Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചാരണം നടത്തുന്ന വനിതകൾ നിരാശപ്പെടേണ്ടി വരുമോ? നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടെങ്കിലും കേട്ടഭാവം നടിക്കാതെ ലീഗ് നേതൃത്വം; ഇങ്ങനെ ഒരുചർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്

സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചാരണം നടത്തുന്ന വനിതകൾ നിരാശപ്പെടേണ്ടി വരുമോ? നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടെങ്കിലും കേട്ടഭാവം നടിക്കാതെ ലീഗ് നേതൃത്വം; ഇങ്ങനെ ഒരുചർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്

ജംഷാദ് മലപ്പുറം

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് വനിതാസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനകളുയർന്നെങ്കിൽ ഇതുസംബന്ധിച്ചു യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സര രംഗത്തിറങ്ങാൻ ഇത്തവണ കൂടുതൽ വനിതാസ്ഥാനാർത്ഥികൾ സന്നദ്ധരായതിന് പിന്നാലെയാണ് സംസ്ഥാന ജനറൽസെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നത്.

എന്നാൽ വരുന്ന നിയമസഭയിലേക്ക് രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വനിതാലീഗും രംഗത്തുവന്നിരുന്നു. അതേസമയം വനിതകൾക്ക് രണ്ട് സീറ്റ് നൽകിയാൽ ഒന്നിൽ വിദ്യാർത്ഥി നേതാവിനെ പരിഗണിക്കണമെന്ന് വനിതാവിദ്യാർത്ഥി സംഘടന ഹരിതയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനിതകളെ പരിഗണിക്കുന്നതിൽ ചർച്ചയെ നടന്നിട്ടില്ലെന്നാണിപ്പോൾ സംസ്ഥാന ജനറൽസെക്രട്ടറി തന്നെ വ്യക്തമാക്കിയത്.

സീറ്റ് ആഗ്രഹവുമായി വനിതാനേതാക്കൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. രണ്ട് സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് നേതൃത്വത്തിന് ഔദ്യോഗികമായാണ് കത്തുനൽകിയത്. ഇടതുപക്ഷത്തെ സ്ത്രീപ്രാതിനിധ്യവും, പുതിയകാലത്ത് സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാതിരിക്കുന്നത് പാർട്ടിക്ക് ദോഷംചെയ്യുമെന്നും ഇവർ കത്തിൽ എടുത്തുപറഞ്ഞു.

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുൽസു എന്നിവരാണ് മത്സരിക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയും താൽപര്യം വ്യക്തമാക്കി. എന്നാൽ സ്ത്രീകളെ മത്സരിപ്പിക്കുന്ന കീഴ് വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലീഗിന്റെ നീക്കം.

1996ൽ ഖമറുന്നീസ അൻവർ മാത്രമാണ് നേരത്തെ മുസ്ലിംലീഗിൽനിന്നും നിയമസഭാ സ്ഥാനാർത്ഥിയായ ഏക വനിത. ഫാത്തിമ തഹ്ലിയ സ്വയം സ്ഥാനാർത്ഥികളായി രംഗത്തെത്തിയതായും പാർട്ടിക്കുള്ളിൽതന്നെ ആരോപണമുയർന്നിരുന്നു. ഇതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി മോഹവുമായി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമുഖമുള്ളവർ നിരാശപ്പെടേണ്ടിവരുമെന്നും കെ പി എ മജീദ് കണ്ണൂരിൽ വനിതാ ലീഗ് ജനപ്രതിനിധികൾ് നൽകിയ സ്വീകരണത്തിൽ തുറന്നടിച്ചു.

അതേസമയം സ്ത്രീപ്രാതിനിധ്യം ചർച്ചയാകുന്നത് പാർട്ടിക്ക് ക്ഷീണംചെയ്യുമെന്ന പേടിയും ലീഗിനുണ്ട്. ഇതുകൊണ്ടുതന്നെ അവസാന ഘട്ടത്തിൽ ഒരുസീറ്റ് ഇത്തവണ വനിതകൾക്കു നൽകുമെന്ന പ്രതീക്ഷയിൽതന്നെയാണ് വനിതാ നേതാക്കൾ.അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ആറ് സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചു രാഹുൽഗാന്ധി എംപിയുടെ സാന്നിധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയും ഫലം കണ്ടില്ല.

ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചർച്ചകളും പ്രതിസന്ധിയിലായിട്ടുണ്ട്. അനുനയശ്രമവുമായി കോൺഗ്രസ് നേതാക്കൾ ഇന്നലെ പാണക്കാട്ടെത്തിയിരുന്നു. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. എൽജെഡി, കേരള കോൺഗ്രസ് (എം) പാർട്ടികൾ യുഡിഎഫ് വിട്ട സാഹചര്യത്തിൽ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ വാദം. തുടർന്ന് ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ബുധനാഴ്ച രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയത്.

ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും പങ്കെടുത്തു. ലീഗിന് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ അർഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP