Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലായിൽ താമര വിരിയിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് എൻ ഹരിയെ; പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കിയത് മാണിയില്ലാത്ത പാലായെ ബിജെപിക്കൊപ്പം കൂട്ടാൻ; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരി നേടിയ 24,800 വോട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായുള്ള 7000 വോട്ടുകളുടെ വ്യത്യാസവും നൽകുന്ന ആത്മവിശ്വാസവുമായി എൻഡിഎയും അങ്കത്തിന് സജ്ജമായി; ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി

പാലായിൽ താമര വിരിയിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് എൻ ഹരിയെ; പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കിയത് മാണിയില്ലാത്ത പാലായെ ബിജെപിക്കൊപ്പം കൂട്ടാൻ; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരി നേടിയ 24,800 വോട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായുള്ള 7000 വോട്ടുകളുടെ വ്യത്യാസവും നൽകുന്ന ആത്മവിശ്വാസവുമായി എൻഡിഎയും അങ്കത്തിന് സജ്ജമായി; ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എൻ ഹരിയെ പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വമാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ ഹരി. കൊച്ചിയിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിലും ഹരിയുടെ പേരായിരുന്നു തീരുമാനിച്ചത്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളത്തിനൊപ്പം ഛത്തീസ്‌ഗഡ്, ത്രിപുര ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ചേർന്ന എൻഡിഎ നേതൃയോഗത്തിലായിരുന്നു പാലാ സീറ്റിൽ ബിജെപി മത്സരിക്കാൻ തീരുമാനമായത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോർച്ച സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സഹതാപ തരംഗം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻ ഹരി പറഞ്ഞു.

സ്ഥാനാർത്ഥിയാകാൻ താൽപര്യമറിയിച്ച് പി.സി.തോമസ് രംഗത്തെത്തിയിരുന്നെങ്കിലും കോട്ടയം ജില്ല ഘടകകക്ഷിക്ക് തീറെഴുതരുതെന്ന് ബിജെപി ജില്ലാ നേതൃത്വം നിലപാടെടുക്കുകയായിരുന്നു. തർക്കങ്ങൾക്കൊടുവിൽ ബിജെപിയിൽ നിന്നു തന്നെ സ്ഥാനാർത്ഥിയെ നിർത്താൻ കൊച്ചിയിൽ ചേർന്ന എൻഡിഎ യോഗം തീരുമാനമെടുത്തു. തുടർന്ന് സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറുകയായിരുന്നു.

കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ പേര് മാത്രമാണ് കേന്ദ്ര നേതൃത്വത്തിന് നൽകിയിരുന്നത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാർത്ഥിയായിരുന്നുവെന്നതും ഹരിക്ക് അനുകൂല ഘടകമായി. സെപ്റ്റംബർ ആറിന് നിയോജകമണ്ഡലം കൺവൻഷനും 8,9,10 തീയതികളിലായി പഞ്ചായത്ത് കൺവൻഷനും നടത്താനും എൻഡിഎ യോഗത്തിൽ തീരുമാനമായിരുന്നു.

നേരത്തെ പാലാ സീറ്റിൽ മത്സര സന്നദ്ധതയറിയിച്ച് കേരളാ കോൺഗ്രസ് നേതാവ് പി സി തോമസ് രംഗത്ത് വന്നത് തർക്കങ്ങൾക്ക് കാരണമായിരുന്നു. മത്സരസാധ്യത മുൻനിർത്തി പി സി തോമസിനെ നിർത്തണമെന്ന് പി സി ജോർജ്ജും ആവശ്യപ്പെട്ടതോടെ ബിജെപി ജില്ലാ ഘടകം ശ്രീധരൻപിള്ളയ്ക്ക് നേരിട്ട് പരാതി നൽകി. പാർട്ടി പ്രവർത്തകർ നിർജ്ജീവമാകുമെന്ന മുന്നറിയിപ്പും പ്രാദേശിക ഘടകങ്ങളിൽ നിന്നുണ്ടായി. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നെന്നാണ് സൂചന.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹരി 24,800 വോട്ട് പാലായിൽ പിടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലെ 7000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൂഞ്ഞാറിന്റെ ചില ഭാഗങ്ങൾ കൂടി ഉൾ മണ്ഡലത്തിൽ പി സി ജോർജ്ജിന്റെ പിന്തുണ കൂടി വരുമ്പോൾ പോരാട്ടം കടുപ്പിക്കാനാകുമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കവും ഇടത് മുന്നണിക്കെതിരായ ശക്തമായ ജനവികാരവും കേന്ദ്രസർക്കാരിനോടുള്ള ജനങ്ങളുടെ മതിപ്പും പാലായിൽ അത്ഭുതം പ്രവർത്തിക്കും എന്നാണ് ബിജെപി കേന്ദ്രങ്ങൾ കണക്ക്കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ട് സമാഹരിക്കാൻ ബിജെപിക്ക് സംസ്ഥാനത്ത് കഴിഞ്ഞിരുന്നു. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമായി എന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

കെ എം മാണിയുടെ മരണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻസിപി നേതാവ് മാണി സി കാപ്പനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഇതിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കന്നിയങ്കമാണ് ഇത്. തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിലും മാണി സി.കാപ്പനായിരുന്നു പാലായിലെ ഇടതു സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പുകളിലൊക്കെ കെ.എം മാണിക്കെതിരെ മികച്ച മത്സരം കാഴ്ചവയ്ക്കാനും ഭൂരിപക്ഷം കുറയ്ക്കാനും മാണി സി. കാപ്പന് സാധിച്ചിരുന്നു.

1965 ൽ നിയോജക മണ്ഡലം രൂപീകൃതമായത് മുതൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്ന 2016 വരെ കെ എം മാണിയെന്ന കേരള കോൺഗ്രസ് നേതാവിനെയല്ലാതെ മറ്റൊരാളെ പാലായിലെ ജനങ്ങൾ നിയമസഭയിലേക്ക് അയച്ചിട്ടില്ല. കെ എം മാണി ഇന്നില്ല, അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് പാലായിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്. മാണിയില്ലാതെ പാലാ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് പോകുന്നത്.

അതിനിടെ, പാലായിൽ രണ്ടില ചിഹ്നം വേണമെന്ന് ജോസ് കെ. മാണി വിഭാഗം വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ പി ജെ ജോസഫിന്റെ നിലപാടാണ് നിർണായകമെന്ന് ടിക്കാറാം മീണ മറുപടി നൽകി. രണ്ടില ചിഹ്നം കിട്ടാൻ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടതുകൊണ്ട് കാര്യമില്ല. സ്റ്റിയറിങ് കമ്മിറ്റിക്ക് അധികാരം സ്ഥാനാർത്ഥി നിർണയത്തിന് മാത്രമാണെന്നും . മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ
പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കണമെങ്കിൽ പി.ജെ.ജോസഫിന്റെ കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കണം. പി.ജെ.ജോസഫും ജോസ് കെ.മാണിയും ചിഹ്നത്തെക്കുറിച്ച് യോജിപ്പിലെത്തിയില്ലെങ്കിൽ, ജോസ് ടോമിന് സ്വതന്ത്രസാഥാനാർഥിയായി മത്സരിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP