പോകില്ലെന്നാണ് സൂചന. എങ്കിലും പ്രഫുൽ പട്ടേലിനെ കാണില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശശീന്ദ്രനേയും ഞെട്ടിച്ചിട്ടുണ്ട്.

മുൻ എൻസിപി നേതാവായ താരിഖ് അൻവറും കാപ്പനും നല്ല സുഹൃത്തുക്കളാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഭ്രാന്തുണ്ടോ എന്ന കാപ്പന്റെ പരാമർശം സംബന്ധിച്ചും താരിഖ് അൻവർ ആരാഞ്ഞു. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞതെന്ന് കാപ്പൻ താരിഖ് അൻവറിനോടു പറഞ്ഞു. പി.ജെ. ജോസഫ് വിഭാഗത്തിന്റെ ചിഹ്നമാണു ചെണ്ട. ഇങ്ങനെ കാപ്പനെ അനുനയിപ്പിക്കാൻ താരിഖ് അൻവർ നേരിട്ട് ഇടപെടുകയാണ്.

പാലാ സീറ്റ് യുഡിഎഫ് കാപ്പനു വേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, ഡൽഹി ചർച്ചയ്ക്ക് ശേഷം ആ നീക്കം ഉപേക്ഷിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ചർച്ച വീണ്ടും സജീവമായി. എൻസിപിയെ യുഡിഎഫിൽ ഘടകകക്ഷിയാക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP