Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുല്ലപ്പള്ളിയുടെ 'തലയെണ്ണൽ' ഫലം കണ്ടു തുടങ്ങി; സമരം ആഹ്വാനം ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടപ്പില്ല; റഫേൽ അഴിമതിക്കെതിരായെ ധർണയിൽ പങ്കെടുക്കാൻ നേതാക്കൾ കൂട്ടത്തോടെയെത്തി; കാരണമില്ലാതെ സമരത്തിൽ പങ്കെടുക്കാത്തവർക്ക് നടപടിയുറപ്പ്; കോൺഗ്രസിനെ കേഡർ പാർട്ടിക്ക് സമാനമാക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമത്തിന് കൈയടിച്ച് കോൺഗ്രസ് അണികൾ; പാർട്ടി ഉയർത്തെഴുനേൽക്കുമെന്ന് നേതാക്കളും

മുല്ലപ്പള്ളിയുടെ 'തലയെണ്ണൽ' ഫലം കണ്ടു തുടങ്ങി; സമരം ആഹ്വാനം ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടപ്പില്ല; റഫേൽ അഴിമതിക്കെതിരായെ ധർണയിൽ പങ്കെടുക്കാൻ നേതാക്കൾ കൂട്ടത്തോടെയെത്തി; കാരണമില്ലാതെ സമരത്തിൽ പങ്കെടുക്കാത്തവർക്ക് നടപടിയുറപ്പ്; കോൺഗ്രസിനെ കേഡർ പാർട്ടിക്ക് സമാനമാക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമത്തിന് കൈയടിച്ച് കോൺഗ്രസ് അണികൾ; പാർട്ടി ഉയർത്തെഴുനേൽക്കുമെന്ന് നേതാക്കളും

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും അനുസരണ പഠിച്ചു തുടങ്ങി. പാർട്ടി പരിപാടികളിൽ ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യം ഉറപ്പാക്കുമെന്ന കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം കണ്ണൂരിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.  റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാറിനെതിരെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ധർണാ സമരമാണ് നേതാക്കളുടേയും താഴെ തലം വരെയുള്ള ഭാരവാഹികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. 93 മണ്ഡലം പ്രസിഡണ്ടുമാരിൽ പുനഃസംഘടന വഴി ഭാരവാഹിത്വം ലഭിച്ച 58 പേരും പഴയ മണ്ഡലം പ്രസിഡണ്ടുമാരടക്കം 68 പേരും ധർണയിൽ പങ്കെടുത്തു. ജില്ലാ കോൺഗ്രസ്സ് ഭാരവാഹികളിൽ 79 പേരിൽ 67 പേരും ധർണയിൽ ആദ്യാവസാനം സാന്നിധ്യമറിയിച്ചു.

മറ്റുള്ളവർ കാരണം ബോധിപ്പിച്ചു കൊണ്ട് അവധി അപേക്ഷിക്കുകയും ചെയ്തു. 23 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ രണ്ട് പേരൊഴിച്ച് മറ്റെല്ലാവരും പങ്കെടുത്തു. പോഷക സംഘടനാ നേതാക്കളും സമരത്തിൽ സജീവമായി. ജില്ലയിലെ മണ്ഡലം പ്രസിഡണ്ടുമാർ, ബ്ലോക്ക് പ്രസിഡണ്ടുമാർ, കെപിസിസി. ഭാരവാഹികൾ, ഡി.സി.സി. ഭാരവാഹികൾ എന്നിവരായിരുന്നു ധർണയിൽ പങ്കെടുക്കേണ്ടത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തലയെണ്ണി ഹാജരെടുക്കാൻ ഒരു ഡി.സി.സി. ജനറൽ സെക്രട്ടറി രജിസ്ട്രറുമായി ഓരോ അംഗത്തിന്റേയും അടുക്കലെത്തുന്നുണ്ടായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടേയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. അവധി അപേക്ഷിക്കാതേയോ കാരണം ബോധ്യപ്പെടുത്താതേയോ ധർണയിൽ പങ്കെടുക്കാത്തവരെ വിവരങ്ങൾ തയ്യാറാക്കി കെപിസിസി ക്ക് കൈമാറും.

കോൺഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ്, സണ്ണി ജോസഫ് എംഎൽഎ. , മുൻ എം. പി. എ.പി. അബുദുള്ളക്കുട്ടി, പ്രൊഫ. എ.ഡി. മുസ്തഫ, മറ്റ് മുൻ എംഎൽഎ മാർ എന്നിവരും ധർണയിൽ ആദ്യാവസാനം വരെയുണ്ടായി. ഇത്തരമൊരു തലയെണ്ണലും പങ്കെടുക്കാത്തവരുടെ വിവര ശേഖരണവും കോൺഗ്രസ്സിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ഏതാണ്ട് ആയിരത്തോളം പേർ ധർണാ സമരത്തിൽ പങ്കെടുത്തു. കെ.പി.സ,ി.സി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ ധർണ ഉദ്്ഘാടനം ചെയ്തു. നാണില്ലാത്തവന്റെ മൂട്ടിൽ ആലുകിളർത്താൽ അത് കാണാൻ നല്ല ചേലാണ് എന്നു പറയുമ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസ്ഥയെന്ന് കെ.സുധാകരൻ പറഞ്ഞു. മണി പവറിനും മസിൽ പവറിനും അംബാനിയെ കൂട്ടു പിടിക്കുകയാണ് ബിജെപി.യെന്ന് സുധാകരൻ ആരോപിച്ചു. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അധ്യക്ഷനായിരുന്നു.

കോൺഗ്രസിന്റെ പതിവ് ആൾക്കൂട്ട രീതിവിട്ട് കേഡർ രീതിയിൽ പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ മുല്ലപ്പള്ളി പാർട്ടി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ തന്നെ തുടങ്ങിയിരുന്നു.പതിവ് ആരവങ്ങളോ മുദ്രാ വാക്യങ്ങളോ ഇല്ലാതെയാണ് കെപിസിസി. പ്രസിഡണ്ടായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയത്. വെല്ലുവിളിയോ പോർവിളിയോ ഇല്ലാതെയുള്ള പ്രസംഗവും കണ്ണൂരിലെ കോൺഗ്രസിന് പുതുമയായി. എന്നാൽ പറയേണ്ടതെല്ലാം പറഞ്ഞും മുല്ലപ്പള്ളി ശരിക്കും കെ.പി.സി. സി. പ്രസിഡണ്ടായി. 'എനിക്കറിയാം. എന്നെക്കാൾ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്. ബട്ട് ഐ.ആം ദി ക്യാപ്റ്റൻ'. കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ മുന്നിൽവച്ചാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്. തീർത്തും ഒരു കേഡർ പാർട്ടിയിലേത് പോലെ പുതിയ ശൈലിയും പുതിയ രീതിയും ഭാരവാഹികളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.

കെപിസിസി. പ്രസിഡണ്ടായി നിയോഗിക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് വൻ സ്വീകരണമൊരുക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ തനിക്കുള്ള സ്വീകരണം ലളിതമാക്കണമെന്ന് മുല്ലപ്പള്ളി തന്നെ ആവശ്യപ്പെടുകയായിരുന്നു. സംഘടനയെ അടിത്തട്ടിൽ നിന്നും ശക്തമാക്കാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP