Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്ത്യൻ സമുദായ ആശങ്കകളെ ഉത്തേജിപ്പിക്കുന്ന ഒന്നും ചെയ്യേണ്ടതില്ല; തെക്കൻ ജില്ലകളിൽ പാർട്ടി ചുവടുറപ്പിക്കുന്നു എന്ന പ്രചാരണത്തിന് വളമിടാനും പാടില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ മുസ്ലിം ലീ​ഗിന്റെ ഓരോ നീക്കവും ശ്ര​ദ്ധയോടെ; അധികമായി ചോദിക്കുന്ന ആറ് സീറ്റുകളും വടക്കൻ ജില്ലകളിൽ

ക്രിസ്ത്യൻ സമുദായ ആശങ്കകളെ ഉത്തേജിപ്പിക്കുന്ന ഒന്നും ചെയ്യേണ്ടതില്ല; തെക്കൻ ജില്ലകളിൽ പാർട്ടി ചുവടുറപ്പിക്കുന്നു എന്ന പ്രചാരണത്തിന് വളമിടാനും പാടില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ മുസ്ലിം ലീ​ഗിന്റെ ഓരോ നീക്കവും ശ്ര​ദ്ധയോടെ; അധികമായി ചോദിക്കുന്ന ആറ് സീറ്റുകളും വടക്കൻ ജില്ലകളിൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ഒരു അവകാശ വാ​ദങ്ങളുമില്ലാതെ പരമാവധി സീറ്റുകൾ നേടാൻ മുസ്ലിം ലീ​ഗ്. തെക്കൻ ജില്ലകളിൽ പാർട്ടി ചുവടുറപ്പിക്കുന്നു എന്ന നിലയിലുള്ള പ്രചാരണങ്ങളെ ഫലപ്രദമായി തടയാനും മധ്യതിരുവിതാംകൂർ മേഖലയിലെ ക്രിസ്ത്യൻ വോട്ടുകൾ മുന്നണിക്ക് അനുകൂലമായി നിലനിർത്താനുമാണ് ലീ​ഗ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി തെക്കൻ ജില്ലകളിൽ പാർട്ടി പുതുതായി സീറ്റുകൾ ആവശ്യപ്പെടില്ല. എന്നാൽ, മലബാർ മേഖലയിൽ ആറു സീറ്റുകളിൽ കൂടി അവകാശവാദം ഉന്നയിക്കാനാണ് പാർട്ടി തീരുമാനം.

മുസ്‌ലിം ലീഗിന്റെ കയ്യിലേക്ക് യുഡിഎഫ് സംവിധാനം മാറുന്നു എന്ന ക്രിസ്ത്യൻ സമുദായ ആശങ്കകളെ ഉത്തേജിപ്പിക്കുന്ന ഒന്നും ചെയ്യേണ്ടതില്ല എന്നാണ് ലീഗ് തീരുമാനം. കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച 16 സീറ്റുകളും എൽജെഡി മത്സരിച്ചിരുന്ന അഞ്ച് സീറ്റുകളുമാണ് ഇക്കുറി യുഡിഎഫിൽ അധികം വരിക. ഇതിൽ എട്ട് സീറ്റുകളാണ് പിജെ ജോസഫ് വിഭാഗത്തിന് നൽകും. ബാക്കി 13 സീറ്റുകളിൽ ആറ് സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുക.യുഡിഎഫിനോട് അധികം ചോദിക്കുന്ന സീറ്റുകളിൽ തെക്കൻ ജില്ലകളിലെ സീറ്റുകൾ ഉൾപ്പെടുത്തേണ്ടെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. കേരള കോൺഗ്രസ് മാണി വിഭാഗവും എൽജെഡിയും വിട്ടുപോയതിലൂടെ അധികം വന്ന സീറ്റുകളിൽ ഒരു പങ്ക് ചോദിക്കും എങ്കിലും അത് മലബാർ മേഖലയിൽ തന്നെയാകും.

പാർട്ടിക്ക് ശക്തി ഇല്ലാത്ത സീറ്റുകളിൽ മത്സരിക്കേണ്ട എന്നാണ് തീരുമാനം. മാത്രമല്ല തെക്കൻ ജില്ലകളിലും ലീഗ് ചുവടുറപ്പിക്കുന്നു എന്ന ആരോപണം ഉയരാൻ അവസ്ഥയുണ്ടാക്കേണ്ട എന്ന രാഷ്ട്രീയ ആലോചനയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ മത്സരിക്കുന്ന സീറ്റൊഴിച്ച് പുതിയ സീറ്റുകളൊന്നും തെക്കൻ ജില്ലകളിൽ ചോദിക്കില്ല.

തവനൂർ, വടകര, കൂത്തുപറമ്പ്, കൽപ്പറ്റ, പട്ടാമ്പി, പേരാമ്പ്ര എന്നീ സീറ്റുകളാണ് യുഡിഎഫ് നേതൃത്വത്തോട് ചോദിക്കുക. നാല് സീറ്റുകളെങ്കിലും ലഭിക്കണം എന്ന് ഉറച്ച നിലപാടെടുക്കും. കെപിഎ മജീദിനെ പാർലമെന്ററി രംഗത്തേക്ക് തിരികെ കൊണ്ടുവരാനാണ് പാർട്ടി തീരുമാനം. മലപ്പുറം അല്ലെങ്കിൽ വേങ്ങര നിയമസഭ സീറ്റ് മജീദിന് നൽകും. പികെ കുഞ്ഞാലിക്കുട്ടിയും ഇതിൽ മജീദ് മത്സരിക്കാത്ത മണ്ഡലത്തിലായിരിക്കും ഇറങ്ങുക.

എംകെ മുനീർ കോഴിക്കോട് സൗത്തിലോ അല്ലെങ്കിൽ കൊടുവള്ളി നിയോജക മണ്ഡലത്തിലോ മത്സരിക്കും. കെഎം ഷാജി അഴീക്കോടോ അല്ലെങ്കിൽ കണ്ണൂരോ ജനവിധി തേടും. പിവി അബ്ദുൾ വഹാബ് രാജ്യസഭയിൽ തുടരണോ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന് വരും ദിവസങ്ങളിൽ തീരുമാനമാവും.

പികെ കുഞ്ഞാലിക്കുട്ടി രാജി വെക്കുന്നതോടെ ഒഴിവ് വരുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ എൻ ഷംസുദ്ദീനോ അബ്ദുൾ സമദ് സമദാനിയോ മത്സരിക്കും. ഷംസുദ്ദീനാണ് സാധ്യതയേറെ. ഷംസുദ്ദീൻ മലപ്പുറത്തേക്ക് മാറിയാൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏതെങ്കിലും യുവനേതാക്കളെ പരിഗണിക്കും. കല്പറ്റ സീറ്റിൽ മത്സരിക്കുവാൻ കെഎം ഷാജിക്ക് ആഗ്രഹമുണ്ട്. പക്ഷെ ലീഗിന് അത്ര ധൈര്യം പോരാ. മണ്ഡലത്തിലെ സാമുദായിക ബന്ധങ്ങൾ പരിശോധിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ലീഗ്.

അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവറിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽഹിയിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്നും അത് പാതിവഴിയിൽ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോരുന്നത് നല്ലൊരു കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലാണ് മുസ്ലിം സമുദായം ശിഥിലമായ കിടക്കുന്നത്. അവിടെ പ്രവർത്തനം കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോയത്. ബിജെപിയുടെ വിദ്വംസക പ്രവർത്തനങ്ങൾ നടക്കുന്നതും അവിടെയാണ്. അതുപേക്ഷിച്ച് കേരളത്തിലേക്ക് പോരുന്നത് അത്രനല്ലകാര്യമായി തോന്നുന്നില്ലെന്നും ഉമർ ഫൈസി പറഞ്ഞു.എൽഡിഎഫ് സർക്കാർ ഒരു മുസ്ലിം വിരുദ്ധ സർക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജമാഅത്തെ മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിർത്തണം എന്നാണ് സമസ്തയുടെ നിലപാട്. മതേതര പാരമ്പര്യമുള്ള പാർട്ടികൾ അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP