Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

നാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരം

നാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാർക്കോടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് കണക്കുകൾ സഹിതം രംഗത്തുവന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കണക്കുകൾ പ്രകാരം ലൗ ജിഹാദ്, നാർക്കോടിക് ജിഹാദ് കേരളത്തിൽ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകളെ മുഖവിലക്കെടുക്കാൻ സീറോ മലബാർ സഭ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് പിന്നീട് വന്ന വിവരങ്ങൾ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ നോക്കേണ്ടതില്ലെന്നാണ് സഭയുടെ മറുപടി. ഇതിൽ മുഖ്യമന്ത്രിക്കെതിരായ നീരസം പ്രകടമാണ് താനും.

സഭയിൽ മുഖ്യമന്ത്രിയോട് രോഷം നിലനിൽക്കെ തന്നെ വിഷയത്തിൽ കേന്ദ്രത്തിന്റെ പിന്തുണ സഭാ നേതൃത്വത്തിന് വാഗ്ദാനം ചെയ്തു സുരേഷ് ഗോപി എം പി രംഗത്തുവന്നു. കത്തോലിക്കാ സഭയെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുരേഷ് ഗോപിയുടെ രംഗപ്രവേശം. കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എംപി വ്യക്തമാക്കുകയും ചെയ്തു.

യോഗത്തിൽ സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോഗം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ യോഗം വിളിക്കാനുള്ള നടപടികൾക്ക് വേഗം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാർക്കോട്ടിക് ജിഹാദ് വിവാദം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. എന്നാൽ, അതിന്റെ പേരിൽ സാമൂഹ്യ തിന്മയെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഇസ്ലാമിക തീവ്രവാദം ദേശീയ തലത്തിൽ ചർച്ചയാകണം എന്നാണ് ബിജെപിയുടെ ആഗ്രഹം. ഇതിന്റെ ഭാഗമായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ തൊടുപുഴ ന്യൂമാൻസ് കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ ഒരുക്കുകയാണ് ബിജെപി.

ഇതിന്റെ ഭാഗമായി രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രൊഫ. ടി ജെ ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ജീവിതകാലം മുഴുവൻ ദുരിതം പേറേണ്ടി വന്ന സാധുവായ അദ്ധ്യാപകന് ദേശീയ തലത്തിൽ ഒരു പദവി കൊടുക്കാമെന്നാണ് സുരേഷ് ഗോപി നൽകിയ വാഗ്ദാനം എന്നാണ് ലഭിക്കുന്ന വിവരം.ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ശ്രമം. ഈ ആവശ്യത്തോട് ടി ജെ ജോസഫും സമ്മതം അറിയിച്ചുവെന്ന സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ദേശീയ തലത്തിലാണ് തീരുമാനം കൈക്കൊണ്ടേത്.

ഒരു വശത്ത് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായ ജോസഫ് മാഷിന് ദേശീയ തലത്തിൽ പദവി. മറുവശത്ത് നാർക്കോട്ടിക് ജിഹാദിനെ കുറിച്ചു പറയുന്ന പാലാ ബിഷപ്പിന് പിന്തുണയും നൽകുക എന്നാണ് ബിജെപി തന്ത്രം. അതിനുള്ള അവസരം ഇപ്പോഴാണെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഓർത്തഡോക്‌സ് സഭാ വിഷയത്തിൽ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ചർച്ച നടത്തിയിരുന്നു. ശ്രീധരൻ പിള്ളയാണ് അന്ന് ഇതിന് മുൻകൈയെടുത്തത്. ഇപ്പോൾ കത്തോലിക്കരെ അടുപ്പിക്കാനുള്ള ദൗത്യത്തിൽ സുരേഷ് ഗോപിയും.

നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് രംഗത്തുവന്നത്. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി കണക്കു നിരത്തി പറയുകയുണ്ടായി.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

നിർബന്ധിത മതപരിവർത്തനത്തിന് പരാതികൾ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപണം ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി.

2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനകളിൽ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്.

28 പേർ ഐഎസ് ആശയത്തിൽ ആകൃഷ്ടരായി കേരളത്തിൽ നിന്ന് പോയവരാണ്. ഇവരിൽ അഞ്ച് പേരാണ് മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്‌സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. ഇവർ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു.

സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. 2018 മുതൽ സ്‌പെഷൽ ബ്രാഞ്ച് ഡീറാഡിക്കലൈസേഷൻ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടിൽ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാൻ ഇടപെടുന്നുണ്ട്. തീവ്ര നിലപാടുള്ള യുവാക്കളെ ഡീറാഡിക്കലൈസേഷനിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു. വിവിധ ജില്ലകളിലെ മഹല്ല് പുരോഹിതന്മാരെയും ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പരിപാടി നടത്തി. കുടുംബങ്ങളെയും ഇത്തരത്തിൽ സമീപിച്ചിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നല്ല രീതിയിൽ തുടർന്ന പരിപാടികൾ 2020 മുതൽ നിർത്തിവെക്കേണ്ടി വന്നുകോവിഡ് ശമിക്കുന്നതോടെ ഇത് പുനരാരംഭിക്കും.

നാർകോടിക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 2020 ൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരം 4941 കേസുകളാണ്. 5422 പേരാണ് പ്രതികൾ. അവരിൽ 2700 പേർ - 49.8 ശതമാനം - ഹിന്ദുമതത്തിൽ പെട്ടവരാണ്. 1869 പേർ ഇസ്ലാം മതത്തിൽ പെട്ടവരാണ്. 857 പേർ ക്രിസ്തുമതത്തിൽ പെട്ടവരാണ്.

അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയതായോ അങ്ങിനെ മതപരിവർത്തനം നടത്തിയതായോ പരാതികളോ തെളിവുകളില്ല. സ്‌കൂൾ കോളേജ് തലത്തിൽ നാനാജാതി മതക്കാരുണ്ട്. അവരിലാരെങ്കിലും മയക്കുമരുന്ന് കണ്ണിയിൽ പെട്ടാൽ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പറയുന്നത് ബാലിശമാണ്.

വിദ്വേഷത്തിന്റെ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകൾ. സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാട് എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തീവ്രനിലപാടുകാർക്ക് സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണത നിയമപരമായി നേരിടും.

ശരിയായ കാര്യം മനസിലാക്കി ഇടപെടാൻ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. കലക്കവെള്ളത്തിൽ നിന്നോ വെള്ളം കലക്കി മീൻ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പർധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാൻ എല്ലാവരും തയ്യാറാകണം.

പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ സർക്കാർ നിർധാക്ഷിണ്യം നിലപാട് സ്വീകരിക്കും. സർക്കാർ നോക്കിനിൽക്കില്ല. ആദ്യം ഓരോരുത്തരും അവരുടേതായ നിലപാട് സ്വീകരിക്കണം. അതിനുള്ള പൊതു അഭ്യർത്ഥന നടത്തണം. പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഈ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര മറ്റ് ചില നില സ്വീകരിച്ച് പ്രത്യേക ലാഭം ഉണ്ടാക്കിക്കളയാമെന്ന് ചിന്തിക്കുന്നവരെ പൊതു സമൂഹം മനസിലാക്കും. അത്തരക്കാരിൽ വർഗീയ നിലപാടുള്ളവരുമുണ്ട്. അത്തരമാളുകളെയും ശക്തികളെയും നേതാക്കളെയും തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. ഇതിന്റെ ഭാഗമായി കൂടുതൽ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാൻ ആരും ശ്രമിക്കരുത്.

പാലാ ബിഷപ്പിനെ മന്ത്രി വാസവൻ സന്ദർശിച്ചതിൽ വാസവൻ തന്നെ അതിന് വിശദീകരണം നൽകിയതാണ്. ഏതോ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. അതിൽ താൻ ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരം കാണാൻ പോയതാണെന്നും വാസവൻ വിശദീകരിച്ചിട്ടുണ്ട്. നാർകോടിക് വിഷയത്തിൽ ബിഷപ്പിന് പിന്തുണ നൽകാനല്ല വാസവൻ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സർക്കാരിനുള്ളത് എന്ന് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സർവകക്ഷിയോഗം കൊണ്ട് പ്രത്യേക ഫലമില്ല. ഇതിനെതിരെ അഭിപ്രായം എല്ലാവരും നാട്ടിൽ പ്രചരിപ്പിക്കുകയാണ് നല്ലത്. നാട്ടിൽ സർവകക്ഷിയോഗം സർക്കാർ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. ഇവിടെ സർവകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. തെറ്റായ പരാമർശം പുറത്താണുള്ളത്. സർവകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തിൽ ഒരു നിലപാടെടുത്തു, സമൂഹം അതിൽ യോജിക്കുന്നില്ലെന്ന് കണ്ടാൽ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും മുഖ്യമന്ത്ര് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP