Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?

'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?

എംപി.റാഫി

മലപ്പുറം: 'മന്ത്രി കെ.ടി ജലീലിന് മുസ്ലിം സമുദായത്തിനകത്തുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം'.- ബന്ധുനിയമന വിവാദത്തിൽ ഉയർന്നപ്പോൾ മന്ത്രി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഈ ആത്മവിശ്വാസമാണ് സിപിഎമ്മിന് ജലീലിനെ സംരക്ഷിക്കുന്നതിന്റെ പ്രധാന കാരണവും. എന്നാൽ ജലീലിനെതിരെ മതസംഘടനകളുടെ ഒരുമിച്ചുള്ള പ്രതിഷേധത്തിന് ഇടവന്നിരിക്കുകയാണ്. ഇടതു സ്വതന്ത്രനായി മൂന്നാം തവണയും മത്സരിച്ചു വിജയിച്ച കെ.ടി.ജലീലിന് മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകളിലും വിവിധ നേതാക്കളുമായും ബന്ധവും സ്വാധീനവും ഉണ്ടെന്നത് വസ്തുതയാണ്. എന്നാൽ ബന്ധു നിയമന വിവാദം ഉയർന്നതോടെ ജലീലിന്റെ പല പ്രസ്താവനകളും ഫേസ്‌ബുക്ക് പോസ്റ്റുകളടക്കം സമുദായത്തിനകത്തു തന്നെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. വനിതാ മതിലുമായി ബന്ധപ്പെട്ട പരാമർശത്തോടെ ജലീലിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എ.പി സുന്നികളും ജലീലിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്.

വനിതാ മതിലിനെ ന്യായീകരിച്ച് സ്ത്രീകൾ മതിലിനായി രംഗത്തിറങ്ങണമെന്ന് ജലീൽ നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് മുസ്ലിം സംഘടകൾക്കുള്ളിൽ അമർഷമുണ്ടാക്കി. കെ.ടി.ജലീൽ ആയതുകൊണ്ടു തന്നെ എ.പി സുന്നികൾക്ക് പരസ്യ വിമർശനം നടത്തി രംഗത്തു വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇ.കെ സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ ജലീലിനെ വിമർശിച്ച് രംഗത്തു വന്നു. നവോത്ഥാനത്തിന്റെ പേരിൽ സ്ത്രീകളെ വലിച്ചിറക്കുന്നതിനെതിരെയായിരുന്നു ഇ.കെ സമസ്ത നേതാവ് രൂക്ഷ വിമർശനമുതിർത്തത്. ഇതോടെ മന്ത്രി ജലീലും സിപിഎമ്മും സമസ്തക്കും അബ്ദു സമദ് പൂക്കോട്ടൂരിനുമെതിരെയുള്ള മറുപടിയും ശക്തമാക്കി.

എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളും കടമ്പകളും മറികടന്നുകൊണ്ടുള്ള മന്ത്രി ജലീലിന്റെ വിർശനങ്ങൾക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിഷേധമുയർന്നു. അബ്ദുസമദ് പൂക്കോട്ടൂരിനെതിരെയും ഇ.കെ സുന്നികൾക്കുമെതിരാണ് ജലീലിന്റെ വിമർശനമെന്നിരിക്കെ തത്വത്തിൽ വിമർശനം ഗ്രൂപ്പും സംഘടനയും വ്യത്യാസമില്ലാതെ കൊണ്ടു. ഇതോടെ കൂടെ അടിയുറച്ചു നിന്ന എ.പി സുന്നികളും ജലീലിനെ കൈ വിട്ട സ്ഥിതിയാണ്. വനിതാ മതിലിലിനു ശേഷം ജലീൽ നടത്തിയ പ്രസ്താവനയും ഫേസ്‌ബുക്ക് പോസ്റ്റുമാണ് എ.പി വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചത്.

'വനിതാ മതിൽ ചരിത്ര വിജയമായെന്നും എല്ലാ എതിർപ്പുകളെയും കാറ്റിൽ പറത്തിയാണ് ലക്ഷോപലക്ഷം മതിലിന്റെ ഭാഗമായത്. ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറുപ്പെടുവിച്ച 'സ്ത്രീകൾ പുറത്തിറങ്ങരുതെന്ന' മത വിധിക്കു പുല്ലു വില കൽപിച്ചാണ് പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകൾ മലപ്പുറത്ത് സ്ത്രീകൂട്ടായ്മയിൽ പങ്കെടുത്തത്. ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്നും വനിതാ മതിൽ തെളിയിക്കുന്നുവെന്നായിരുന്നു മന്ത്രി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റ് എല്ലാ മുസ്ലിം സംഘടനകൾക്കു നേരെയും ചെന്നുപതിച്ചതോടെ ജലീലിനെതിരെയുള്ള പ്രതിഷേധവും പ്രചാരണവും സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്.

മൂസ്ലീം ലീഗിനൊപ്പം ചേർന്നു നിൽക്കുന്ന മത സംഘടനയാണ് ഇ.കെ സമസ്ത. സമസ്തയെ പേരെടുത്തു തന്നെ ജലീൽ വിമർശനവുമായെത്തി. ലീഗ് പറയുമ്പോൾ ആടുകയും പാടുകയും ചെയ്യുന്ന സംഘടനയാണ് സമസ്തയെന്നും ലീഗ് വനിതകളുടെ പരിപാടി സംഘടിപ്പിച്ചപ്പോൾ എന്തുകൊണ്ട് മുസ്ലിം സ്ത്രീകളോട് പങ്കെടുക്കരുതെന്നു പറഞ്ഞതെന്നും ജലീൽ പ്രസംഗ വേദികളിൽ തുറന്നടിച്ചു. എന്നാൽ മന്ത്രിയുടെ നിലവാരത്തകർച്ചയായാണ് മറ്റു സംഘടനകൾ ഇതിനെ വിലയിരുത്തിയത്. ഈ അടുത്തകാലത്തായി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളുമെല്ലാം മുസ്ലിം സംഘടനക്കുള്ളിൽ തന്നെ ജലീലിനെതിരെ വലിയ പ്രതിഷേധമുണ്ട്. കെ.ടി ജലീലിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ഇ.കെ സുന്നി നേതാക്കളും പ്രവർത്തകരും പിന്തുണ നൽകിയിരുന്നു. മന്ത്രിയായ ശേഷവും ജലീലിന് സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ജലീലിന്റെ തുടർച്ചയായുള്ള ഇത്തരം പ്രസ്താവനകൾ ഇവരെയും അകറ്റിയിട്ടുണ്ട്.

കാലങ്ങളായി ജലീലുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ.പി സമസ്ത. കണ്ണടച്ച് ജലീലിനെ പിന്തുണച്ചുവരുന്നവരാണ് എ.പി സുന്നികൾ. മന്ത്രിയായ ശേഷം ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകളിൽ എ.പി സുന്നികൾക്ക് പ്രത്യേക പരിഗണനയും നിയമനവും നൽകിയിരുന്നു. എന്നാൽ എ.പി സംഘടനക്കുള്ളിലും ജലീലിനെതിരെ പ്രതിഷേധം അണപൊട്ടിയിരിക്കുകയാണ്. മതനിയമങ്ങളെ ചോദ്യം ചെയ്യുന്ന മന്ത്രിമാരെ നിലയ്ക്കു നിറുത്തണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. മുമ്പ് എ.പി സുന്നികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ടി.കെ ഹംസയും, ആര്യാടൻ മുഹമ്മദും പിന്നീട് തള്ളിപ്പറഞ്ഞ പോലെ ജലീലിനെയും തിരിച്ചറിയണമെന്നാണ് അഭിപ്രായം. അതേസമയം ജലീലിനെ ന്യായീകരിച്ചും ഒറ്റപ്പെട്ട എ.പി സുന്നികൾ രംഗത്തെത്തുന്നുണ്ട്. വനിതാ മതിൽ അവസാനിച്ചതോടെ സിപിഎമ്മിനിടയിൽ മന്ത്രി ജലീലിന്റെ സ്വീകാര്യത വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ മതസംഘടനകൾ ജലീലിനെ അകറ്റുന്നത് സിപിഎമ്മിലെ സ്വീകാര്യതയെ സ്വാധീനിക്കും. മുമ്പ് സിമിയിൽ പ്രവർത്തിച്ചിരുന്ന കെ.ടി ജലീലിന് ജമാഅത്തേ ഇസ്ലാമിയുമായും അടുത്ത ബന്ധമാണ്. യൂത്ത് ലീഗിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പാർട്ടിവിട്ട് ഇടതു പാളയത്തിലെത്തിയത്. കൂടു മാറ്റത്തിലൂടെ ജലീലിന് നിരവധി ബന്ധങ്ങൾ മാറിമാറി ലഭിച്ചു. ഇത് വോട്ടാക്കുകയെന്നതായിരുന്നു ജലീൽ പയറ്റിയ തന്ത്രവും. അവസരമറിഞ്ഞു പ്രവർത്തിച്ചു വന്നിരുന്ന ജലീലിന് ചുവടു പിഴയ്ക്കാൻ തുടങ്ങിയതോടെയാണ് കൂടെനിന്ന സംഘടനകളും ജലീലിനു നേരെ തിരിഞ്ഞിരിക്കുന്നത്.

'ഇയാളെ അവഗണിക്കാൻ സമയം വൈകി' എന്ന തലക്കെട്ടോടു കൂടി എ.പി സുന്നി നേതാവ് വടശേരി ഹസ്സൻ മുസ്ലീയാർ മന്ത്രി.കെ.ടി ജലീലിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. എക്കാലത്തും ലീഗിനെ വിമർശിച്ചിരുന്ന വടശേരി ഹസൻ മുസ്ലിയാരുടെ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. ജലീൽ നിരീശ്വരവാദികളെ പോലും കടത്തിവെട്ടുകയാണെന്നും ലീഗ് വിരോധംകൊണ്ട് എന്തുംപുലമ്പാമെന്ന ഹുങ്ക് മനസിൽ വച്ചാൽ മതിയെന്നും പോസ്റ്റിൽ പറയുന്നു. കെഎം ഷാജിയുടെ ലഘുലേഖ വിഷയത്തിലെ ജലീലിന്റെ വിമർശനവും അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടുന്നു. സുന്നി സമ്മേളനങ്ങൾക്ക് മന്ത്രി പുംഗവർ ആവശ്യഘടകമല്ലെന്നും പതിനായിരക്കണക്കിനു സത്യവിശ്വാസികളെ വിളിച്ചു കൂട്ടി ഇത്തരം അൽപന്മാരെകൊണ്ട് പ്രസംഗിപ്പിക്കുന്നതുകൊണ്ട് യാതൊന്നും കിട്ടാനില്ലെന്നും അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹസൻ മുസ്ലിയാർ പോസ്റ്റിൽ പറയുന്നു. മിനുറ്റുകൾക്കുള്ളിൽ പോസ്റ്റ് വൈറലായി. ആയിരക്കണക്കിനു ഷെയറും ലൈക്കും കിട്ടി. എ.പി സുന്നി നേതാവിന്റെ കെ.ടി ജലീലിനെതിരെയുള്ള പോസ്റ്റ് പലർക്കും വിശ്വാസമായിട്ടില്ല.

വടശേരി ഹസൻ മുസ്ലിയാരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

'ഇയാളെ അവഗണിക്കാൻ സമയം വൈകി' മന്ത്രി കെ ടി ജലീൽ നിരീശ്വരവാദികളെ പോലും, കടത്തിവെട്ടുകയാണ്. ഇതൊന്നിച്ചുള്ള ഇയാൾ ഇന്നെഴുതിയ എഫ് ബി പോസ്റ്റ് വായിക്കുക. മലപ്പുറത്ത് കുറച്ച് പെൺകൂട്ടങ്ങളെ കണ്ട് ഇയാൾ നിലവിടുകയാണ്. ലീഗ് വിരോധം കൊണ്ട് എന്തും പുലമ്പാം എന്ന ഹുങ്ക് അങ്ങ് മനസ്സിൽ വച്ചാൽ മതി. അഴിക്കോട് എംഎൽഎയെ കേരളാ ഹൈക്കോടതി അയോഗ്യനാക്കാൻ ആധാരമായ ലഘുലേഖ വിശദീകരിച്ചു കൊണ്ട് ഇദ്ദേഹം നേരത്തെ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് തന്നെ തലച്ചോറിൽ അള്ളി പിടിച്ച നിരീശ്വരത്വം തൂറ്റിയിട്ടുണ്ട്. സ്വർഗവും നരകവും സ്വിറാത്വ് പാലവും ചൂണ്ടിക്കാട്ടിയുള്ള വോട്ട് പിടിത്തം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.

അത്തരം പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ചോദ്യം ചെയ്യാം.എന്നാൽ മുസ് ലിംകൾ വിശ്വസിക്കുന്ന സ്വർഗ്ഗത്തിൽ വിശ്വാസവും കർമ്മങ്ങളും ശരിയായവർ മാത്രമെ പ്രവേശിക്കുകയുള്ളൂ.കെ ടി ജലീലിനിപ്പോൾ ഈ വിശ്വാസം ഇല്ലങ്കിൽ മനസ്സ് പോലെ മസ്തിഷ്‌കവും കമ്യൂണിസ്റ്റായതുകൊണ്ടാവാം. സുന്നി സമ്മേളനങ്ങൾക്ക് മന്ത്രി പുംഗവർ അവശ്യ ഘടകമല്ല. പതിനായിരക്കണക്കിന് സത്യവിശ്വാസികളെ വിളിച്ച് കൂട്ടി ഇത്തരം അൽപന്മാരെ കൊണ്ട് പ്രസംഗിപ്പിക്കുന്നതുകൊണ്ട് യാതൊന്നും കിട്ടാനില്ല.അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP