Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷണം ലഭിക്കാത്തതിനാൽ മുസ്ലിം ലീഗ് മന്ത്രിമാർ വിഴിഞ്ഞം കരാർ ഒപ്പിടൽ ചടങ്ങു ബഹിഷ്‌കരിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാൻ പോയതെന്നു വിശദീകരണം

ക്ഷണം ലഭിക്കാത്തതിനാൽ മുസ്ലിം ലീഗ് മന്ത്രിമാർ വിഴിഞ്ഞം കരാർ ഒപ്പിടൽ ചടങ്ങു ബഹിഷ്‌കരിച്ചു; തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാൻ പോയതെന്നു വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടപ്പോൾ പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുന്നതു സ്വാഭാവികമാണ്. കരാർ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുമ്പു തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് ഭരണകക്ഷിയിലെ തന്നെ പ്രധാനികളായ ഒരു സംഘം ചടങ്ങിൽ നിന്നു വിട്ടു നിന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഉമ്മൻ ചാണ്ടി മന്ത്രിസഭ തങ്ങളുടെ ഏറ്റവും വലിയ ചുവടുവയ്‌പെന്ന നിലയിൽ വിഴിഞ്ഞം കൊണ്ടുവന്നപ്പോൾ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ക്ഷണിച്ചില്ല എന്ന കാരണത്താലാണ് മുസ്ലിം ലീഗ് മന്ത്രിമാരോ മറ്റു നേതാക്കളോ ചടങ്ങിലേക്കു വരാത്തതെന്നാണു റിപ്പോർട്ടുകൾ.

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നതിനാലാണു തങ്ങൾ ചടങ്ങിൽ പങ്കെടുക്കാത്തതെന്ന വിശദീകരണമാണ് മുസ്ലിം ലീഗ് നേതാക്കൾ നൽകുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പാണക്കാട്ടാണു യോഗം ചേർന്നത്. യോഗത്തിൽ ലീഗിന്റെ മന്ത്രിമാർ എല്ലാവരും പങ്കെടുക്കുകയും ചെയ്തു.

വിഴിഞ്ഞം കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ താൻ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നു ലീഗ് യോഗത്തിനു ശേഷം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറത്ത് പരിപാടികളും ലീഗ് യോഗവും ഉള്ളതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്. പരിപാടിയിലേക്കു ക്ഷണമുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് 'ലീഗ് ക്ഷണിക്കപ്പെടേണ്ടവരല്ല, ക്ഷണിക്കുന്നവരാണ്' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ലീഗ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാറിന്റെ ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്തില്ലെന്നു പറഞ്ഞെങ്കിലും പദ്ധതിയോടുള്ള എതിർപ്പിനാലാണ് വിട്ടുനിന്നതെന്നാണു സൂചന.

വിഴിഞ്ഞം പദ്ധതി കരാർ ചിങ്ങം ഒന്നിനു തന്നെ ഒപ്പിടുമെന്നു മുമ്പു തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഈ വസ്തുത നിലനിൽക്കെ അടിയന്തിരമായി തെരഞ്ഞെടുപ്പിനെ കുറിച്ചു ചർച്ച ചെയ്യാൻ യോഗം വിളിച്ചത് പദ്ധതിയോടുള്ള എതിർപ്പിന്റെ ഭാഗമാണെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കരാർ വ്യവസ്ഥകളിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ലീഗ് നേരത്തെ ഉന്നയിച്ചിരുന്നതാണ്. അതു നടപ്പാക്കാത്തതും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതും ലീഗിന്റെ പ്രതിഷേധത്തിനു കാരണമായി. അതിനിടെ, തന്നെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണു മന്ത്രി രമേശ് ചെന്നിത്തലയും ചടങ്ങിൽ നിന്നു വിട്ടുനിന്നതെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

പദ്ധതി നടത്തിപ്പിൽ സുതാര്യത വരുത്തണമെന്ന് പ്രതിപക്ഷം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ മുഖവിലയ്‌ക്കെടുക്കാതിരുന്നതിനെ തുടർന്നാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. അതേസമയം, സ്വന്തം പാളയത്തിൽ നിന്നു തന്നെ എതിർപ്പുകളുയർന്നത് യുഡിഎഫിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP