Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കെ കെ ശൈലജ കഠിനാദ്ധ്വാനിയായ മന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ എന്നും കെപിസിസി പ്രസിഡന്റ്; അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല; നർമ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലർ ശ്രമിച്ചത് എന്നും കുറ്റപ്പെടുത്തൽ

കെ കെ ശൈലജ കഠിനാദ്ധ്വാനിയായ മന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ എന്നും കെപിസിസി പ്രസിഡന്റ്; അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല; നർമ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലർ ശ്രമിച്ചത് എന്നും കുറ്റപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിൽ വിവാ​ദം കനക്കവെ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുകഴ്‌ത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശൈലജയെ എന്നും സഹോദരിയായേ കണ്ടിട്ടുള്ളൂ എന്നും സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും സദാസമയവും കഠിനാദ്ധ്വാനിയായ മന്ത്രിയാണ് അവരെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം." ശൈലജയുമായും കുടുംബവുമായും ദീർഘവർഷത്തെ സൗഹൃദമുണ്ട്. സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. തിരിച്ചും സ്നേഹ ബഹുമാനത്തോടെ മാത്രമേ അവർ പെരുമാറിയിട്ടുമുള്ളൂ. അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. തികച്ചും ആകസ്മികമായി, നർമ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കാനാണ് ചിലർ ശ്രമിച്ചത്."-മുല്ലപ്പള്ളി പറ‌ഞ്ഞു.

നിപയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഞാൻ ചുക്കാൻ പിടിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവും ലീഗ് നേതാവ് എം.കെ.മുനീറും പറ‌ഞ്ഞ കാര്യങ്ങൾക്ക് അനുബന്ധമായി സംസാരിച്ചപ്പോഴാണ് ഈ പരാമർശമുണ്ടായത്. ദുരന്തത്തെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് മുനീർ പറ‌ഞ്ഞത്. നിപയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവർത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ട്രാൻസ്പോർട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതാണ് ഞാൻ പറഞ്ഞത്. അവർ മോണിട്ടർ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ അവിടെയെത്തിയിരുന്നില്ല.കോവിഡ് ഉണ്ടാകുന്നതിനു മുമ്പും ജനങ്ങളെ ആകർഷിക്കും വിധം നല്ല രീതിയിൽ പെരുമാറുന്ന മന്ത്രിയാണ് ശൈലജ. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാൻ അറിയാം. ചിരിക്കാത്ത ധാർഷ്ട്യമുള്ള നേതാക്കളാണ് സിപിഎമ്മിൽ കൂടുതൽ. റോക്ക് സ്റ്റാറിന്റെ അർത്ഥം അറിയാത്ത ആളൊന്നുമല്ല താൻ. അടുത്ത ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി റോക്കിങ് സ്റ്റാർ എന്ന് തെറ്റായി പറഞ്ഞതിനെ കുറിച്ച് ചോദിക്കാൻ ഒരു പത്രലേഖകനും തയ്യാറായില്ല.

മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പത്രസമ്മേളനത്തിൽ തടവുകാരിയാക്കി. ശബ്ദിക്കാൻ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയിൽ ശൈലജയ്ക്ക് കാര്യങ്ങൾ നന്നായി വിശദീകരിക്കാൻ കഴിയുമായിരുന്നു. അതിനവസരം നൽകാത്തത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ്. വിവാദം വളർത്തിയതിനു പിന്നിൽ സ്വന്തം പാർട്ടിക്കാരുണ്ടോയെന്നും, ഒറ്റപ്പെടുത്താൻ നീക്കമുണ്ടോയെന്നുമുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു." എന്നെ ഒറ്റപ്പെടുത്താൻ ഇതിനു മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. ഒറ്റപ്പെടുത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി." പിണറായിയുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. സ്നേഹ ബഹുമാനത്തോടെ പരസ്പരം ഇടപെട്ടിരുന്നു. ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടർന്നാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. ഇപ്പോൾ സംസാരിക്കുന്ന സാഹചര്യത്തിലല്ല. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും. കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ആരോ​ഗ്യ മന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് വിവാദമായതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ മലക്കം മറിച്ചിൽ. പ്രതിപക്ഷ നേതാവിന്റെ ഉപവാസം ഉദ്ഘാടനം ചെയ്യവേയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പരിഹാസം പേറുന്ന വിമർശനം മുല്ലപ്പള്ളി ചൊരിഞ്ഞത്. അന്ന് നിപ്പ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണു മന്ത്രിയുടെ ശ്രമമെന്നായിരുന്നു വിമർശനം. നിപ്പ കാലത്ത് ഗെസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നു പോയതെന്നും കുറ്റപ്പെടുത്തി. അതിന് ശേഷം മന്ത്രിയെ റോക് ഡാൻസർ എന്നാണ് ​ഗാർഡിയൻ പത്രം വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ മന്ത്രിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്ന എന്ന് പറഞ്ഞ് തന്റെ ഭാ​ഗം ന്യായീകരിക്കവെയാണ് മുല്ലപ്പള്ളി വീണ്ടും ശൈലജ ടീച്ചർക്കെതിരെ പരിഹാസത്തിന്റെ ഭാഷ പുറത്തെടുത്തത്. ​ഗാർഡിയൻ പത്രം ശൈലജ ടീച്ചറെ റോക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചതിനെയാണ് മുല്ലപ്പള്ളി വിശദീകരിച്ചത്. എന്നാൽ റോക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചത് മന്ത്രിയുടെ ചടുല നീക്കങ്ങളെ സൂചിപ്പിക്കാനാണ് എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടും മുല്ലപ്പള്ളി തിരുത്താൻ്‍ തയ്യാറായില്ല.

ലണ്ടൻ ഗാർഡിയൻ എന്ന ഓൺലൈൻ മാധ്യമം റോക്ക് സ്റ്റാർ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനർത്ഥം റോക്ക് ഡാൻസർ എന്നാണെന്ന് മുല്ലപ്പള്ളി തറപ്പിച്ച് പറഞ്ഞു. കോവിഡ് റാണിയെന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ച നടപടിയിൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മുല്ലപ്പള്ളി. ആരോഗ്യമന്ത്രി കോവിഡ് പ്രതിരോധത്തിൽ ശ്ലാഘനീയമായ പ്രവർത്തനമാണ് നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ലണ്ടൻ ഗാർഡിയൻ പറഞ്ഞത് ‘ The coronavirus slayer! How Kerala’s rock star health minister helped save it from Covid-19’ എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്‌സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാൻസറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാൻസറായിട്ടുള്ള മന്ത്രി കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളിൽ ഇതുകൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്ത് സർക്കാരിന് വിജയിക്കാൻ സാധിച്ചില്ലെന്നും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല. ഞാൻ ഒരാളെക്കുറിച്ചും ഒരു പരാമർശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താൻ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതിൽ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ആവർത്തിച്ച് ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP