Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് മന്ത്രിയാവണം! ഞാൻ തന്നെ മന്ത്രി; എൻസിപിയിൽ രണ്ട് എംഎൽഎമാരും അടിയോടടി; അന്തിമ ദിവസം അടുത്തിട്ടും തീരുമാനിക്കാതായതോടെ മന്ത്രിസ്ഥാനം നൽകില്ലെന്ന് പിണറായിയുടെ മുന്നറിയിപ്പ്; തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ തിരുവനന്തപുരത്ത് പറന്നെത്തും; ചാക്കോയുടെ മനസ്സും നിർണ്ണായകമാകും

എനിക്ക് മന്ത്രിയാവണം! ഞാൻ തന്നെ മന്ത്രി; എൻസിപിയിൽ രണ്ട് എംഎൽഎമാരും അടിയോടടി; അന്തിമ ദിവസം അടുത്തിട്ടും തീരുമാനിക്കാതായതോടെ മന്ത്രിസ്ഥാനം നൽകില്ലെന്ന് പിണറായിയുടെ മുന്നറിയിപ്പ്; തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ തിരുവനന്തപുരത്ത് പറന്നെത്തും; ചാക്കോയുടെ മനസ്സും നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻ.സി.പി. മന്ത്രിയെ ചൊവ്വാഴ്ച തീരുമാനിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ തിരുവനന്തപുരത്തെത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ എൻ.സി.പി. ഭാരവാഹികളുടെ യോഗം നടക്കും. എകെ ശശീന്ദ്രനും തോമസ് കെ തോമസും മന്ത്രിയായേ മതിയാകൂവെന്ന വാശിയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.

കോൺഗ്രസിൽനിന്ന് എൻ.സി.പി.യിലെത്തിയ ചാക്കോ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും അദ്ദേഹത്തോട് യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ ശരത് പവാർ നിർദേശിച്ചിട്ടുണ്ട്. പവാറിന്റെ അതിവിശ്വസ്തനാണ് ചാക്കോ. അതുകൊണ്ട് തന്നെ പ്രഫുൽ പട്ടേലും ചാക്കോയും ചേർന്നാകും തീരുമാനം എടുക്കുക. അടി തുടർന്നാൽ എൻ സിപിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ.

മാണി സി കാപ്പനെ ഇടതുപക്ഷത്തു നിന്ന് ചാടിച്ചതിൽ പ്രധാനി എകെ ശശീന്ദ്രനാണ്. തുടർഭരണമുണ്ടായാൽ മന്ത്രിപദവി ലക്ഷ്യമിട്ടായിരുന്നു അത്. തോമസ് കെ തോമസ് തനിക്കൊപ്പം നിൽക്കുമെന്നും കരുതി. എന്നാൽ ശശീന്ദ്രനുമായി ഉടക്കിലായ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ തോമസ് കെ തോമസിനെ രംഗത്തിറക്കി ചർച്ച സജീവമാക്കി. ഇതോടെയാണ് അടിമൂക്കുന്നത്. രണ്ടു പേർക്കും ഇപ്പോൾ മന്ത്രിയായേ മതിയാകൂവെന്ന നിലപാടാണുള്ളത്.

ശശീന്ദ്രൻ വിഭാഗവും ടി.പി. പീതാംബരൻ മാസ്റ്ററെ പിന്തുണയ്ക്കുന്നവരും ഒരുക്കങ്ങൾ നടത്തിയാണ് യോഗത്തിന് എത്തുന്നത്. എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പത്ത് ജില്ലാ പ്രസിഡന്റുമാർ നേരത്തേതന്നെ ദേശീയ നേതൃത്വത്തിന് കത്തുനൽകിയിട്ടുണ്ട്. എന്നാൽ, ജില്ലാ പ്രസിഡന്റുമാർ ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്. ഈ യോഗത്തിലെ ഭൂരിപക്ഷം എന്തായാലും പ്രഫുൽ പട്ടേലിന്റെ വാക്കിന് പ്രാധാന്യം കിട്ടും. പിസി ചാക്കോയും തീരുമാനങ്ങളിലെ നിർണ്ണായക ഘടകമാകും.

മന്ത്രിസ്ഥാനത്തിന് തുടർച്ചവേണമെന്ന ആവശ്യമാണ് ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്. വീതംവെക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയാൽ ആദ്യഭാഗം വേണമെന്ന് തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവർ ഉന്നയിക്കും. ഇക്കാര്യത്തിൽ നിർണായകമായ അഭിപ്രായം പി.സി. ചാക്കോയുടേതായിരിക്കും. ശശീന്ദ്രന് മന്ത്രിസ്ഥാനം നൽകില്ലെന്ന തീരുമാനത്തിൽ ടി.പി. പീതാംബരൻ മാസ്റ്റർ ഉറച്ചുനിന്നാൽ നേതൃമാറ്റമെന്ന ആവശ്യം ശശീന്ദ്രൻ വിഭാഗം ഉന്നയിക്കും. പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമായിരിക്കും അവർ ഉന്നയിക്കുക.

പാർട്ടി ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, ദേശീയ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ട സമിതിയിൽ എ. കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും തുല്യ പിന്തുണയുണ്ട്. ഭാരവാഹികളുടെ അഭിപ്രായം തേടുമെന്നല്ലാതെ തീരുമാനത്തിൽ ഇടപെടാൻ അവർക്കു കഴിയില്ല. കേന്ദ്ര നേതൃത്വം ഒരു തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ 2 എംഎൽഎമാരും സംസ്ഥാന പ്രസിഡന്റുമാണു മന്ത്രിയെ തീരുമാനിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ തോമസ് കെ. തോമസിന് ഒപ്പമാണ്. ഇതും കുട്ടനാട്ടെ എംഎൽഎയ്ക്ക് തുണയാകും.

പാർട്ടിയുടെ രണ്ട് എംഎൽഎമാരിൽ പാർട്ടി ആരെ നിർദേശിച്ചാലും വിരോധമില്ലെന്നു സിപിഎം എൻസിപിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഉടൻ തീരുമാനം വേണമെന്നാണ് ആവശ്യം. മന്ത്രിസ്ഥാനം പങ്കിടേണ്ട സാഹചര്യം വന്നാലും ആദ്യ ടേം തോമസ് കെ. തോമസിനു ലഭിക്കാനാണു സാധ്യത. സംംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരനെതിരെ പരസ്യ വിമർശനം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ പ്രസിഡന്റ്, സ്ഥാനത്തുനിന്നു നീക്കിയതും ശശീന്ദ്രൻ വിഭാഗത്തിന് തിരിച്ചടിയാണ്. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നേതാവാണു മൗലവി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP