Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശ്വാസിയായാലും അവിശ്വാസിയായാലും ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാട്; താൻ മാർക്സിയൻ ദർശനങ്ങളെ തള്ളിപ്പറയുകയല്ല ചെയ്തതെന്ന് വിശദീകരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

വിശ്വാസിയായാലും അവിശ്വാസിയായാലും ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാട്; താൻ മാർക്സിയൻ ദർശനങ്ങളെ തള്ളിപ്പറയുകയല്ല ചെയ്തതെന്ന് വിശദീകരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാർക്സിയൻ ദർശനങ്ങളുടെ കാതലായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നുള്ള പ്രസം​ഗത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ. താൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പറഞ്ഞത് ഇന്നത്തെ പരിതസ്ഥിതിയിൽ മാർക്സിയൻ ദർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗികതയാണ് എന്നായിരുന്നു ​ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.

വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തിലോ, പള്ളിയിലോ ചർച്ചിലോ പോകുന്നയാളായാലും ആ പോകുന്നവരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാടെന്ന് എം.വി ഗോവിന്ദൻ വിശദീകരിച്ചു. ശബരിമലയിലെ പുനപരിശോധ ഹർജിയിൽ വിധി വന്ന ശേഷം എന്തു വേണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് എം വിഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ചർച്ചകൾ നടത്തുന്നതെന്നും എം വിഗോവിന്ദൻ വ്യക്തമാക്കി.

സിപിഎം അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ വിവാദപ്രസംഗം. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.’

ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂ -ഗോവിന്ദൻ വ്യക്തമാക്കി.

തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.

വർഗീയതയ്‌ക്കെതിലെ നിലപാടെടുക്കുമ്പോൾ തന്നെ അവരവരുടെ വിശ്വാസത്തെ നിഷേധിക്കാൻ പാടില്ല. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പന്തിയിൽ നിൽക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട്. അതാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട്. ആ നിലപാട് കൃത്യമായി മനസ്സിലാക്കാതെ നമുക്ക് ശരിയായ ദിശാബോധത്തോടെ മുമ്പോട്ടു പോകാനാകില്ല- ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം വീണ്ടും ചർച്ചയാകുന്ന വേളയിലാണ് എംവി ഗോവിന്ദന്റെ പരമാർശങ്ങൾ. പ്രസംഗത്തിൽ ശബലിമലയിലെ വിവാദങ്ങളെ കുറിച്ചും ഗോവിന്ദൻ പ്രതികരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP