Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി വി അബ്ദുറഹിമാനെതിരായ വൈദികന്റെ പരാമർശം നാക്കുപിഴയല്ല; വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായത്; വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

മന്ത്രി വി അബ്ദുറഹിമാനെതിരായ വൈദികന്റെ പരാമർശം നാക്കുപിഴയല്ല; വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായത്; വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരായ വൈദികന്റെ പരാമർശം നാക്കുപിഴയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായത്. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമെന്നും ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കണമെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'ബഹുമാനപ്പെട്ട മന്ത്രിയെ ഒരു ഫാദർ, അദ്ദേഹം ആ വസ്ത്രത്തിന്റെ മാന്യതയുടെ വിലപോലും കൽപ്പിക്കാതെ പരസ്യമായി പറഞ്ഞത് ആ പേരിൽ ഒരു വർഗീയതയുണ്ടന്നാണ്. മനുഷ്യന്റെ പേര് നോക്കി വർഗീയത പ്രഖ്യാപിക്കുന്ന വർഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണ്. മനസാണ് കാണിക്കുന്നത്. വർഗീയമായ നിലപാട് സ്വീകരിക്കുന്ന ഒരാൾക്ക് മാത്രമെ അത്തരമൊരു പരാമർശം നടത്താൻ പറ്റൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അത് വർഗീയതയാണെന്ന് പറയണമെങ്കിൽ വർഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവർക്കേ സാധിക്കൂ. വികൃതമായ ഒരു മനസാണ് ആ മനുഷ്യൻ പ്രകടിപ്പിച്ചത്'- എംവി ഗോവിന്ദൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഫലപ്രദമായി ഉണ്ടാകണമെന്ന് രൂപത തന്നെയാണ് ആദ്യം ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടി സർക്കാർ ഇത് സ്വകാര്യ കമ്പനിക്ക് കൊടുത്തപ്പോൾ തന്നെ ഞങ്ങൾ എതിർത്തിരുന്നു. പൊതുമേഖലയിൽ കൊടുക്കാനാണ് എൽഡിഎഫ് പറഞ്ഞത്. എന്നാൽ അവർ സ്വകാര്യ കമ്പനിക്ക് കൊടുത്തു. ഒരു സർക്കാരിന്റെ തുടർച്ചയാണ് പിന്നീടുള്ള സർക്കാർ എന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുവന്ന സർക്കാർ മുന്നോട്ടുപോയത്. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ചില ആശങ്കകൾ ഉണ്ടായപ്പോൾ അത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഹരിച്ചു. സമരസമിതി മുന്നോട്ട് വച്ച് ഏഴ് ആവശ്യങ്ങളിൽ ഒന്നൊഴികെ എല്ലാം സർക്കാർ അംഗീകരിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.

പോർട്ടിന്റെ ലാഭം മുഴുവൻ അദാനിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ. എന്നാൽ സംസ്ഥാനത്ത് വലിയ തോതിൽ നിക്ഷേപം വരാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ജനാധിപത്യരീതിയിൽ സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. അതിനെ ആരും എതിർത്തിട്ടില്ല. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ല. ആസൂത്രിതമായി ചെയ്തതാണ്. ഇക്കാര്യം സമരപ്പന്തലിൽ മറ്റൊരു ഫാദർ സൂചിപ്പിക്കുകയും ചെയ്തിരുന്നു.സമരത്തിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ട്. അത് ഈ പ്രൊജക്ട് ഒരു തരത്തിലും നടപ്പിലാക്കരുതെന്നുള്ളതാണ്. എന്നാൽ അക്കാര്യം പരസ്യമായി പറയാൻ പറ്റില്ല. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP